റഹ്മാന്‍ ഐവി ശശിയെക്കുറിച്ച്
മലയാളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത് ഏതു സംവിധായകന്റെയാണ് എന്നു ചോദിച്ചാല്‍ ഉത്തരം ഐ.വി. ശശി എന്നായിരിക്കുമെന്നു തോന്നുന്നു. ശശികുമാര്‍, സത്യന്‍ അന്തിക്കാട്, പത്മാരാജന്‍ തുടങ്ങിയ സംവിധാകരാവും എന്നെ വച്ച് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള മറ്റു മലയാള സംവിധായകര്‍.
ശശിയേട്ടന് എന്നോട് ഒരു പ്രത്യേക അടുപ്പം പണ്ടു മുതല്‍ തന്നെയുണ്ടായിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായ 'കാണാമറയത്തിന്റെ' സംവിധായകനായിരുന്നല്ലോ അദ്ദേഹം. പത്മരാജന്റെ തിരക്കഥയില്‍ ശശിയേട്ടന്‍ ഒരുക്കിയ അതിമനോഹര ചിത്രം. കാണാമറയത്തിന്റെ സെറ്റിലെ പല കഥകളും ഇതിനു മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. ആ ചിത്രത്തില്‍ വച്ചാണ് ഞാനും ശോഭനയും ആദ്യമായി ഒന്നിക്കുന്നത്.
പിന്നീട് ശശിയേട്ടനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏതാണ്ട് നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു വലിയ സംവിധായകനാണ് അദ്ദേഹം. ഐ.വി. ശശി എന്ന പേരു ഒരു കാലത്ത് മലയാളത്തിലെ കൊമേഴ്സിയല്‍ സംവിധായകരിലെ അവസാന വാക്കായിരുന്നു. എനിക്കു തോന്നുന്നു മമ്മുക്കയും ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ശശിയേട്ടന്റെ സിനിമായിലാണെന്ന്. കമലാഹാസനും രജനീകാന്തും വരെ ശശിയേട്ടന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1984 ല്‍ ഞാന്‍ കാണാമറയത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ തന്നെ അദ്ദേഹം ഏതാണ്ട് അമ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു കഴിഞ്ഞിരുന്നു. ഇത്രയും വലിയ എക്സ്പീരയന്‍സ്ഡ് ആയ ഒരു സംവിധായകന്റെ കീഴില്‍ അഭിനയിക്കുന്നതിന്റെ ഒരു ത്രില്‍ എനിക്ക് അന്നുണ്ടായിരുന്നു. പോരാത്തതിന് പപ്പേട്ടന്റെ തിരക്കഥയും.
ആ വര്‍ഷം തന്നെ രണ്ടു ചിത്രങ്ങള്‍ക്കു കൂടി ശശിയേട്ടന്‍ എന്നെ വിളിച്ചു. രണ്ടും എം.ടി. സാറിന്റെ തിരക്കഥയില്‍. ഉയരങ്ങളിലും അടിയൊഴുക്കുകളും. ഈ രണ്ടു ചിത്രങ്ങളിലും എനിക്കു നല്ല വേഷമായിരുന്നു. ഉയരങ്ങളില്‍ നെഗറ്റീവ് ടച്ചുള്ള നായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍. കൂടാതെ കാജല്‍ കിരണ്‍.
ആദ്യമായി താടിവച്ചു ഞാന്‍ അഭിനയിച്ച ചിത്രം കൂടിയാണത്. ഭയം, നിരാശ എന്നിവയായിരുന്നു എന്റെ കഥാപാത്രത്തിന്റെ മുഖത്ത് ഉണ്ടാവേണ്ട പ്രധാന വികാരങ്ങള്‍. സുഹൃത്തിനോടുള്ള സ്നേഹം, അതിനൊപ്പം തന്നെ ഭയം, തിന്മയോടു യോജിക്കാന്‍ സാധികാത്തപ്പോള്‍ തന്നെ നിസംഗനായി പ്രതികരിക്കാനാവാതെ നില്‍ക്കേണ്ട അവസ്ഥ... വ്യത്യസ്തതയുള്ള ഒരു കഥാപാത്രമായിരുന്നു എം.ടി. സാര്‍ എഴുതിയിരുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രവും വളരെ വ്യത്യസ്തതയുള്ളതായിരുന്നു.
എം.ടി. സാര്‍ തന്നെയായിരുന്നു എന്റെ അടുത്ത ഐ.വി. ശശി സിനിമയുടെയും തിരക്കഥ രചിച്ചത്. അടിയൊഴുക്കുകള്‍ എന്ന ആ സിനിമ മമ്മൂട്ടിയുടെ മികച്ച വേഷം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എനിക്കും ലാലിനും അതില്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളുണ്ടായിരുന്നു. അങ്ങാടിക്കപ്പുറത്ത്, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളും പിന്നാലെ വന്നു. ഈ ചിത്രങ്ങളിലൊക്കെയും എനിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുണ്ടായിരുന്നു.
ശശിയേട്ടന്റെ ഇത്രയും കാലം, കൂടണയും കാറ്റ്, മുക്തി, അപാരത തുടങ്ങിയ ചിത്രങ്ങളിലും ഞാന്‍ പിന്നീട് അഭിനയിച്ചു. പദവി എന്നൊരു ചിത്രവും ശശിയേട്ടന്‍ എന്നെ വച്ച് സംവിധാനം ചെയ്തിരുന്നു.
തമിഴിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞാന്‍ മലയാളത്തില്‍ മടങ്ങിയെത്തിയ ചിത്രമായിരുന്നു മുക്തി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. തലതെറിച്ച ഇളയ സഹോദരനായി ഞാനും. ലോഹിതദാസായിരുന്നു മുക്തിയുടെ തിരക്കഥാകൃത്ത്. അടിത്തറയുള്ള കഥയും സുന്ദരമായ സംഭാഷണങ്ങളും ആയിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത. തിലകന്‍ ചേട്ടന്റെ അസാമാന്യ പ്രകടനമായിരുന്നു ചിത്രത്തില്‍.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഈ ഒരു ചിത്രത്തില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞുള്ളു.അന്ന് അദ്ദേഹവും തുടക്കകാലമാണ്. ജീവിതഗന്ധിയായ നിരവധി മനോഹരമായ ചിത്രങ്ങള്‍ക്ക് അദ്ദേഹം പിന്നീട് തിരക്കഥ എഴുതി. ഏതായാലും എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന്‍, ലോഹിതദാസ് തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ സംവിധായകനായി ഐ.വി. ശശി ഉണ്ടായിരുന്നു.
മുക്തിക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ എനിക്കു സാധിച്ചില്ല. തമിഴിലെ തിരക്കുകളായിരുന്നു കാരണം. അങ്ങനെ കുറെ ഗ്യാപ്പ് കൂടി വന്നു. ഒടുവില്‍ വീണ്ടും ഞാന്‍ മലയാളത്തിലേക്ക് മടങ്ങിവന്നതും ശശിയേട്ടന്റെ ചിത്രത്തിലൂടെയായിരുന്നു. സാമാന്യം നല്ല വിജയം നേടിയ അപാരത എന്ന ആ ചിത്രത്തില്‍ എനിക്കു നല്ലൊരു നായകവേഷമായിരുന്നു. സുകന്യയും ഉര്‍വശിയുമായിരുന്നു നായികമാര്‍.
ഇന്നത്തെ തമിഴ് സൂപ്പര്‍താരം വിക്രം, ശോഭന, ലക്ഷ്മി എന്നിവരായിരുന്നു പദവയില്‍ എനിക്കൊപ്പം അഭിനയിച്ച മറ്റുതാരങ്ങള്‍. ഇന്ദിരഗാന്ധിയുടെ കുടുംബത്തിന്റെ കഥ പശ്ചാത്തലമാക്കിയൊരുക്കിയ ഈ സിനിമ ഗോവയില്‍ വച്ച് ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തതാണ്. രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ഞാനും സഞ്ജയ് ഗാന്ധിയെപ്പോലെയുള്ള സഹോദരനായി വിക്രമും ആയിരുന്നു അഭിനയിച്ചത്. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ ചിത്രം പാതിവഴിയില്‍ മുടങ്ങിപ്പോയി.
ശശിയേട്ടന്റെ സിനിമകളില്‍ കഥാപാത്രങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്നു പറയാറുണ്ട്. ഒരു ഷോട്ടില്‍ തന്നെ പത്തും പതിനഞ്ചും താരങ്ങള്‍ അഭിനയിക്കുന്നുണ്ടാവും. അതില്‍ തന്നെ ചിലപ്പോള്‍ സൂപ്പര്‍താരങ്ങളും കാണും. ഇത്രയും പേരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഒന്നിപ്പിക്കുന്നു എന്നതു മാത്രമല്ല കാര്യം. ഒരാള്‍ക്കും പിന്നീട് ആ സീനിനെക്കുറിച്ചോ തങ്ങളുടെ വേഷത്തിന്റെ പ്രധാന്യത്തെ കുറിച്ചോ പരാതിയുണ്ടാവില്ല.
സാധാരണ ഒരു ചിത്രത്തില്‍ രണ്ടു വലിയ താരങ്ങളുണ്ടെങ്കില്‍ തന്നെ പരാതികളാവും. തന്റെ സീനുകള്‍ കുറഞ്ഞുപോയെന്നും മറ്റെയാള്‍ക്കാണ് പ്രധാന്യം കിട്ടിയതെന്നുമൊക്കെയുള്ള പതിവു പരാതികള്‍ പക്ഷേ, ശശിയേട്ടന്റെ സിനിമകളില്‍ ഉണ്ടാവാറില്ല.
ശശിയേട്ടന്റെ സിനിമയില്‍ താരങ്ങള്‍ കൂടുതലുണ്ടാവും. അതുകൊണ്ട് തന്നെ സെറ്റിലെപ്പോഴും ഒരു ബഹളമായിരിക്കും. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ സ്പീഡിനെയോ ടേക്കിങ്ങിനെയോ ബാധിക്കാറില്ല.
ശരിക്കും ഒരു യാത്രാക്കപ്പലിന്റെ ക്യാപ്റ്റനെപ്പോലെയാണ് ഐ.വി. ശശി. കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് ഒാടിക്കുകയും അതോടൊപ്പം തന്നെ യാത്രക്കാരുടെ സുഖസൌകര്യങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് ഒരു പോരായ്മയും ഇല്ലാതാക്കാന്‍ നോക്കുകയും ചെയ്യും. അങ്ങനെനോക്കുമ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ശശിയേട്ടന്‍.
ശശിയേട്ടന്റെ വേഗതയും ടേക്കിങ് രീതികളും പോലെ വ്യത്യസ്തമാണ് തമിഴില്‍ എനിക്ക് ബ്രേക് തന്നെ കെ. ബാലചന്ദ്രന്‍ സാറിന്റെതും.
(തുടരും)
Subscribe to:
Post Comments (Atom)
ശരിക്കും ഒരു യാത്രാക്കപ്പലിന്റെ ക്യാപ്റ്റനെപ്പോലെയാണ് ഐ.വി. ശശി. കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് ഒാടിക്കുകയും അതോടൊപ്പം തന്നെ യാത്രക്കാരുടെ സുഖസൌകര്യങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് ഒരു പോരായ്മയും ഇല്ലാതാക്കാന്‍ നോക്കുകയും ചെയ്യും. അങ്ങനെനോക്കുമ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ശശിയേട്ടന്‍.
ReplyDeleteVacuum of padmarajn & Bharathan only IV Sasi used Rahman's complete potential in films. IV Sasi is not getting films resulted Rahman's career become worsen. But we are sure, both will come back with bang. best of luck to both.
ReplyDeleteAjith
Great blog I enjoyed reading it.
ReplyDelete