ആദ്യ ബൈക്ക് യാത്രയും സത്യന്‍ ചിത്രവും
കളിയും ചിരിയും ഇത്തിരി കാര്യങ്ങളും-3
റഹ്മാന്‍
വിദേശത്തുള്ള സുഹൃത്തുക്കള്‍ വഴിയാണ് ഞാന്‍ ആ ബൈക്ക് സംഘടിപ്പിച്ചത്. 750 സിസിയുള്ള ഒരു യമഹ ആര്‍ഡി.
'കൂടെവിടെ' കഴിഞ്ഞപ്പോള്‍ ഒരു ഫിയറ്റ് വാങ്ങിയിരുന്നു. പക്ഷേ, അപ്പോഴും ബൈക്ക് ഒാടിക്കാന്‍ പഠിച്ചിരുന്നില്ല. രണ്ടാമത്തെ ചിത്രമായ 'കളിയില്‍ അല്‍പം കാര്യ'ത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു. മറ്റൊരു വേഷത്തില്‍ മോഹന്‍ലാലുമുണ്ട്. ലാലേട്ടനൊപ്പമുള്ള എന്റെ ആദ്യ ചിത്രം.
ബൈക്ക് ഒാടിക്കാന്‍ പഠിക്കണമെന്നും പുതിയൊരെണ്ണം വാങ്ങാന്‍ കാശുണ്ടാക്കണമെന്നും മനസില്‍ കരുതിയിരുന്ന എന്നോടു സത്യേട്ടന്‍ വന്നു പറഞ്ഞു: ''ബൈക്ക് ഒാടിക്കനറിയില്ലെങ്കില്‍ പഠിക്കണം. ചിത്രത്തില്‍ ആവശ്യമായി വരും.''
സത്യേട്ടനു മനസു കൊണ്ടു നന്ദി പറഞ്ഞ് ഞാന്‍ ബൈക്ക് പഠനം ആരംഭിച്ചു. എന്റെ സമപ്രായക്കാരനും നിര്‍മാതാവിന്റെ മകനുമായ സാന്റിയുടെ രാജ്ദൂത് ബൈക്കിലായിരുന്നു പഠനം. വളരെ വേഗം ഞാന്‍ ബൈക്ക് എക്സ്പര്‍ട്ട് ആയി.
സത്യേട്ടനുമൊത്തുള്ള എന്റെ രണ്ടാമത്തെ ചിത്രമായപ്പോഴേക്കുമാണ് യമഹ 750 വാങ്ങുന്നതും അതില്‍ കയറി സഞ്ചാരം തുടങ്ങുന്നതും. സത്യേട്ടനുമായുള്ള നാലാമത്തെ ചിത്രത്തോടെ ആ മോഹം അവസാനിക്കുകയും ചെയ്തു. ആ കഥയാണു പറഞ്ഞുവരുന്നത്.
യഹമ വാങ്ങിയ ശേഷം എവിടെ ഷൂട്ടിങ്ങിനു പോയാലും ബൈക്കിലായി യാത്ര. ദീര്‍ഘദൂരയാത്രകളെങ്കിലും കാറില്‍ പോകാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചവരെയൊക്കെ ബൈക്കാണ് രസമെന്നു പറഞ്ഞ് ഞാന്‍ ധിക്കരിച്ചു. അങ്ങനെ കുറെക്കാലം പോയി. സത്യേട്ടന്റെ 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാകാന്‍ എറണാകുളത്തേക്കു പോയതും ഈ ബൈക്കില്‍ തന്നെ.
അങ്ങനെയൊരു ദിവസം ഷൂട്ടിങ് പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. അതുകഴിഞ്ഞ് എല്ലാവരും തന്നെ മടങ്ങി. കോസ്റ്റ്യൂമര്‍ ഏഴുമലൈയെയും കൂടെ കൊണ്ടുപോകാന്‍ വേണ്ടി കുറച്ചുനേരം കൂടി ഞാന്‍ കാത്തുനിന്നു. ഒടുവില്‍ ഏഴുമലൈ വന്നു. ഞങ്ങള്‍ കൊച്ചിനഗരത്തിലേക്ക് വച്ചുപിടിച്ചു.
പുലര്‍ച്ചെ നാലിനടുത്തായി സമയം. റോഡില്‍ വളരെ അപൂര്‍വം വാഹനങ്ങള്‍ മാത്രം. വിദേശ ബൈക്കിന്റെ സുഖത്തില്‍ അതിവേഗം പാഞ്ഞുകൊണ്ടിരുന്ന ഞാന്‍ അറിയാതെ ഒരു നിമിഷം ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്‍പില്‍ ഡിവൈഡര്‍. വെട്ടിച്ചപ്പോള്‍ വണ്ടി പാളിമറിഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ തൊട്ടുമുന്നിലാണ് സംഭവം. പകല്‍ വല്ലതുമായിരുന്നെങ്കില്‍...ഒാര്‍ക്കാന്‍ കൂടി വയ്യ.
ഞാന്‍ എഴുന്നേറ്റു. പക്ഷേ, ഏഴുമലൈയെ കാണാനില്ല. രാത്രിയുടെ കൂരിരുട്ടില്‍ ഞാന്‍ ഏഴുമലൈയെ തിരഞ്ഞു. സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ കണ്ടു, അല്‍പം മാറി ഏഴുമലൈ കിടക്കുന്നു. അരയ്ക്കു മുകളിലോട്ടു മാത്രമേ കാണാനുള്ളു.
വിറച്ചുവിറച്ചാണ് ഞാന്‍ അടുത്തു ചെന്നത്. ഒരു ഒാടയില്‍ കിടക്കുകയാണ് കക്ഷി. കുറെ വിളിച്ചിട്ടും ഏഴുമലൈ എഴുന്നേല്‍ക്കുന്നില്ല.
അടുത്തൊന്നും ആരുമില്ല. സിനിമാസംഘത്തെ അറിയിക്കാന്‍ ഫോണുമില്ല. ഏഴുമലൈയ്ക്ക് ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ കക്ഷി കണ്ണുതുറക്കുന്നില്ല. അദ്ദേഹത്തെ എടുത്തു കൊണ്ടു ഞാന്‍ നടന്നു. കുറെ മുന്നോട്ടു പോയി, അവിടെ ഏഴുമലൈയെ കിടത്തി തിരിച്ചുവന്നു ബൈക്കെടുക്കും. അതു തള്ളി അവിടം വരെയെത്തിക്കും. അങ്ങനെ കുറെദൂരം പോയി.
ഒരു കാര്‍ അതുവഴി വന്നത് അപ്പോഴാണ്. രണ്ടും കല്‍പിച്ചു ഞാന്‍ അതിന്റെ മുന്നില്‍ കയറിനിന്നു കൈകാട്ടി. കാര്‍ നിര്‍ത്തി. നോക്കിയപ്പോള്‍ അതില്‍ സത്യേട്ടന്‍. ഒരു ദൈവദൂതന്‍ വന്നതു പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്.
സത്യേട്ടന്റെ കാറില്‍ കയറി നേരെ ആശുപത്രിയിലേക്ക്. ഏഴുമലൈ ഞെരുങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ട്. ''അണ്ണാ...പൊണ്ടാട്ടിയെ പാക്കണം'' എന്നു ഇടയ്ക്കിടെ വിളിച്ചുപറയുന്നുമുണ്ട്. ഇടയ്ക്ക് ഏഴുമലൈ വീണ്ടും ബോധം കെട്ടു. ശബ്ദം കേള്‍ക്കാതായപ്പോള്‍ എല്ലാവരും നിശ്ശബദ്മായി.
''കുഴപ്പമായോ...''സത്യേട്ടന്‍ ചോദിച്ചു.
എനിക്കും പേടിയായി. സീറ്റിന്റെ പിന്നില്‍ ഇരുന്ന ഞാന്‍ മടിയില്‍ കിടന്ന ഏഴുമലൈയുടെ കാലില്‍ അല്‍പം ശക്തിയായി തന്നെ ഒന്നു കുത്തിനോക്കി. അതേറ്റു.
''അണ്ണാ...' എന്നു വിളിച്ചുകൊണ്ട് ഏഴുമലൈ എഴുന്നേറ്റു. ആശുപത്രിയിലെത്തിയപ്പോള്‍ ഏഴുമലൈയ്ക്കു കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ ശ്വാസം നേരെ വീണത് അപ്പോള്‍ മാത്രമായിരുന്നു.
ഏതായാലും ആ സംഭവത്തോടെ ബൈക്ക് ഞാന്‍ ഉപേക്ഷിച്ചു. പിന്നെയും എത്രയോ സിനിമകളില്‍ ബൈക്കില്‍ പറന്നു പാട്ടുപാടി ഞാന്‍ നടന്നുവെങ്കിലും.
നാലു ചിത്രങ്ങളില്‍ ഞാന്‍ സത്യേട്ടനൊപ്പം ജോലി ചെയ്തു. എന്നെ അദ്ഭുതപ്പെടുത്തിയ സംവിധായകനാണ് അദ്ദേഹം. ഇത്ര ശാന്തമായി, ബഹളങ്ങളില്ലാതെ, അനാവശ്യ ടെന്‍ഷനുകളില്ലാതെ എങ്ങനെ അദ്ദേഹം സിനിമയെടുക്കുന്നുവെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
സത്യേട്ടന്റെ സെറ്റില്‍ കിട്ടുന്ന സ്വാതന്ത്യ്രവും സുഖവും മറ്റുപല സംവിധായകരുടെ സെറ്റിലും കിട്ടില്ല. ടെന്‍ഷന്‍ എന്ന് ഒരു സംഗതി വേണ്ടേ വേണ്ട. മാന്യനായ ഒരു മനുഷ്യന്‍. കൂടെവിടെ കഴിഞ്ഞ് ഞാനഭിനയിച്ചതു സത്യേട്ടന്റെ 'കളിയില്‍ അല്‍പം കാര്യ'ത്തിലായിരുന്നു. അതുകൊണ്ടു തന്നെ അഭിനയിക്കുന്നതോര്‍ത്തുള്ള ടെന്‍ഷന്‍ പൂര്‍ണമായി മാറിയിരുന്നില്ല. പക്ഷേ, സത്യേട്ടന്റെ അടുത്തെത്തിയതോടെ ടെന്‍ഷനെല്ലാം നീങ്ങി. കാലില്‍ കൊണ്ട ഒരു മുള്ള് എടുത്തുകളയുന്നതു പോലെ വളരെ ലളിതമായി ടെന്‍ഷന്‍ എന്നില്‍ നിന്നു പറിച്ചെടുത്ത് അദ്ദേഹം ദൂരെകളഞ്ഞു.
ഗള്‍ഫിലായിരുന്ന സമയത്ത്, ഞാന്‍ കരാട്ടെ പഠിച്ചിരുന്നു. സിനിമയില്‍ കയറിക്കഴിഞ്ഞപ്പോള്‍ എവിടെയെങ്കിലും ഇതൊന്നു പ്രയോഗിക്കണമെന്ന മോഹമായി. 'കളിയില്‍ അല്‍പം കാര്യ'ത്തില്‍ സ്റ്റണ്ട് ചെയ്യുന്ന സമയത്ത് പലപ്പോഴും ഞാന്‍ തന്നെ സ്റ്റണ്ട് മാസ്റ്ററായത് അങ്ങനെയാണ്. അതിനുള്ള സ്വാതന്ത്ര്യം സത്യേട്ടന്‍ തരികയും ചെയ്തു.
'അടുത്തടുത്ത്' എന്ന ചിത്രത്തിനു വേണ്ടിയാണ് സത്യേട്ടന്‍ പിന്നെ എന്നെ വിളിക്കുന്നത്. ലാലേട്ടനും ഈ ചിത്രത്തിലുമുണ്ടായിരുന്നു. അഹല്യയായിരുന്നു നായിക.
അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്നു പലരും ചോദിക്കാറുണ്ട്. അപ്പോഴെല്ലാം ഞാന്‍ പറയുന്ന സിനിമ സത്യേട്ടന്റെ ഗായത്രിദേവി എന്റെ അമ്മ'യാണ്. വളരെ ഇഷ്ടം തോന്നി അഭിനയിച്ച സിനിമായായിരുന്നു അത്. സീമചേച്ചിയും ഗോപിയേട്ടനുമൊക്കെയായിരുന്നു മറ്റു വേഷങ്ങളില്‍.
ആദ്യമായി എനിക്കൊരു ടൈറ്റില്‍ കഥാപാത്രത്തെ കിട്ടുന്നതും സത്യേട്ടനായിരുന്നു. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍'. സിദ്ദിഖ് ലാല്‍ ടീമെഴുതിയ ആദ്യ സ്ക്രിപ്റ്റ് കൂടിയായിരുന്നു ചിത്രത്തിന്റേത്. വ്യത്യസ്തമായ കഥയുമായി എത്തിയ ഈ ചിത്രം തരക്കേടില്ലാത്ത വിജയവു നേടി.
ഒരു സംവിധായകന്‍ എന്നതിനൊപ്പം ഒരു നല്ല മനുഷ്യനെന്ന നിലയില്‍ കൂടിയാണ് സത്യേട്ടനെ ഞാന്‍ ബഹുമാനിച്ചിരുന്നത്. അദ്ദേഹം ഒരു ഗാനരചയിതാവു കൂടിയാണെന്ന് ഞാന്‍ കേട്ടിരുന്നു. കളിയില്‍ അല്‍പം കാര്യത്തിലെ 'മനതാരിലെന്നും പൊന്‍കിനാവും കൊണ്ടുവാ...' എന്ന പാട്ട് അദ്ദേഹം എഴുതിയതായിരുന്നു.
പക്ഷേ, എനിക്കേറ്റവും ഇഷ്ടമുള്ള മലയാള ഗാനങ്ങളിലൊന്ന് എഴുതിയതു സത്യേട്ടനാണെന്നു ഞാന്‍ പിന്നീടാണറിഞ്ഞത്.
''ഒരു നിമിഷം തരൂ...നിന്നിലലിയാന്‍
ഒരു യുഗം തരൂ...നിന്നെയറിയാന്‍
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം...''
ഇപ്പോള്‍ സത്യേട്ടനെക്കുറിച്ച് എഴുതുമ്പോഴും എന്റെ മനസില്‍ ഈ പാട്ടാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കടന്നുവരുന്നത്.
(തുടരും)
കടപ്പാട്- രാഷ്ട്രദീപിക സിനീമ. തയാറാക്കിയത് - എ.എസ്. ദിനേഷ്
ആദ്യമായി എനിക്കൊരു ടൈറ്റില്‍ കഥാപാത്രത്തെ നല്‍കിയതും സത്യേട്ടനായിരുന്നു. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍'. സിദ്ദിഖ് ലാല്‍ ടീമെഴുതിയ ആദ്യ സ്ക്രിപ്റ്റ് കൂടിയായിരുന്നു ചിത്രത്തിന്റേത്. വ്യത്യസ്തമായ കഥയുമായി എത്തിയ ഈ ചിത്രം തരക്കേടില്ലാത്ത വിജയവു നേടി.
ReplyDeletethanks rahman
ReplyDelete