നടന്‍ റഹ്മാന്‍ മമ്മൂട്ടിയെക്കുറിച്ച്

മമ്മൂട്ടി എന്ന മഹാനടന്‍

കളിയും ചിരിയും ഇത്തിരി കാര്യങ്ങളും - 5

റഹ്മാന്‍

മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. 'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തുമ്പോള്‍ മമ്മുക്ക സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളു. പക്ഷേ, അപ്പോള്‍ തന്നെ സിനിമയില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു.
ഊട്ടിയില്‍ പഠിച്ചിരുന്നതിനാല്‍ കുറെ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നില്ല. നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോള്‍ അറിവുണ്ടായിരുന്നുള്ളു.
നാട്ടില്‍ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു: ഫെയറിലാന്‍ഡ്. ഊട്ടിയില്‍ പോകുന്നതിനു മുന്‍പുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയന്‍ അഭിനയിച്ച 'അങ്ങാടി'യായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റ് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്പൂരില്‍ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.
സ്കൂളില്‍ നാടകങ്ങളിലൊക്കെ ഞാന്‍ വേഷമിട്ടിട്ടുണ്ട്. മറ്റ് കലാപരിചയമൊന്നുമില്ല. എന്റെ ഡാഡിയുടെ പേര് അബ്ദുല്‍ റഹ്മാന്‍ എന്നായിരുന്നു. അബുദാബിയില്‍ സിവിള്‍ എന്‍ജിനിയറായി ജോലി നോക്കുകയായിരുന്നു അദ്ദേഹമപ്പോള്‍. അബുദാബിയില്‍ ജോലി തേടി പോകും മുന്‍പു വരെ കോഴിക്കോടന്‍ നാടകവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 'ജ്ജ് നല്ല മനുസനാവാന്‍ നോക്ക്' എന്ന നാടകത്തില്‍ അദ്ദേഹം നായകനായിരുന്നു. കലാലോകവുമായുള്ള എന്റെ ആകെയുള്ള ബന്ധവും ഡാഡിയുടെ ഈ നാടകപാരമ്പര്യമായിരുന്നു.
'കൂടെവിടെ'യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തുറിച്ചൊന്നു നോക്കി. 'ഇതാണോ പയ്യന്‍?' എന്ന മട്ടില്‍.
മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തോടു ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോകുന്ന കോമ്പിനേഷന്‍ സീനാണ് ആദ്യമെടുത്തത്. മമ്മുക്കയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നതിനാല്‍ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീന്‍ ഞാന്‍ അഭിനയിച്ചു. 'ടോണ്ട് ടോക്ക് നോണ്‍സെന്‍സ്' എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും.
ആദ്യ ചിത്രത്തിന്റെ സെറ്റില്‍വച്ച് അത്രയൊന്നും അടുപ്പം ഞങ്ങള്‍തമ്മില്‍ രൂപപ്പെട്ടില്ല. ഒരു പുതിയ പയ്യന്‍ എന്നതില്‍ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രം. ആ ചിത്രത്തോടെയാണ് ശരിക്കും ഒരു താരമൂല്യമൊക്കെ എനിക്കു കിട്ടുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ തൊട്ടുപിന്നാലെ വന്നു.
സാജന്റെ 'തമ്മില്‍ തമ്മില്‍', ശശികുമാറിന്റെ 'എന്റെ കാണാക്കുയില്‍', സാജന്റെ തന്നെ 'എന്നു നാഥന്റെ നിമ്മി', കൊച്ചിന്‍ ഹനീഫയുടെ 'ആണ്‍കിളിയുടെ താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്റെ കഥാപാത്രത്തെക്കാള്‍ ചെറിയ വേഷങ്ങളില്‍ ഒരു മടിയും കൂടാതെ മമ്മുക്ക അഭിനയിച്ചു.
തമിഴില്‍ തിരക്കായ ശേഷം മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചത്. ഐ.വി. ശശിയുടെ 'മുക്തി', ജി.എസ്. വിജയന്റെ 'ചരിത്രം' തുടങ്ങിയ ചിത്രങ്ങളില്‍ മമ്മുക്കയ്ക്കൊപ്പമായിരുന്നു അത്.
രഞ്ജിത്തിന്റെ 'ബ്ളാക്കി'ലൂടെ ഇപ്പോള്‍ തിരിച്ചുവന്നപ്പോഴും നായകനായി മമ്മുക്കയുണ്ടായിരുന്നു. ബ്ളാക്കില്‍ മമ്മുക്കയെ എതിര്‍ക്കുന്ന പൊലീസ് ഒാഫിസറായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതില്‍. രഞ്ജിത്ത് സീന്‍ പറഞ്ഞുതന്നപ്പോള്‍ എനിക്കൊരൂ മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാല്‍ മമ്മുക്ക തന്നെ.
എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; 'ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..' എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി.
'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. തിരിച്ചുവരവാണ്. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെന്‍ഷന്‍. ആദ്യ ദിവസങ്ങളില്‍ എടുത്ത പല സീനുകളിലും മമ്മുക്കയുടെ പിറകില്‍ വെറുതെ നില്‍ക്കുക മാത്രമായിരുന്നു പണി.
തിരിച്ചുവരവില്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ എനിക്കു മടി തോന്നി. റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു.
സെറ്റില്‍ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. 'നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളില്‍ ഞാനിതുപോലെ ചെറിയ വേഷങ്ങളില്‍ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക''-- ഇതായിരുന്നു മമ്മുക്കയുടെ മറുപടി.
പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ 'തിര്വന്തോരം' സ്റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷന്‍ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമായി അതു മാറി. ആദ്യം പേടിച്ചതുപോലെയൊന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടല്‍ കൂടിയുണ്ടോ എന്നറിയില്ല. ഡാന്‍സും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു.
മമ്മൂക്ക കഴിഞ്ഞാല്‍ എന്റെ ജ്യേഷ്ഠനായി സിനിമകളില്‍ കൂടുതല്‍ തവണ അഭിനയിച്ചിട്ടുള്ള നടന്‍ ലാലേട്ടനാണ്. ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ച് ഏഴോ എട്ടോ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവര്‍ രണ്ടു പേരെയും പലപ്പോഴും ഞാന്‍ താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ട്. എന്റെ അന്നത്തെ കണ്ടത്തലുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
(തുടരും)

റഹ്മാന്‍ ഭരതനെക്കുറിച്ച്

കളിയും ചിരിയും ഇത്തിരി കാര്യങ്ങളും - 4

ഭരതേട്ടനെ ഒാര്‍ക്കുമ്പോള്‍...

റഹ്മാന്‍

ബോണ്‍ ആക്ടര്‍ എന്നൊക്കെ പറയില്ലേ. എനിക്ക് അങ്ങനെ ജന്മനായുള്ള അഭിനയസിദ്ധിക്കളൊന്നുമില്ലെന്ന് എനിക്കു നന്നായി അറിയാം. ഞാന്‍ അഭിനയം പഠിക്കുകയായിരുന്നു. എന്റെ സംവിധായകരില്‍ നിന്ന്, മുതിര്‍ന്ന താരങ്ങളില്‍ നിന്ന്, എന്റെ സഹനടന്‍മാരില്‍ നിന്ന്...
എന്നെ ഒരു നടനാക്കി രൂപപ്പെടുത്തിയെടുത്തതില്‍ ഇവര്‍ക്കൊക്കെ വലിയ പങ്കുണ്ട്. അതില്‍തന്നെ പത്മരാജന്‍, ഭരതന്‍ എന്നീ പേരുകള്‍ മറക്കാനാവില്ല. പപ്പേട്ടനെപ്പോലെ തന്നെ എന്നെ ഇക്കാര്യത്തില്‍ ഏറെ സഹായിച്ചയാളാണു ഭരതേട്ടന്‍.
പല കാര്യങ്ങളിലും പപ്പേട്ടനും ഭരതേട്ടനും ഒരു പോലെയാണ്. സിനിമയുടെ പ്രമേയത്തിലും അവതരണത്തിലുമൊക്കെ ഒരു ഭരതന്‍, അല്ലെങ്കില്‍ പത്മരാജന്‍ ടച്ച് എപ്പോഴും ഉണ്ടാവും. പക്ഷേ, സെറ്റില്‍ രണ്ടുപേരും രണ്ടുതരത്തിലാണ്.
കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ചാണ് ഞാന്‍ ഭരതേട്ടനെ ആദ്യമായി കാണുന്നത്. 'ഇത്തിരപ്പൂവേ ചുവന്ന പൂവേ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത് അങ്ങനെയാണ്. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു അത്.
മധുസാറും മമ്മൂക്കയും ശോഭനയുമൊക്കെ ഈ ചിത്രത്തിലുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ നട്ടെല്ല് എന്റെ കഥാപാത്രമായിരുന്നു. നിലമ്പൂരില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എന്റെ നാട്ടില്‍ വച്ചുതന്നെ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍.
സിനിമാസെറ്റില്‍ ഭരതേട്ടന്‍ എപ്പോഴും വളരെ കൂളാണ്. തമാശകളൊക്കെ പറഞ്ഞ്, നമ്മളെ ഒരു പ്രത്യേക മൂഡിലേക്ക് കൊണ്ടുവരും. നമ്മുടെ വീട്ടില്‍ നടക്കുന്ന ഒരു സംഭവം പോലെ സിനിമയുടെ കഥ നമുക്ക് അനുഭവപ്പെടും.
ഒരു വീട്ടില്‍ തന്നെയായിരുന്നു ഏതാണ്ട് മുപ്പതു ദിവസത്തോളം ഇത്തിരൂപ്പൂവേ ചുവന്ന പൂവേയുടെ ഷൂട്ടിങ്. എല്ലാവരും ഒന്നിച്ചിരുന്ന് തമാശകള്‍ പറയും, ഒന്നിച്ചു ഭക്ഷണം കഴിക്കും. നമ്മുടെ സീനുകള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞാലും ഹോട്ടല്‍ റൂമിലേക്ക് പോകാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. ഹോട്ടലില്‍ പോയി ബോറടിച്ച് ഇരിക്കുന്നതിലും എത്രയോ നല്ലതാണ് ഭരതേട്ടന്റെ സെറ്റില്‍ ആ കുടുംബാന്തരീക്ഷത്തില്‍ ഇരിക്കുന്നത്.
എനിക്ക് ഒത്തിരി പ്രശംസ കിട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു ഭരതേട്ടന്റെ 'ചിലമ്പ്'. ശോഭനയായിരുന്നു ഈ ചിത്രത്തിലും എന്റെ നായിക. ബാബു ആന്റണി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചിലമ്പ്.
കരാട്ടെക്കാരനായ ബാബു ആന്റണിയുടെ കഥാപാത്രവുമായി കളരി അഭ്യാസിയായ ഞാന്‍ ഏറ്റമുട്ടുന്ന സീനുകള്‍ പടത്തിലുണ്ട്. കളരി ഗുരുവിനെ കൊണ്ടുവന്ന് എനിക്കു പരിശീലനം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ഭരതേട്ടന്‍ ചെയ്തിരുന്നു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ തന്നെ ഞാന്‍ കളരിപഠിക്കാനും തുടങ്ങി.
ഭരതേട്ടന്‍ സ്വന്തമായി നിര്‍മിച്ച ചിത്രം കൂടിയായിരുന്നു ചിലമ്പ്. കഥ രൂപമായപ്പോള്‍ തന്നെ ഭരതേട്ടന്‍ എന്നെ വിളിച്ചുപറഞ്ഞു: ''നല്ലൊരു കഥയുണ്ട്. നമുക്ക് ചെയ്യാം.''
ആ വേഷം ചെയ്യാന്‍ മറ്റുപല നടന്‍മാരും ആഗ്രഹിച്ചിരുന്നു. പലരും ഭരതേട്ടനോടു നേരിട്ടു ചോദിക്കുകയും ചെയ്തു. പക്ഷേ, എന്നെ മാറ്റി മറ്റൊരാളെ വയ്ക്കുന്നതിനെക്കുറിച്ച് ഭരതേട്ടന്‍ ചിന്തിച്ചുപോലുമില്ല.
ഭരതേട്ടനെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിരിതൂകി നില്‍ക്കുന്ന ആ മുഖമാണ് മനസില്‍ തെളിഞ്ഞുവരുന്നത്. ദേഷ്യപ്പെടുന്ന ഒരു മുഖം അദ്ദേഹത്തിന്റേതായി ഞാന്‍ കണ്ടിട്ടില്ല. ഷോട്ടെടുക്കും മുന്‍പ് എങ്ങനെവേണമെന്ന് ഭരതേട്ടന്‍ അഭിനയിച്ചുതന്നെ കാണിച്ചുതരും. ഡയലോഗ് പ്രസന്റേഷന്‍ എങ്ങനെ വേണമെന്നു പറഞ്ഞുതരും. ശബ്ദവ്യത്യാസമൊക്കെ വരുത്തി അത് ഭരതേട്ടന്‍ അഭിനയിച്ചു കാണിച്ചുതരുമായിരുന്നു.
നടന്‍മാരുടെ മനസു കൂടിയ കണ്ടിട്ടായിരുന്നു അദ്ദേഹം സിനിമ പ്ളാന്‍ ചെയ്തിരുന്നതും ഷോട്ടുകളെടുത്തിരുന്നതും. നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്ന പ്രകടനം വന്നില്ലെങ്കിലും ഭരതേട്ടന്‍ ക്ഷുഭിതനാവില്ല. മറ്റു പല സംവിധായകരും അതോടെ അസ്വസ്ഥരാകും. അതോടെ നമ്മുടെ ടെന്‍ഷനും കൂടും. അഭിനയം കൂടുതല്‍ മോശമാവുകയാവും അപ്പോള്‍ സംഭവിക്കുക. ഭരതേട്ടന് ഇതറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സന്ദര്‍ഭങ്ങള്‍ അദ്ദേഹം സെറ്റില്‍ ഒഴിവാക്കാന്‍ ശ്രമിച്ചു.
പപ്പേട്ടനെപ്പോലെ തന്നെ ഭരതേട്ടനും എന്നോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. മറ്റുള്ളവരോടു പെരുമാറുന്നപോലെയായിരുന്നില്ല എന്നോട്. ഒരു വാത്സല്യം. ഒരു സോഫ്റ്റ് കോര്‍ണര്‍. ഒരു നടനായല്ല, മകനായാണ് എന്നെ കണ്ടിരുന്നത്. ആ ഒരു ബഹുമാനം ഭരതേട്ടനോടു ഞാനും കാണിച്ചിരുന്നു.
മദ്രാസില്‍ ഭരതേട്ടന് ഒരു പ്ളോട്ടുണ്ടായിരുന്നു. അവിടെവച്ചായിരുന്നു 'ചിലമ്പി'ന്റെ പാട്ടുസീനുകള്‍ ചിത്രീകരിച്ചത്. ഒരു ദിവസം ഷൂട്ടിങ്ങിനെ മഴ തടസപ്പെടുത്തി. മറ്റു സംവിധായകരെ പോലെ മഴയെ പഴിക്കുവാനോ ടെന്‍ഷനടിക്കാനോ ഒന്നും ഭരതേട്ടന്‍ നിന്നില്ല. ''ഇപ്പോള്‍ വരാ'മെന്നു പറഞ്ഞ് അദ്ദേഹം പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ കുറെ ഇളനീരുമായി അദ്ദേഹമെത്തി. എല്ലാവരും അത് പങ്കുവച്ചു കഴിച്ചു. ഈ ഒരു സമീപനമായിരുന്നു ഭരതേട്ടന്റേത്.
ഭരതേട്ടനും പപ്പോട്ടനും എഃ്നെ കാണുന്ത് ഒരു നടനെ കാണുന്ന പോലെയായിരുന്നില്ല. ഒരു മകനോടെന്ന പോലുള്ള വാത്സല്യമായിരുന്നു അവര്‍ക്ക് എന്നോട്. മറ്റുള്ളവരോടു പെരുമാറുന്ന പോലെയായിരുന്നില്ല എന്നോടുള്ള ഇടപെടലും.
'ഇത്തിരിപ്പൂവേ ചൂവന്ന പൂവേ'യില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം ഭരതേട്ടന്‍ എന്നെ മുറിയിലേക്ക് വിളിച്ചു. 'ഋഷിശ്രംഗന്‍' എന്നൊരു സിനിമ അദ്ദേഹം ചെയ്യുന്നുവെന്നു പറഞ്ഞ് അതിലെ നായകവേഷം ചെയ്യാന്‍ ആവശ്യപ്പെട്ടു. സന്തോഷത്തോടെ ഞാനതു സമ്മതിച്ചു. പക്ഷേ, മറ്റുപലകാരണങ്ങള്‍ കൊണ്ടു ചിത്രം നീണ്ടുനീണ്ടു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഭരതേട്ടന്‍ തന്നെ 'വൈശാലി' എന്ന പേരില്‍ ആ ചിത്രം ചെയ്തു. പക്ഷേ, എന്തുകൊണ്ടോ അപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചില്ല. ഒരുപക്ഷേ, അപ്പോഴേക്കും ഞാനൊരു അറിയപ്പെടുന്നതാരമായി കഴിഞ്ഞിരുന്നു എന്നതുകൊണ്ടാവാം. ഒരു പുതുമുഖം തന്നെ ആ വേഷം ചെയ്യണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
ഭരതേട്ടന്‍ എനിക്കായി ഒരുക്കിവച്ച ആ നല്ല വേഷം നഷ്ടമായതിന്റെ വിഷമം ഇപ്പോഴും എന്നില്‍ ബാക്കികിടപ്പുണ്ട്.

(തുടരും)

റഹ്മാന്‍ സത്യന്‍ അന്തിക്കാടിനെക്കുറിച്ച്

ആദ്യ ബൈക്ക് യാത്രയും സത്യന്‍ ചിത്രവും

കളിയും ചിരിയും ഇത്തിരി കാര്യങ്ങളും-3

റഹ്മാന്‍

വിദേശത്തുള്ള സുഹൃത്തുക്കള്‍ വഴിയാണ് ഞാന്‍ ആ ബൈക്ക് സംഘടിപ്പിച്ചത്. 750 സിസിയുള്ള ഒരു യമഹ ആര്‍ഡി.
'കൂടെവിടെ' കഴിഞ്ഞപ്പോള്‍ ഒരു ഫിയറ്റ് വാങ്ങിയിരുന്നു. പക്ഷേ, അപ്പോഴും ബൈക്ക് ഒാടിക്കാന്‍ പഠിച്ചിരുന്നില്ല. രണ്ടാമത്തെ ചിത്രമായ 'കളിയില്‍ അല്‍പം കാര്യ'ത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു. മറ്റൊരു വേഷത്തില്‍ മോഹന്‍ലാലുമുണ്ട്. ലാലേട്ടനൊപ്പമുള്ള എന്റെ ആദ്യ ചിത്രം.
ബൈക്ക് ഒാടിക്കാന്‍ പഠിക്കണമെന്നും പുതിയൊരെണ്ണം വാങ്ങാന്‍ കാശുണ്ടാക്കണമെന്നും മനസില്‍ കരുതിയിരുന്ന എന്നോടു സത്യേട്ടന്‍ വന്നു പറഞ്ഞു: ''ബൈക്ക് ഒാടിക്കനറിയില്ലെങ്കില്‍ പഠിക്കണം. ചിത്രത്തില്‍ ആവശ്യമായി വരും.''
സത്യേട്ടനു മനസു കൊണ്ടു നന്ദി പറഞ്ഞ് ഞാന്‍ ബൈക്ക് പഠനം ആരംഭിച്ചു. എന്റെ സമപ്രായക്കാരനും നിര്‍മാതാവിന്റെ മകനുമായ സാന്റിയുടെ രാജ്ദൂത് ബൈക്കിലായിരുന്നു പഠനം. വളരെ വേഗം ഞാന്‍ ബൈക്ക് എക്സ്പര്‍ട്ട് ആയി.
സത്യേട്ടനുമൊത്തുള്ള എന്റെ രണ്ടാമത്തെ ചിത്രമായപ്പോഴേക്കുമാണ് യമഹ 750 വാങ്ങുന്നതും അതില്‍ കയറി സഞ്ചാരം തുടങ്ങുന്നതും. സത്യേട്ടനുമായുള്ള നാലാമത്തെ ചിത്രത്തോടെ ആ മോഹം അവസാനിക്കുകയും ചെയ്തു. ആ കഥയാണു പറഞ്ഞുവരുന്നത്.
യഹമ വാങ്ങിയ ശേഷം എവിടെ ഷൂട്ടിങ്ങിനു പോയാലും ബൈക്കിലായി യാത്ര. ദീര്‍ഘദൂരയാത്രകളെങ്കിലും കാറില്‍ പോകാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചവരെയൊക്കെ ബൈക്കാണ് രസമെന്നു പറഞ്ഞ് ഞാന്‍ ധിക്കരിച്ചു. അങ്ങനെ കുറെക്കാലം പോയി. സത്യേട്ടന്റെ 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാകാന്‍ എറണാകുളത്തേക്കു പോയതും ഈ ബൈക്കില്‍ തന്നെ.
അങ്ങനെയൊരു ദിവസം ഷൂട്ടിങ് പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. അതുകഴിഞ്ഞ് എല്ലാവരും തന്നെ മടങ്ങി. കോസ്റ്റ്യൂമര്‍ ഏഴുമലൈയെയും കൂടെ കൊണ്ടുപോകാന്‍ വേണ്ടി കുറച്ചുനേരം കൂടി ഞാന്‍ കാത്തുനിന്നു. ഒടുവില്‍ ഏഴുമലൈ വന്നു. ഞങ്ങള്‍ കൊച്ചിനഗരത്തിലേക്ക് വച്ചുപിടിച്ചു.
പുലര്‍ച്ചെ നാലിനടുത്തായി സമയം. റോഡില്‍ വളരെ അപൂര്‍വം വാഹനങ്ങള്‍ മാത്രം. വിദേശ ബൈക്കിന്റെ സുഖത്തില്‍ അതിവേഗം പാഞ്ഞുകൊണ്ടിരുന്ന ഞാന്‍ അറിയാതെ ഒരു നിമിഷം ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്‍പില്‍ ഡിവൈഡര്‍. വെട്ടിച്ചപ്പോള്‍ വണ്ടി പാളിമറിഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ തൊട്ടുമുന്നിലാണ് സംഭവം. പകല്‍ വല്ലതുമായിരുന്നെങ്കില്‍...ഒാര്‍ക്കാന്‍ കൂടി വയ്യ.
ഞാന്‍ എഴുന്നേറ്റു. പക്ഷേ, ഏഴുമലൈയെ കാണാനില്ല. രാത്രിയുടെ കൂരിരുട്ടില്‍ ഞാന്‍ ഏഴുമലൈയെ തിരഞ്ഞു. സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ കണ്ടു, അല്‍പം മാറി ഏഴുമലൈ കിടക്കുന്നു. അരയ്ക്കു മുകളിലോട്ടു മാത്രമേ കാണാനുള്ളു.
വിറച്ചുവിറച്ചാണ് ഞാന്‍ അടുത്തു ചെന്നത്. ഒരു ഒാടയില്‍ കിടക്കുകയാണ് കക്ഷി. കുറെ വിളിച്ചിട്ടും ഏഴുമലൈ എഴുന്നേല്‍ക്കുന്നില്ല.
അടുത്തൊന്നും ആരുമില്ല. സിനിമാസംഘത്തെ അറിയിക്കാന്‍ ഫോണുമില്ല. ഏഴുമലൈയ്ക്ക് ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ കക്ഷി കണ്ണുതുറക്കുന്നില്ല. അദ്ദേഹത്തെ എടുത്തു കൊണ്ടു ഞാന്‍ നടന്നു. കുറെ മുന്നോട്ടു പോയി, അവിടെ ഏഴുമലൈയെ കിടത്തി തിരിച്ചുവന്നു ബൈക്കെടുക്കും. അതു തള്ളി അവിടം വരെയെത്തിക്കും. അങ്ങനെ കുറെദൂരം പോയി.
ഒരു കാര്‍ അതുവഴി വന്നത് അപ്പോഴാണ്. രണ്ടും കല്‍പിച്ചു ഞാന്‍ അതിന്റെ മുന്നില്‍ കയറിനിന്നു കൈകാട്ടി. കാര്‍ നിര്‍ത്തി. നോക്കിയപ്പോള്‍ അതില്‍ സത്യേട്ടന്‍. ഒരു ദൈവദൂതന്‍ വന്നതു പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്.
സത്യേട്ടന്റെ കാറില്‍ കയറി നേരെ ആശുപത്രിയിലേക്ക്. ഏഴുമലൈ ഞെരുങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ട്. ''അണ്ണാ...പൊണ്ടാട്ടിയെ പാക്കണം'' എന്നു ഇടയ്ക്കിടെ വിളിച്ചുപറയുന്നുമുണ്ട്. ഇടയ്ക്ക് ഏഴുമലൈ വീണ്ടും ബോധം കെട്ടു. ശബ്ദം കേള്‍ക്കാതായപ്പോള്‍ എല്ലാവരും നിശ്ശബദ്മായി.
''കുഴപ്പമായോ...''സത്യേട്ടന്‍ ചോദിച്ചു.
എനിക്കും പേടിയായി. സീറ്റിന്റെ പിന്നില്‍ ഇരുന്ന ഞാന്‍ മടിയില്‍ കിടന്ന ഏഴുമലൈയുടെ കാലില്‍ അല്‍പം ശക്തിയായി തന്നെ ഒന്നു കുത്തിനോക്കി. അതേറ്റു.
''അണ്ണാ...' എന്നു വിളിച്ചുകൊണ്ട് ഏഴുമലൈ എഴുന്നേറ്റു. ആശുപത്രിയിലെത്തിയപ്പോള്‍ ഏഴുമലൈയ്ക്കു കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ ശ്വാസം നേരെ വീണത് അപ്പോള്‍ മാത്രമായിരുന്നു.
ഏതായാലും ആ സംഭവത്തോടെ ബൈക്ക് ഞാന്‍ ഉപേക്ഷിച്ചു. പിന്നെയും എത്രയോ സിനിമകളില്‍ ബൈക്കില്‍ പറന്നു പാട്ടുപാടി ഞാന്‍ നടന്നുവെങ്കിലും.
നാലു ചിത്രങ്ങളില്‍ ഞാന്‍ സത്യേട്ടനൊപ്പം ജോലി ചെയ്തു. എന്നെ അദ്ഭുതപ്പെടുത്തിയ സംവിധായകനാണ് അദ്ദേഹം. ഇത്ര ശാന്തമായി, ബഹളങ്ങളില്ലാതെ, അനാവശ്യ ടെന്‍ഷനുകളില്ലാതെ എങ്ങനെ അദ്ദേഹം സിനിമയെടുക്കുന്നുവെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
സത്യേട്ടന്റെ സെറ്റില്‍ കിട്ടുന്ന സ്വാതന്ത്യ്രവും സുഖവും മറ്റുപല സംവിധായകരുടെ സെറ്റിലും കിട്ടില്ല. ടെന്‍ഷന്‍ എന്ന് ഒരു സംഗതി വേണ്ടേ വേണ്ട. മാന്യനായ ഒരു മനുഷ്യന്‍. കൂടെവിടെ കഴിഞ്ഞ് ഞാനഭിനയിച്ചതു സത്യേട്ടന്റെ 'കളിയില്‍ അല്‍പം കാര്യ'ത്തിലായിരുന്നു. അതുകൊണ്ടു തന്നെ അഭിനയിക്കുന്നതോര്‍ത്തുള്ള ടെന്‍ഷന്‍ പൂര്‍ണമായി മാറിയിരുന്നില്ല. പക്ഷേ, സത്യേട്ടന്റെ അടുത്തെത്തിയതോടെ ടെന്‍ഷനെല്ലാം നീങ്ങി. കാലില്‍ കൊണ്ട ഒരു മുള്ള് എടുത്തുകളയുന്നതു പോലെ വളരെ ലളിതമായി ടെന്‍ഷന്‍ എന്നില്‍ നിന്നു പറിച്ചെടുത്ത് അദ്ദേഹം ദൂരെകളഞ്ഞു.
ഗള്‍ഫിലായിരുന്ന സമയത്ത്, ഞാന്‍ കരാട്ടെ പഠിച്ചിരുന്നു. സിനിമയില്‍ കയറിക്കഴിഞ്ഞപ്പോള്‍ എവിടെയെങ്കിലും ഇതൊന്നു പ്രയോഗിക്കണമെന്ന മോഹമായി. 'കളിയില്‍ അല്‍പം കാര്യ'ത്തില്‍ സ്റ്റണ്ട് ചെയ്യുന്ന സമയത്ത് പലപ്പോഴും ഞാന്‍ തന്നെ സ്റ്റണ്ട് മാസ്റ്ററായത് അങ്ങനെയാണ്. അതിനുള്ള സ്വാതന്ത്ര്യം സത്യേട്ടന്‍ തരികയും ചെയ്തു.
'അടുത്തടുത്ത്' എന്ന ചിത്രത്തിനു വേണ്ടിയാണ് സത്യേട്ടന്‍ പിന്നെ എന്നെ വിളിക്കുന്നത്. ലാലേട്ടനും ഈ ചിത്രത്തിലുമുണ്ടായിരുന്നു. അഹല്യയായിരുന്നു നായിക.
അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്നു പലരും ചോദിക്കാറുണ്ട്. അപ്പോഴെല്ലാം ഞാന്‍ പറയുന്ന സിനിമ സത്യേട്ടന്റെ ഗായത്രിദേവി എന്റെ അമ്മ'യാണ്. വളരെ ഇഷ്ടം തോന്നി അഭിനയിച്ച സിനിമായായിരുന്നു അത്. സീമചേച്ചിയും ഗോപിയേട്ടനുമൊക്കെയായിരുന്നു മറ്റു വേഷങ്ങളില്‍.
ആദ്യമായി എനിക്കൊരു ടൈറ്റില്‍ കഥാപാത്രത്തെ കിട്ടുന്നതും സത്യേട്ടനായിരുന്നു. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍'. സിദ്ദിഖ് ലാല്‍ ടീമെഴുതിയ ആദ്യ സ്ക്രിപ്റ്റ് കൂടിയായിരുന്നു ചിത്രത്തിന്റേത്. വ്യത്യസ്തമായ കഥയുമായി എത്തിയ ഈ ചിത്രം തരക്കേടില്ലാത്ത വിജയവു നേടി.
ഒരു സംവിധായകന്‍ എന്നതിനൊപ്പം ഒരു നല്ല മനുഷ്യനെന്ന നിലയില്‍ കൂടിയാണ് സത്യേട്ടനെ ഞാന്‍ ബഹുമാനിച്ചിരുന്നത്. അദ്ദേഹം ഒരു ഗാനരചയിതാവു കൂടിയാണെന്ന് ഞാന്‍ കേട്ടിരുന്നു. കളിയില്‍ അല്‍പം കാര്യത്തിലെ 'മനതാരിലെന്നും പൊന്‍കിനാവും കൊണ്ടുവാ...' എന്ന പാട്ട് അദ്ദേഹം എഴുതിയതായിരുന്നു.
പക്ഷേ, എനിക്കേറ്റവും ഇഷ്ടമുള്ള മലയാള ഗാനങ്ങളിലൊന്ന് എഴുതിയതു സത്യേട്ടനാണെന്നു ഞാന്‍ പിന്നീടാണറിഞ്ഞത്.
''ഒരു നിമിഷം തരൂ...നിന്നിലലിയാന്‍
ഒരു യുഗം തരൂ...നിന്നെയറിയാന്‍
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം...''
ഇപ്പോള്‍ സത്യേട്ടനെക്കുറിച്ച് എഴുതുമ്പോഴും എന്റെ മനസില്‍ ഈ പാട്ടാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കടന്നുവരുന്നത്.
(തുടരും)

കടപ്പാട്- രാഷ്ട്രദീപിക സിനീമ. തയാറാക്കിയത് - എ.എസ്. ദിനേഷ്

പ്രിയ ഗുരുനാഥാ വിട...(റഹ്മാന്‍ പത്മരാജനെ കുറിച്ച് )

കളിയും അല്‍പം കാര്യവും - 2

റഹ്മാന്‍

പത്മരാജന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍...?
ഒട്ടുമിക്ക അഭിമുഖങ്ങളിലും ഇപ്പോള്‍ ഞാന്‍ നേരിടുന്ന ഒരു ചോദ്യമാണിത്. ഞാന്‍ തന്നെ പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യം.
ശരിയാണ്. പപ്പേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും എനിക്കു നല്ല അവസരങ്ങള്‍ തരുമായിരുന്നു. പക്ഷേ, എനിക്കു വേണ്ടി മാത്രം സിനിമയെടുക്കുന്ന ആളൊന്നുമല്ലല്ലോ അദ്ദേഹം. കഥാപാത്രത്തിനു യോജിക്കുന്ന താരങ്ങളെ മാത്രമാണ് അദ്ദേഹം വിളിച്ചിരുന്നത്. നടനല്ല, കഥാപാത്രമാണു വലുതെന്ന് വിശ്വസിച്ചിരുന്ന സംവിധായകനായിരുന്നു അദ്ദേഹം.
'കൂടെവിടെ'യില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുന്നതിനായി അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ചെന്നു നിന്നത് എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. സ്ക്രിപ്റ്റില്‍ വായിച്ചു സീന്‍ പ്ളാന്‍ ചെയ്യുകയോ മറ്റോ ആയിരുന്നു അദ്ദേഹം. എന്നെ സൂക്ഷിച്ചുനോക്കി. ''താടി വടിക്കരുത്.''- ഇത്രയും മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
രവി പുത്തൂരാന്‍ എന്ന കഥാപാത്രമാകാന്‍ മറ്റൊരു കുട്ടി എത്തിയിരുന്നു. ചില സീനുകള്‍ അയാളെ വച്ച് പപ്പേട്ടന്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നെ എന്തുകൊണ്ടോ അയാളെ മാറ്റി.
അങ്ങനെയാണ് ഞാന്‍ വീണ്ടും പപ്പേട്ടന്റെ മുന്നിലെത്തുന്നത്.
''നീ രവി പുത്തൂരാനാകുന്നു...എന്താ..?'' - പപ്പേട്ടന്‍ ചോദിച്ചു.
പപ്പേട്ടന്റെ മുന്‍ ചിത്രമായ 'ഒരിടത്തൊരു ഫയല്‍വാനില്‍' നായകനായത് റഷീദ് എന്നു പേരുള്ള ഒരു നടനായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, 'റഷീന്‍' എന്ന പേരു വേണ്ട എന്നു പപ്പേട്ടന്‍ പറഞ്ഞു.
''റഷീന്‍ റഹ്മാന്‍' എന്ന പേരില്‍ നിന്ന് റഷീന്‍ കളയാം. റഹ്മാന്‍ മതി.''- പപ്പേട്ടന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ റഹ്മാന്‍ മാത്രമായി.
മമ്മൂട്ടിയും സുഹാസിനിയും ഞാനും ഉള്‍പ്പെടുന്ന ഒരു സീനാണ് പപ്പേട്ടന്‍ ആദ്യമായി എടുത്തത്. മമ്മൂക്ക അന്ന് സിനിമയില്‍ അറിയപ്പെടുന്ന താരമായിക്കഴിഞ്ഞു. പക്ഷേ, മമ്മൂട്ടി എന്നൊരു നടനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. വല്ലപ്പോഴും ഇംഗീഷ് സിനിമകള്‍ കാണുന്നതല്ലാതെ അക്കാലത്ത് ഞാന്‍ മലയാള സിനിമകളൊന്നും കണ്ടിരുന്നില്ല. കാണാന്‍ അവസരമില്ലായിരുന്നു എന്നതാണ് ശരി. ഊട്ടിയിലെ തിയറ്ററുകളിലൊക്കെ തമിഴ് ചിത്രങ്ങള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.
പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് നേരെ സെറ്റിലേക്കു വരികയായിരുന്നു ഞാന്‍. സുഹാസിനി അഭിനയിക്കുന്ന കഥാപാത്രമായ ടീച്ചറുടെ വീട്ടില്‍ വച്ചു മമ്മൂട്ടിയോടു 'ഡോണ്ട് ടോക് നോണ്‍സെന്‍സ്' എന്നു പറഞ്ഞു ദേഷ്യപ്പെട്ട് പുറത്തേക്കിറങ്ങിപ്പോകുന്ന സീനായിരുന്നു ഞാന്‍ അഭിനയിക്കേണ്ടത്.
പപ്പേട്ടന്‍ എങ്ങനെ അഭിനയിക്കണമെന്നും എന്താണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വ്യക്തമായി അഭിനയിച്ചു കാണിച്ചു തന്നു. എനിക്ക് കാര്യമായ ടെന്‍ഷനൊന്നുമില്ലായിരുന്നു. പപ്പേട്ടന്‍ പറഞ്ഞുതന്നതു പോലെ തന്നെ ഞാന്‍ അഭിനയിച്ചു. ടേക്ക് ഒകെയായി. അതോടെ എനിക്കു പൂര്‍ണ ധൈര്യമായി.
മകനോടുള്ള വാത്സല്യമായിരുന്നു പപ്പേട്ടന് എന്നോട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ പോലും എന്നെ അടുത്തുവിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകള്‍ പറഞ്ഞു മനസിലാക്കി തരും. അഭിനയത്തിന്റെ സൂഷ്മമായ തലങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ടേക്ക് ഒാക്കെയായില്ലെങ്കില്‍ വീണ്ടും പറഞ്ഞുതരും. അദ്ദേഹത്തിന് ആവശ്യമുള്ളതു കിട്ടുന്നതു വരെ അതു തുടരും. അതെല്ലാം അതേപടി നമ്മില്‍ നിന്നു പുറത്തെടുപ്പിക്കും.
സെറ്റില്‍ ശബ്ദമുയര്‍ത്തി ദേഷ്യപ്പെടുകയൊന്നുമില്ല. പക്ഷേ, ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്റെ മുഖം കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാവും. എനിക്ക് ഒരിക്കലും അങ്ങനെയൊരു മുഖം അദ്ദേഹത്തില്‍ നിന്നു കാണേണ്ടിവന്നിട്ടില്ല. അത് എന്നോടുള്ള പ്രത്യേക വാത്സല്യം കൊണ്ടുതന്നെയാണെന്ന് എനിക്കു തോന്നുന്നു.
കൂടെവിടെയ്ക്കു ശേഷം 'അരപ്പട്ട കെട്ടിയ ഗ്രമം' എടുത്തപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ, എന്തുകൊണ്ടോ അവസാനം ആ വേഷം ചെയ്തത് അശോകനായിരുന്നു. കഥാപാത്രത്തിനു കുറച്ചുകൂടി യോജിക്കുക അശോകനാണെന്ന് അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവും.
പപ്പേട്ടന്റെ കൂടെ മൂന്നു ചിത്രങ്ങളില്‍ കൂടി ഞാന്‍ അഭിനയിച്ചു. ആദ്യമായി എനിക്കൊരൂ പൂര്‍ണ നായകവേഷം തന്നതും പപ്പേട്ടനായിരുന്നു. 'പറന്ന് പറന്ന് പറന്ന്' ആയിരുന്നു ആ ചിത്രം. ഐ. വി. ശശിയുടെ 'കാണാമറയത്തി'ലേക്ക് എന്നെ വിളിച്ചതും പപ്പേട്ടന്‍ പറഞ്ഞിട്ടായിരുന്നു. അദ്ദേഹമായിരുന്നല്ലോ അതിന്റെ തിരക്കഥ. 'കരിയിലക്കാറ്റു പോലെ'യാണ് പിന്നെ ഞാന്‍ ചെയ്ത പത്മരാജന്‍ സിനിമ. മമ്മൂക്കയും ലാലേട്ടനും ആ ചിത്രത്തിലുണ്ടായിരുന്നെങ്കിലും എനിക്കു മികച്ച വേഷമായിരുന്നു.
പപ്പേട്ടന്‍ മരിക്കുമ്പോള്‍ മദ്രാസില്‍ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ഒരു നിമിഷം ഞാന്‍ തരിച്ചുനിന്നു പോയി. എന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എന്തെഴുതണമെന്ന് എനിക്കറിയില്ല. പപ്പേട്ടനെ കണ്ടിട്ടു തന്നെ നാളുകളായി. ഫോണ്‍ വിളിയോ മറ്റു ബന്ധങ്ങളോ ഒന്നുമില്ല. പക്ഷേ, എന്നിട്ടും ഏറ്റവും അടുത്ത ഒരാള്‍ മരിച്ചുപോകുമ്പോള്‍ തോന്നുന്ന പോലെ ഒരു അനാഥത്വം എനിക്ക് അനുഭവപ്പെട്ടു.
മമ്മൂട്ടിയും സൈനുദ്ദീനും അന്ന് മദ്രാസിലുണ്ടായിരുന്നു. പപ്പേട്ടനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് വരുമ്പോള്‍ അവരും ട്രെയിനിലുണ്ടായിരുന്നു.
ട്രെയിനിലിരിക്കുമ്പോള്‍ പപ്പേട്ടനെ അവസാനമായി കണ്ട ദൃശ്യങ്ങള്‍ മനസില്‍ മായാതെ നിന്നു. മൂന്നാംപക്കത്തിന്റെ സെറ്റില്‍ വച്ചായിരുന്നു അവസാന കാഴ്ച. ആ ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. നായകന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്.
പപ്പേട്ടന്‍ എന്നോടു പറഞ്ഞു: ''നിന്റെ വേഷം ചെറുതാണെന്ന് ഒാര്‍ത്ത് വിഷമിക്കണ്ട. ഇനിയും അവസരങ്ങളില്ലേ. ശരിയാക്കാം.''
ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എത്ര ചെറിയ കഥാപാത്രമാണെങ്കിലും പപ്പേട്ടന്‍ പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കും. അത് അദ്ദേഹത്തിനുമറിയാം.
പക്ഷേ, എനിക്കു തന്നെ വാക്ക് പാലിക്കാന്‍ നില്‍ക്കാതെ, രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി എനിക്കു തരാതെ, അദ്ദേഹം പോയി. ഗന്ധര്‍വലോകത്തേക്ക്...

(തുടരും.)

കടപ്പാട്- രാഷ്റ്റ്രദീപിക സിനിമ. തയാറാക്കിയത് - എ.എസ്. ദിനേഷ്
Related Posts Plugin for WordPress, Blogger...