റഹ്മാന്‍ ഐവി ശശിയെക്കുറിച്ച്


മലയാളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത് ഏതു സംവിധായകന്റെയാണ് എന്നു ചോദിച്ചാല്‍ ഉത്തരം ഐ.വി. ശശി എന്നായിരിക്കുമെന്നു തോന്നുന്നു. ശശികുമാര്‍, സത്യന്‍ അന്തിക്കാട്, പത്മാരാജന്‍ തുടങ്ങിയ സംവിധാകരാവും എന്നെ വച്ച് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള മറ്റു മലയാള സംവിധായകര്‍.
ശശിയേട്ടന് എന്നോട് ഒരു പ്രത്യേക അടുപ്പം പണ്ടു മുതല്‍ തന്നെയുണ്ടായിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായ 'കാണാമറയത്തിന്റെ' സംവിധായകനായിരുന്നല്ലോ അദ്ദേഹം. പത്മരാജന്റെ തിരക്കഥയില്‍ ശശിയേട്ടന്‍ ഒരുക്കിയ അതിമനോഹര ചിത്രം. കാണാമറയത്തിന്റെ സെറ്റിലെ പല കഥകളും ഇതിനു മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. ആ ചിത്രത്തില്‍ വച്ചാണ് ഞാനും ശോഭനയും ആദ്യമായി ഒന്നിക്കുന്നത്.
പിന്നീട് ശശിയേട്ടനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏതാണ്ട് നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു വലിയ സംവിധായകനാണ് അദ്ദേഹം. ഐ.വി. ശശി എന്ന പേരു ഒരു കാലത്ത് മലയാളത്തിലെ കൊമേഴ്സിയല്‍ സംവിധായകരിലെ അവസാന വാക്കായിരുന്നു. എനിക്കു തോന്നുന്നു മമ്മുക്കയും ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ശശിയേട്ടന്റെ സിനിമായിലാണെന്ന്. കമലാഹാസനും രജനീകാന്തും വരെ ശശിയേട്ടന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1984 ല്‍ ഞാന്‍ കാണാമറയത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ തന്നെ അദ്ദേഹം ഏതാണ്ട് അമ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു കഴിഞ്ഞിരുന്നു. ഇത്രയും വലിയ എക്സ്പീരയന്‍സ്ഡ് ആയ ഒരു സംവിധായകന്റെ കീഴില്‍ അഭിനയിക്കുന്നതിന്റെ ഒരു ത്രില്‍ എനിക്ക് അന്നുണ്ടായിരുന്നു. പോരാത്തതിന് പപ്പേട്ടന്റെ തിരക്കഥയും.
ആ വര്‍ഷം തന്നെ രണ്ടു ചിത്രങ്ങള്‍ക്കു കൂടി ശശിയേട്ടന്‍ എന്നെ വിളിച്ചു. രണ്ടും എം.ടി. സാറിന്റെ തിരക്കഥയില്‍. ഉയരങ്ങളിലും അടിയൊഴുക്കുകളും. ഈ രണ്ടു ചിത്രങ്ങളിലും എനിക്കു നല്ല വേഷമായിരുന്നു. ഉയരങ്ങളില്‍ നെഗറ്റീവ് ടച്ചുള്ള നായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍. കൂടാതെ കാജല്‍ കിരണ്‍.
ആദ്യമായി താടിവച്ചു ഞാന്‍ അഭിനയിച്ച ചിത്രം കൂടിയാണത്. ഭയം, നിരാശ എന്നിവയായിരുന്നു എന്റെ കഥാപാത്രത്തിന്റെ മുഖത്ത് ഉണ്ടാവേണ്ട പ്രധാന വികാരങ്ങള്‍. സുഹൃത്തിനോടുള്ള സ്നേഹം, അതിനൊപ്പം തന്നെ ഭയം, തിന്മയോടു യോജിക്കാന്‍ സാധികാത്തപ്പോള്‍ തന്നെ നിസംഗനായി പ്രതികരിക്കാനാവാതെ നില്‍ക്കേണ്ട അവസ്ഥ... വ്യത്യസ്തതയുള്ള ഒരു കഥാപാത്രമായിരുന്നു എം.ടി. സാര്‍ എഴുതിയിരുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രവും വളരെ വ്യത്യസ്തതയുള്ളതായിരുന്നു.
എം.ടി. സാര്‍ തന്നെയായിരുന്നു എന്റെ അടുത്ത ഐ.വി. ശശി സിനിമയുടെയും തിരക്കഥ രചിച്ചത്. അടിയൊഴുക്കുകള്‍ എന്ന ആ സിനിമ മമ്മൂട്ടിയുടെ മികച്ച വേഷം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എനിക്കും ലാലിനും അതില്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളുണ്ടായിരുന്നു. അങ്ങാടിക്കപ്പുറത്ത്, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളും പിന്നാലെ വന്നു. ഈ ചിത്രങ്ങളിലൊക്കെയും എനിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുണ്ടായിരുന്നു.
ശശിയേട്ടന്റെ ഇത്രയും കാലം, കൂടണയും കാറ്റ്, മുക്തി, അപാരത തുടങ്ങിയ ചിത്രങ്ങളിലും ഞാന്‍ പിന്നീട് അഭിനയിച്ചു. പദവി എന്നൊരു ചിത്രവും ശശിയേട്ടന്‍ എന്നെ വച്ച് സംവിധാനം ചെയ്തിരുന്നു.
തമിഴിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞാന്‍ മലയാളത്തില്‍ മടങ്ങിയെത്തിയ ചിത്രമായിരുന്നു മുക്തി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. തലതെറിച്ച ഇളയ സഹോദരനായി ഞാനും. ലോഹിതദാസായിരുന്നു മുക്തിയുടെ തിരക്കഥാകൃത്ത്. അടിത്തറയുള്ള കഥയും സുന്ദരമായ സംഭാഷണങ്ങളും ആയിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത. തിലകന്‍ ചേട്ടന്റെ അസാമാന്യ പ്രകടനമായിരുന്നു ചിത്രത്തില്‍.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഈ ഒരു ചിത്രത്തില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞുള്ളു.അന്ന് അദ്ദേഹവും തുടക്കകാലമാണ്. ജീവിതഗന്ധിയായ നിരവധി മനോഹരമായ ചിത്രങ്ങള്‍ക്ക് അദ്ദേഹം പിന്നീട് തിരക്കഥ എഴുതി. ഏതായാലും എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന്‍, ലോഹിതദാസ് തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ സംവിധായകനായി ഐ.വി. ശശി ഉണ്ടായിരുന്നു.
മുക്തിക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ എനിക്കു സാധിച്ചില്ല. തമിഴിലെ തിരക്കുകളായിരുന്നു കാരണം. അങ്ങനെ കുറെ ഗ്യാപ്പ് കൂടി വന്നു. ഒടുവില്‍ വീണ്ടും ഞാന്‍ മലയാളത്തിലേക്ക് മടങ്ങിവന്നതും ശശിയേട്ടന്റെ ചിത്രത്തിലൂടെയായിരുന്നു. സാമാന്യം നല്ല വിജയം നേടിയ അപാരത എന്ന ആ ചിത്രത്തില്‍ എനിക്കു നല്ലൊരു നായകവേഷമായിരുന്നു. സുകന്യയും ഉര്‍വശിയുമായിരുന്നു നായികമാര്‍.
ഇന്നത്തെ തമിഴ് സൂപ്പര്‍താരം വിക്രം, ശോഭന, ലക്ഷ്മി എന്നിവരായിരുന്നു പദവയില്‍ എനിക്കൊപ്പം അഭിനയിച്ച മറ്റുതാരങ്ങള്‍. ഇന്ദിരഗാന്ധിയുടെ കുടുംബത്തിന്റെ കഥ പശ്ചാത്തലമാക്കിയൊരുക്കിയ ഈ സിനിമ ഗോവയില്‍ വച്ച് ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തതാണ്. രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ഞാനും സഞ്ജയ് ഗാന്ധിയെപ്പോലെയുള്ള സഹോദരനായി വിക്രമും ആയിരുന്നു അഭിനയിച്ചത്. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ ചിത്രം പാതിവഴിയില്‍ മുടങ്ങിപ്പോയി.
ശശിയേട്ടന്റെ സിനിമകളില്‍ കഥാപാത്രങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്നു പറയാറുണ്ട്. ഒരു ഷോട്ടില്‍ തന്നെ പത്തും പതിനഞ്ചും താരങ്ങള്‍ അഭിനയിക്കുന്നുണ്ടാവും. അതില്‍ തന്നെ ചിലപ്പോള്‍ സൂപ്പര്‍താരങ്ങളും കാണും. ഇത്രയും പേരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഒന്നിപ്പിക്കുന്നു എന്നതു മാത്രമല്ല കാര്യം. ഒരാള്‍ക്കും പിന്നീട് ആ സീനിനെക്കുറിച്ചോ തങ്ങളുടെ വേഷത്തിന്റെ പ്രധാന്യത്തെ കുറിച്ചോ പരാതിയുണ്ടാവില്ല.
സാധാരണ ഒരു ചിത്രത്തില്‍ രണ്ടു വലിയ താരങ്ങളുണ്ടെങ്കില്‍ തന്നെ പരാതികളാവും. തന്റെ സീനുകള്‍ കുറഞ്ഞുപോയെന്നും മറ്റെയാള്‍ക്കാണ് പ്രധാന്യം കിട്ടിയതെന്നുമൊക്കെയുള്ള പതിവു പരാതികള്‍ പക്ഷേ, ശശിയേട്ടന്റെ സിനിമകളില്‍ ഉണ്ടാവാറില്ല.
ശശിയേട്ടന്റെ സിനിമയില്‍ താരങ്ങള്‍ കൂടുതലുണ്ടാവും. അതുകൊണ്ട് തന്നെ സെറ്റിലെപ്പോഴും ഒരു ബഹളമായിരിക്കും. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ സ്പീഡിനെയോ ടേക്കിങ്ങിനെയോ ബാധിക്കാറില്ല.
ശരിക്കും ഒരു യാത്രാക്കപ്പലിന്റെ ക്യാപ്റ്റനെപ്പോലെയാണ് ഐ.വി. ശശി. കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് ഒാടിക്കുകയും അതോടൊപ്പം തന്നെ യാത്രക്കാരുടെ സുഖസൌകര്യങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് ഒരു പോരായ്മയും ഇല്ലാതാക്കാന്‍ നോക്കുകയും ചെയ്യും. അങ്ങനെനോക്കുമ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ശശിയേട്ടന്‍.
ശശിയേട്ടന്റെ വേഗതയും ടേക്കിങ് രീതികളും പോലെ വ്യത്യസ്തമാണ് തമിഴില്‍ എനിക്ക് ബ്രേക് തന്നെ കെ. ബാലചന്ദ്രന്‍ സാറിന്റെതും.
(തുടരും)

വില്ലന്‍മാരുടെ വില്ലന്‍; ശുദ്ധപാവം


റഹ്മാന്‍

എം.എന്‍. നമ്പ്യാര്‍.
ഈ പേരു കേട്ടാല്‍ തന്നെ തമിഴ് സിനിമാ പ്രേക്ഷകര്‍ പേടിച്ചുവിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. വില്ലന്‍മാരുടെ വില്ലന്‍. കൊടുംക്രൂരന്‍. എം.ജി.ആര്‍. നായകനെങ്കില്‍ വില്ലന്‍ എം.എന്‍. നമ്പ്യാരാവും. ചുവന്നുതുടുത്ത കണ്ണുകളും കൊമ്പന്‍മീശയുമൊക്കെയായി ക്രൂരതയുടെ പര്യായമായി മാറിയ നടന്‍.
എന്റെ മനസിലും ഈ ചിത്രങ്ങളൊക്കെയായിരുന്നു അദ്ദേഹത്തെ നേരിട്ടു കാണും വരെ ഉണ്ടായിരുന്നത്. ഇത്രയും ക്രൂരനായ ഒരു മനുഷ്യന്‍ വേറെയുണ്ടാവില്ല എന്ന ചിന്ത എന്റെയുള്ളില്‍ നിന്നു മാറിയത് എം.എന്‍. നമ്പ്യാരെ നേരിട്ടുകണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴാണ്. മെല്ലെ മെല്ലെ ഇത്രയും സാധുവായ മറ്റൊരാളുണ്ടാവില്ല എന്ന തിരിച്ചറിവ് എന്നിലുണ്ടായി.
നമ്പ്യാര്‍ സാറിനൊപ്പം രണ്ടോ മൂന്നോ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ആ ചിത്രങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ സാമിപ്യം തന്ന ഊര്‍ജം വളരെ വലുതായിരുന്നു. അദ്ദേഹത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ വിലയേറിയതും.
ഏതൊരു നടന്റെയും പ്രകടനത്തില്‍ അയാളുടെ സ്വഭാവം പകുതിയെങ്കിലും കാണുമെന്നാണ് പറയാറ്. നമ്മുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും അനുസരിച്ചാവും നമ്മുടെ അഭിനയം. സ്ക്രിപ്റ്റില്‍ നിന്ന് 50 ശതമാനവും ഉള്ളില്‍ നിന്ന് ബാക്കി 50 ശതമാനവും എന്നതാണ് കണക്ക്. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും നമ്മുടെ ചില മാനറിസങ്ങളും ചിരിയുമൊക്കെ കഥാപാത്രത്തിനുമുണ്ടാവും.
ദേഷ്യപ്പെടുന്ന സീനുകള്‍ വളരെ നന്നായി ഞാന്‍ ചെയ്യാറുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ പകുതി കാരണം എന്റെ സ്വഭാവത്തില്‍ അനാവശ്യമായ ദേഷ്യമുണ്ട് എന്നതു കൊണ്ടാണെന്ന് ഞാന്‍ മനസിലാkക്കുന്നു.
മമ്മൂട്ടിയുടെ പല കഥാപാത്രങ്ങളും കാണുമ്പോള്‍ തോന്നാറുണ്ട്, അദ്ദേഹമല്ലാതെ മറ്റൊരെങ്കിലും ആ വേഷം ചെയ്തിരുന്നെങ്കില്‍ നന്നാവില്ലായിരുന്നുവെന്ന്. മമ്മൂട്ടിയെന്ന നടന്റെ മാനറിസങ്ങളും രീതികളും അഭിനയസവിശേഷതയും മനസിലാക്കി അതിനനുസരിച്ച് തിരക്കഥയെഴുതുമ്പോഴാണ് ഇങ്ങനെ, അദ്ദേഹത്തിന്റെ വേഷം മറ്റാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കാനാവില്ല എന്നു തോന്നുന്നത്.
ഇങ്ങനെയൊക്കെ നോക്കിയാല്‍ നമ്പ്യാര്‍ സാറിന്റെ കഥാപാത്രങ്ങളുടെ രീതികളില്‍ പകുതിയെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കേണ്ടതാണ്. പക്ഷേ, നമ്പ്യാര്‍ സാര്‍ നേരെ വിപരീതമാണ്. ദേഷ്യം, കാമം, ക്രൌര്യം, പുച്ഛം തുടങ്ങി അദ്ദേഹം സ്ക്രീനില്‍ അവതരിപ്പിക്കുന്ന വികാരങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഇല്ല എന്നു വ്യക്തമാകുന്നത് ആ മനുഷ്യനുമായി സംസാരിച്ചുതുടങ്ങിയപ്പോഴാണ്. പേടിയോടെ മാത്രം കണ്ടിരുന്ന ഒരു താരം കൂട്ടുകാരനെ പോലെ മുന്നില്‍. എന്നെക്കാള്‍ സിനിമയില്‍ ഏതാണ്ട് 40-50 വര്‍ഷത്തെ എക്സ്പീരിയന്‍സ് കൂടുതല്‍ ഉള്ള ഒരു നടന്‍ കൂട്ടുകാരെനെ പോലെ നമ്മോടു ഇടപെടുന്നതു കാണുമ്പോള്‍ സ്വയം എത്ര ചെറുതാണ് നമ്മള്‍ എന്ന തിരിച്ചറിവ് കൂടിയുണ്ടാകും.
സിനിമയിലെ നായകന്‍മാര്‍ പലരും ജീവിതത്തില്‍ വില്ലന്‍മാരും കൊടുംക്രൂരന്‍മാരായ വില്ലന്‍മാരില്‍ നല്ലൊരു ശതമാനവും വെറും സാധുക്കളുമാണെന്ന തിരിച്ചറിവ് എനിക്കുണ്ടാകുന്നത് നമ്പ്യാര്‍ സാറിനെ പരിചയപ്പെട്ടശേഷമാണ്. സ്വഭാവവുമായി ഒരു ബന്ധവും ഇല്ലാത്ത വിധം അഭിനയിക്കാന്‍ നമ്പ്യാര്‍ സാറിനു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പോലൊരു കഴിവുള്ള നടനെ വില്ലനായി മാത്രം കാണേണ്ടിവന്നതില്‍ എനിക്കു ദുഃഖം തോന്നി. നല്ല വേഷങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അത് എത്ര സുന്ദരമാക്കുമായിരുന്നുവെന്ന് ഞാനോര്‍ത്തു.
ഞാനാണ് അദ്ദേഹത്തെക്കാള്‍ സീനിയര്‍ എന്ന മട്ടിലാണ് നമ്പ്യാര്‍ സാര്‍ എന്നോടു പെരുമാറിയിരുന്നത്. ഇത്ര മുതിര്‍ന്ന താരമായിട്ടും പുതുതലമുറയുടെ ഭാഗമായ എന്നെപ്പോലെയുള്ള നടന്‍മാരെ അദ്ദേഹം ബഹുമാനിക്കുന്നത് കാണുമ്പോള്‍ അതില്‍ നിന്നു ഞാന്‍ പഠിച്ച പാഠങ്ങള്‍ വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെ സ്കൂളിങ് കൂടിയാണത്. പഴയതലമുറയിലെ ഒട്ടുമിക്ക താരങ്ങളും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമാണ് കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ നായകനെന്നോ വില്ലനെന്നോ ജൂനിയര്‍ ആര്‍ട്ടിസ്റ്റെന്നോ ഉള്ള വ്യത്യാസം പോലുമുണ്ടായിരുന്നില്ല.
ഇന്ന് അക്കാര്യത്തില്‍ തമിഴ് സിനിമ ഏറെ മാറി. പുതുമുഖ താരങ്ങള്‍ പോലും നൂറിലേറെ സിനിമ അഭിനയിച്ച മട്ടിലാണ് മറ്റുള്ളവരോട് ഇടപെടുന്നത്. ലൈറ്റ് ബോയിസിനെപോലുള്ളവരോട് ഒരു മയവുമില്ലാതെ സംസാരിക്കുന്ന പല നടിമാരെയും ഞാന്‍ ഈ അടുത്ത കാലത്ത് കണ്ടു. ഇപ്പോള്‍ പല തമിഴ് ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ഈ അവസ്ഥ ഞാന്‍ നേരിട്ടു മനസിലാക്കുന്നതാണ്. തമിഴ് സിനിമാ സെറ്റില്‍ മലയാളത്തില്‍ നിന്നു നേര്‍വിപരീതമായ സാഹചര്യമാണുള്ളത്. അവിടെ നായകനും നായികയ്ക്കും മാത്രമാണ് ലൈറ്റ് ബോയ്സിനെ പോലുള്ള പ്രൊഡക്ഷന്‍ ആളുകളില്‍ നിന്നു ബഹുമാനം കിട്ടുക. തമിഴില്‍ അടുത്തയിടെ, ഒന്നു രണ്ടു ചിത്രങ്ങളില്‍ നായകവേഷത്തില്‍ അല്ലാതെ ഞാനഭിനിയിച്ചു. അതിലൊന്നായിരുന്നു ബില്ല. പക്ഷേ, സെറ്റില്‍ ഒരു പ്രശ്നവുമുണ്ടായില്ല. മുതിര്‍ന്ന താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കണമെന്ന കാര്യത്തില്‍ ആ സെറ്റിലുള്ളവര്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു; പ്രത്യേകിച്ചും അജിത്തിന്. എന്നെയും പ്രഭുവിനെയും മുതിര്‍ന്നതാരങ്ങളായി കാണാനും ഞങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കാനും അജിത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മറ്റു പല ചിത്രങ്ങളിലും സാഹചര്യം അങ്ങനെയായിരിക്കില്ല. ഏതെങ്കിലും കുഗ്രാമത്തിലൊക്കെയാണ് ഷൂട്ടിങ് നടക്കുന്നതെങ്കില്‍ മേയ്ക്കപ്പിനായി ഒന്നോ രണ്ടോ മുറികളേ ഒരുക്കിയിട്ടുണ്ടാവുള്ളു. പ്രൊഡ്ക്ഷന്‍ ആളുകള്‍ അത് നായകനും നായികയ്ക്കുമായി മാറ്റിവയ്ക്കും.നമ്മള്‍ എത്തുമ്പോള്‍ ഒരുങ്ങാന്‍ മുറി തന്നെ കാണില്ല. പക്ഷേ, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ പഠിച്ചിട്ടുള്ളതിനാല്‍ അതൊന്നും നമുക്കു പ്രശ്നമായിത്തന്നെ തോന്നില്ല.
ഇപ്പോഴത്തെ ചില നടിമാരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ കണ്ടുനില്‍ക്കാന്‍ തന്നെ നമുക്കു പറ്റില്ല. ആദ്യ സിനിമയുടെ സെറ്റില്‍ അവര്‍ക്കു കിട്ടിയ ആനുകൂല്യങ്ങളൊക്കെ എല്ലാ സിനിമകളിലും കിട്ടണമെന്ന് അവര്‍ വാശിപിടിക്കും. നിസാര പ്രശ്നങ്ങളുടെ മേല്‍ അവര്‍ ചിലപ്പോള്‍ പ്രൊഡക്ഷന്‍ ആളുകളോട് അവര്‍ തട്ടിക്കയറും.
ഇത്തരം ചില പുതിയ നടിമാരോട് ഞാന്‍ ഉപദേശം പോലെ പറഞ്ഞുകൊടുത്ത ഒരു കാര്യമുണ്ട്. ആദ്യം പോയി ഒരു മലയാള സിനിമയില്‍ അഭിനയിച്ചിട്ടു വാ എന്നതാണത്.
മലയാളത്തിലാണെങ്കില്‍ അതിന്റേതായ ഒരു കീഴ്വഴക്കമുണ്ട്. സംവിധായകന്‍ നായികയെ ബഹുമാനിച്ചുനില്‍ക്കുന്ന അവസ്ഥയൊന്നുമില്ല. സാഹചര്യങ്ങള്‍ക്കാപ്പിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു മലയാളം സിനിമകൊണ്ടു തന്നെ അവര്‍ പഠിക്കും.
പപ്പേട്ടന്റെയും ഭരതേട്ടന്റെയുമൊക്കെ സെറ്റില്‍ നിന്ന് കിട്ടിയ അനുഭവങ്ങള്‍ ഇപ്പോഴും എന്നെ വളരെയേറെ സഹായിക്കുന്നുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ചില ചിട്ടകളൊക്കെയുണ്ടായത് ഈ വലിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുകൊണ്ടു കൂടിയാണ്.
നമ്പ്യാര്‍ സാര്‍ മലയാളിയാണെന്ന് അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ബാല്യകാലം തൊട്ടു തമിഴ്നാട്ടില്‍ ജീവിച്ച വ്യക്തിയാണ് അദ്ദേഹം. മലയാളം തെരിയാത് എന്ന് ആദ്യമേ അദ്ദേഹം പറയും. എന്നിട്ട് നല്ല മലയാളത്തില്‍ സംസാരിക്കും. അദ്ദേഹത്തിന്റെ സംസാരത്തില്‍ തന്നെ എളിമയും പരസ്പരബഹുമാനവുമുണ്ടായിരുന്നു.
നല്ലൊരു ഭക്തന്‍കൂടിയാണ് അദ്ദേഹം. ശബരിമലയില്‍ എല്ലാ വര്‍ഷവും അദ്ദേഹം പോകുമായിരുന്നു. അതും ഒരു വലിയ സംഘത്തെ ഒപ്പം കൂട്ടി. അന്നൊക്കെ മലയ്ക്കു പോകാന്‍ മാലയിട്ടിരിക്കുന്ന ആരെയെങ്കിലും കണ്ട് എപ്പോഴാണ് മലയ്ക്കു പോകുന്നതെന്നു ചോദിച്ചാല്‍ മറുപടി ഇങ്ങനെയായിരിക്കും: ''നമ്പ്യാര്‍ സാര്‍ പോകുമ്പോള്‍, ഒപ്പം...''
ഏതാണ്ട് അറുപതു വര്‍ഷത്തിലേറെക്കാലം മുടക്കംവരുത്താതെ അദ്ദേഹം ശബരിമല സന്ദര്‍ശിക്കുമായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. ഇത്ര വലിയൊരു നടനായിട്ടും അതിന്റെ പ്രതാപമെല്ലാമുണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ ദൈവത്തോടുള്ള കടമയോ ഭക്തിയോ മറന്നില്ല. എന്നു മാത്രമല്ല ഏതാണ്ട് ഇരുന്നൂറിലേറെ പേരെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ഒരോ വര്‍ഷവും അദ്ദേഹം ശ്രദ്ധിച്ചു. ഏതു ദൈവത്തിനാണ് ഈ ഭക്തി കേള്‍ക്കാതിരിക്കാനാവുക?
(തുടരും)
തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

സത്യമുള്ള സൌഹൃദം

റഹ്മാന്‍

പ്രഭുവുമായുള്ള സൌഹൃദത്തെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം ഞാനെഴുതിയത്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഒരുവര്‍ വാഴും ആലയം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ മറ്റൊരു സംഭവം കൂടി പറയാം. പ്രഭുവെന്ന സുഹൃത്തിനെ തിരിച്ചറിയാന്‍ എന്നെ സഹായിച്ച സംഭവം.
മലയാളത്തിലും തമിഴിലും ഒരേപോലെ അഭിനയിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. മലയാള താരങ്ങള്‍ക്കൊപ്പം ഒരു ഗള്‍ഫ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് എനിക്കു പോകേണ്ടതുണ്ടായിരുന്നു. ഗള്‍ഫ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഏറെ വൈകി. ക്ളൈമാക്സ് എടുക്കാന്‍ എന്നെയും കാത്തിരിക്കുകയായിരുന്നു ആ സിനിമയുടെ സെറ്റിലുള്ളവര്‍ മുഴുവന്‍. പ്രഭുവിനെ കൂടാതെ ശിവകുമാര്‍ സാറിനെപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ വരെ ദിവസങ്ങളോളം എന്നെയും നോക്കി വെറുതെയിരുന്നു. മൊബൈലൊന്നുമില്ലാത്ത കാലമല്ലേ; എന്നെ ബന്ധപ്പെടാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ സെറ്റിലേക്കു പോകാന്‍ എനിക്കു മടി തോന്നി. എല്ലാവരെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. ഒടുവില്‍, ഞാനൊരു കുതന്ത്രം പ്രയോഗിച്ചു.
ഇടത്തെ കയ്യില്‍ ഒരു ബാന്‍ഡേജ് ചുറ്റിയാണു ഞാന്‍ പിറ്റേന്നു സെറ്റിലെത്തിയത്. ഗള്‍ഫ് യാത്രയ്ക്കിടെ ചെറിയൊരു കാര്‍ ആക്സിഡന്റ് ഉണ്ടായെന്നും കൈ ഉളുക്കിയെന്നും എല്ലാവരോടും പറഞ്ഞു. നല്ല വേദനയുള്ളതു പോലെ ഞാന്‍ അഭിനയിച്ചു. പ്രഭുവിന് എന്റെ അവസ്ഥ കണ്ടപ്പോള്‍ വിഷമമായി. ഇടയ്ക്കിടെ വേദനയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ആത്മാര്‍ഥസ്നേഹത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കു കുറ്റബോധമായി. പക്ഷേ, എല്ലാവരോടും പറഞ്ഞുപോയില്ലേ. ഇനി തിരിച്ചുപറയുന്നത് എങ്ങനെ?
ക്ളൈമാക്സില്‍ ഞാന്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്ന സീനായിരുന്നു എടുക്കേണ്ടത്. മറ്റേ കൈ കൊണ്ട് തൂങ്ങിക്കിടന്നോളാം എന്നു പറഞ്ഞ് ഞാന്‍ ഷൂട്ടിങ്ങിനു തയാറായി. കൊക്കയിലേക്ക് വീഴാന്‍ കിടക്കുന്ന എന്നെ രക്ഷിക്കാന്‍ പ്രഭു ശ്രമിക്കുന്നതും ഞാന്‍ സ്വയം മരണം തിരഞ്ഞെടുത്ത് മരത്തില്‍ നിന്നു പിടിവിട്ട് താഴേക്കു പതിക്കുന്നതുമായിരുന്നു സീന്‍.
കൈയിലെ ബാന്‍ഡേജ് അഴിച്ചു മാറ്റി ഞാന്‍ ടേക്കിന് തയാറെടുത്തു. മരത്തില്‍ തൂങ്ങിക്കിടക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ മാറിപ്പോയി. വലത്തെ കൈയില്‍ തൂങ്ങേണ്ടതിനു പകരം വേദനയുണ്ടെന്നു ഞാന്‍ നേരത്തെ എല്ലാവരോടും പറഞ്ഞ ഇടത്തെ കൈയിലാണ് ഞാന്‍ തൂങ്ങിയത്.
പ്രഭു ഉടനെ വിളിച്ചു ചോദിച്ചു: റഷീന്‍, ഏതു കയ്യാണ് ഉളുക്കിയത്?
മറുപടി പറയാനാവാതെ ഞാന്‍ കുഴഞ്ഞു. ഏത് കൈയിലായിരുന്നു ബാന്‍ഡേജ് ചുറ്റിയിരുന്നതെന്നു ഞാന്‍ തന്നെ മറന്നു പോയി. എല്ലാവര്‍ക്കും കാര്യം മനസിലായി. പ്രഭു ഉറക്കെ ചിരിച്ചു. സെറ്റ് മുഴുവന്‍ കൂടെ ചിരിച്ചു.
ഇങ്ങനെ നിരവധി കഥകളുണ്ട് പ്രഭുവിനെക്കുറിച്ച് എനിക്കു പറയാന്‍. സിനിമയില്‍ എനിക്കുള്ള അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം അടുത്തയിടെ ‘ബില്ല എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. അതിന്റെ സെറ്റില്‍ വച്ച് പഴങ്കഥകള്‍ പറഞ്ഞു ഞങ്ങള്‍ ഏറെ ചിരിച്ചു.
ചെന്നൈയില്‍ കുതിരസവാരിക്കായി ഞങ്ങള്‍ ഇടയ്ക്കിടെ ഒന്നിച്ചുപോകാറുണ്ട്. എന്നെ നിര്‍ബന്ധിച്ചു ഹോഴ്സ് റൈഡിങ് ക്ളബില്‍ ചേര്‍ത്തതും അദ്ദേഹമാണ്. ചിലപ്പോള്‍ അദ്ദേഹം എന്നെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിക്കും. അതിഥികളെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ ശിവാജി സാറിനെപ്പോലെ തന്നെയാണ് പ്രഭവും. നല്ല ഭക്ഷണം വിളമ്പി, അതിഥികള്‍ അതു വയറുനിറച്ചു കഴിക്കുന്നതു കാണുമ്പോഴാണ് അദ്ദേഹത്തിന്റെ വയറു നിറയുക.
പ്രഭുവിന്റെ കോള്‍ മൊബൈലില്‍ തെളിയുമ്പോഴെ എനിക്കറിയാം. അദ്ദേഹം എന്തിനാണു വിളിക്കുന്നത്. ‘ഫോണെടുത്താലുടന്‍ മറ്റൊന്നും ചോദിക്കാതെ അദ്ദേഹം പറയും: ''‘’റഷീന്‍, ഒന്നാന്തരം ബിരിയാണി തയാറാക്കിയിട്ടുണ്ട്. കുടുംബത്തെയുംകൂട്ടി വേഗം എത്തണം.''
എന്തെങ്കിലും കാര്യത്താല്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് പോകാന്‍ പറ്റിയില്ലെങ്കില്‍ അദ്ദേഹം അതു പാഴ്സലായി കൊടുത്തയയ്ക്കും. എന്നെ എന്റെ യഥാര്‍ഥ പേരായ റഷീന്‍ എന്നു വിളിക്കുന്ന ചുരുക്കം സിനിമാക്കാരില്‍ ഒരാളാണു പ്രഭു.
പ്രഭു കഴിഞ്ഞാല്‍ പിന്നെ എന്നെ അതിശയിപ്പിച്ച സൌഹൃദം എന്നോടു കാണിച്ചത് സാക്ഷാല്‍ സത്യരാജാണ്. അക്കാലത്ത് കമലും രജനിയും കഴിഞ്ഞാല്‍ പിന്നെ സത്യരാജും പ്രഭുവും വിജയകാന്തുമായിരുന്നു തമിഴ് സിനിമയുടെ എല്ലാമെല്ലാം. ഇവര്‍ മൂന്നു പേര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
സത്യരാജിനൊപ്പം ഞാനഭിനയിച്ചത് പി.വാസു സംവിധാനം ചെയ്ത 'ഉടന്‍പിറപ്പ്' എന്ന ചിത്രത്തിലായിരുന്നു. ഒന്നിച്ചുപിറന്നില്ലെങ്കിലും കൂടപ്പിറപ്പുകളെപ്പോലൈ ആത്മാര്‍ഥമായി പരസ്പരം സ്നേഹിക്കുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയായിരുന്നു അത്. രണ്ടു സ്നേഹിതന്‍മാരില്‍ മൂത്തയാളായി സത്യരാജും ഇളയവനായി ഞാനും അഭിനയിച്ചു. സുകന്യയും കസ്തൂരിയുമായിരുന്നു ഞങ്ങളുടെ നായികമാര്‍.
അന്ന് സത്യരാജ് തമിഴിലെ സൂപ്പര്‍താരമാണ്. കുറെയധികം ഹിറ്റുകളുമായി തമിഴില്‍ എന്റെ സ്ഥാനം ഞാനും ഉറപ്പിച്ചിരുന്നു. സത്യരാജും റഹ്മാനും ഒന്നിക്കുന്നു എന്ന മട്ടില്‍ സിനിമാവാര്‍ത്തകളില്‍ ഈ ചിത്രത്തിനു വലിയ പ്രാധാന്യവും ലഭിച്ചു.
സംവിധായകനായ പി. വാസു ഈ ചിത്രത്തിന്റെ കഥ പറയാനായി എത്തിയ സന്ദര്‍ഭം ഞാനിപ്പോഴും ഒാര്‍ക്കുന്നുണ്ട്. സാധാരണ ഇരട്ടനായകവേഷങ്ങളാണെങ്കില്‍ നിര്‍മാതാക്കളോ സംവിധായകരോ കഥ പറയാനെത്തുമ്പോള്‍ നമ്മളുടെ കഥാപാത്രത്തെ കൂടുതല്‍ മികച്ചതായി അവതരിപ്പിക്കുന്ന പതിവുണ്ട്. മറ്റെ നായകനെക്കാള്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതു നമ്മുടെ വേഷമായിരിക്കുമെന്ന മട്ടിലായിരിക്കും കഥയുടെ അവതരണം. പക്ഷേ, ഞാനും സത്യരാജും ഒപ്പമിരുന്നാണു ഉടന്‍പിറപ്പിന്റെ കഥ പി.വാസുവില്‍ നിന്നു കേട്ടത്. അതുകൊണ്ടു തന്നെ, ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണെന്നു കഥ കേട്ടപ്പോള്‍ത്തന്നെ മനസിലായി.
ഡബിള്‍ ഹീറോ ഉള്ള നിരവധി ചിത്രങ്ങളില്‍ ഞാനഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും അത്തരം നിരവധി വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഞാനഭിനയിച്ച എബ്രാഹം ആന്‍ഡ് ലിങ്കന്‍, നന്മ, തുടങ്ങിയ ചിത്രങ്ങളില്‍ കലാഭവന്‍ മണിയായിരുന്നു എനിക്കൊപ്പം. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള പ്രധാന തലവേദന ഷൂട്ടിങ് സമയത്തുള്ള ആശയക്കുഴപ്പമാണ്. നമ്മുടെ വേഷത്തിനു പ്രാധാന്യം കുറഞ്ഞുപോകുമോ എന്ന ടെന്‍ഷന്‍ രണ്ടുപേര്‍ക്കുമുണ്ടാവും. പക്ഷേ, ഈയൊരു ടെന്‍ഷന്‍ ഇല്ലാതെ ഞാനഭിനയിച്ച ചിത്രമായിരുന്നു ‘ഉടന്‍പിറപ്പ്.
എന്നെക്കാള്‍ എന്റെ വേഷത്തെ കുറിച്ച് ടെന്‍ഷന്‍ സത്യരാജിനായിരുന്നു. ഒരു സീനില്‍ പോലും എനിക്കു പ്രാധാന്യം കുറയെരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു ദിവസം, സത്യരാജിനെ കാണാന്‍ ഒരുപറ്റം ആളുകള്‍ ഉടന്‍പിറപ്പിന്റെ സെറ്റില്‍ എത്തി. ഉടന്‍പിറപ്പിന്റെ നിര്‍മാതാവും സത്യാരാജ് തന്നെയായിരുന്നു.
ദൂരെ മാറി ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എത്തിയ ആളുകള്‍ സത്യരാജിനെയും സംവിധായകന്‍ പി. വാസുവിനെയും എന്തൊക്കെയോ കാണിക്കുന്നതു ഞാന്‍ ദൂരെ നിന്നു കണ്ടു.
ഒരു ബഹളം കേട്ടാണ് പിന്നെ ഞാന്‍ അങ്ങോട്ടു നോക്കിയത്. ആകെ ക്ഷുഭിതനായി സത്യരാജ്. തന്റെ കയ്യിലിരുന്ന കടലാസുകള്‍ അദ്ദേഹം ദേഷ്യപ്പെട്ടു വലിച്ചെറിഞ്ഞു. പി. വാസുവും അസ്വസ്ഥനായി എന്തൊക്കെയോ വന്ന ആളുകളോട് സംസാരിച്ചു.
പിന്നീടാണ് ഞാന്‍ കാര്യമറിഞ്ഞത്. സിനിമയുടെ ഡിസൈന്‍ ചെയ്ത പരസ്യങ്ങളുമായി എത്തിയവരോടായിരുന്നു സത്യരാജ് ക്ഷുഭിതനായി സംസാരിച്ചത്. കാര്യമെന്തെന്നോ, അവര്‍ ഡിസൈന്‍ ചെയ്ത പരസ്യത്തില്‍ സത്യരാജിനായിരുന്നു പ്രാധാന്യം. എനിക്കു ഒരു സഹനടന്റെ പ്രാധാന്യമേ ഉണ്ടായിരുന്നുള്ളു. നിര്‍മാതാവ് സത്യരാജ് തന്നെയായതു കൊണ്ട് അവര്‍ അദ്ദേഹത്തിനു പ്രാധാന്യം നല്‍കിയായിരുന്നു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
ഇങ്ങനെ മറ്റാരു ചെയ്യും? ഉടന്‍പിറപ്പിന്റെ പോസ്റ്ററുകളിലും സകലവിധ പരസ്യങ്ങളിലും സത്യരാജിനൊപ്പം അതേ പ്രാധാന്യം എനിക്കു നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സ്വന്തമായി കാശിറക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ പോലും തന്നെ ബൂസ്റ്റ് ചെയ്യാനല്ല അദ്ദേഹം ശ്രമിച്ചത്.
സത്യരാജിന്റെ മനസിന്റെ നന്മ ഇതൊക്കെയായിരുന്നു. ഉടന്‍പിറപ്പ് വന്‍ വിജയം നേടി. പിന്നീട് ഒരു ചിത്രങ്ങളില്‍ പോലും ഒന്നിച്ച് അഭിനയിക്കുന്ന സാഹചര്യം പിന്നീട് ഞങ്ങള്‍ക്കുണ്ടായില്ല. പക്ഷേ, ഇന്നും എന്റെ മനസില്‍ ആ വലിയ മനുഷ്യന്റെ സ്നേഹവും ആത്മാര്‍ഥതയും നിറഞ്ഞുനില്‍ക്കുന്നു.
ഒന്നിച്ചുപിറന്നില്ലെങ്കിലും സഹോദരങ്ങളെപ്പോലെ ജീവിച്ച ഉടന്‍പിറപ്പിലെ കഥാപാത്രങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളുടെ സൌഹൃദവും സ്നേഹവും ഇപ്പോഴും.
(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com
Related Posts Plugin for WordPress, Blogger...