സത്യമുള്ള സൌഹൃദം

റഹ്മാന്‍

പ്രഭുവുമായുള്ള സൌഹൃദത്തെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം ഞാനെഴുതിയത്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഒരുവര്‍ വാഴും ആലയം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ മറ്റൊരു സംഭവം കൂടി പറയാം. പ്രഭുവെന്ന സുഹൃത്തിനെ തിരിച്ചറിയാന്‍ എന്നെ സഹായിച്ച സംഭവം.
മലയാളത്തിലും തമിഴിലും ഒരേപോലെ അഭിനയിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. മലയാള താരങ്ങള്‍ക്കൊപ്പം ഒരു ഗള്‍ഫ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് എനിക്കു പോകേണ്ടതുണ്ടായിരുന്നു. ഗള്‍ഫ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഏറെ വൈകി. ക്ളൈമാക്സ് എടുക്കാന്‍ എന്നെയും കാത്തിരിക്കുകയായിരുന്നു ആ സിനിമയുടെ സെറ്റിലുള്ളവര്‍ മുഴുവന്‍. പ്രഭുവിനെ കൂടാതെ ശിവകുമാര്‍ സാറിനെപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ വരെ ദിവസങ്ങളോളം എന്നെയും നോക്കി വെറുതെയിരുന്നു. മൊബൈലൊന്നുമില്ലാത്ത കാലമല്ലേ; എന്നെ ബന്ധപ്പെടാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ സെറ്റിലേക്കു പോകാന്‍ എനിക്കു മടി തോന്നി. എല്ലാവരെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. ഒടുവില്‍, ഞാനൊരു കുതന്ത്രം പ്രയോഗിച്ചു.
ഇടത്തെ കയ്യില്‍ ഒരു ബാന്‍ഡേജ് ചുറ്റിയാണു ഞാന്‍ പിറ്റേന്നു സെറ്റിലെത്തിയത്. ഗള്‍ഫ് യാത്രയ്ക്കിടെ ചെറിയൊരു കാര്‍ ആക്സിഡന്റ് ഉണ്ടായെന്നും കൈ ഉളുക്കിയെന്നും എല്ലാവരോടും പറഞ്ഞു. നല്ല വേദനയുള്ളതു പോലെ ഞാന്‍ അഭിനയിച്ചു. പ്രഭുവിന് എന്റെ അവസ്ഥ കണ്ടപ്പോള്‍ വിഷമമായി. ഇടയ്ക്കിടെ വേദനയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ആത്മാര്‍ഥസ്നേഹത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കു കുറ്റബോധമായി. പക്ഷേ, എല്ലാവരോടും പറഞ്ഞുപോയില്ലേ. ഇനി തിരിച്ചുപറയുന്നത് എങ്ങനെ?
ക്ളൈമാക്സില്‍ ഞാന്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്ന സീനായിരുന്നു എടുക്കേണ്ടത്. മറ്റേ കൈ കൊണ്ട് തൂങ്ങിക്കിടന്നോളാം എന്നു പറഞ്ഞ് ഞാന്‍ ഷൂട്ടിങ്ങിനു തയാറായി. കൊക്കയിലേക്ക് വീഴാന്‍ കിടക്കുന്ന എന്നെ രക്ഷിക്കാന്‍ പ്രഭു ശ്രമിക്കുന്നതും ഞാന്‍ സ്വയം മരണം തിരഞ്ഞെടുത്ത് മരത്തില്‍ നിന്നു പിടിവിട്ട് താഴേക്കു പതിക്കുന്നതുമായിരുന്നു സീന്‍.
കൈയിലെ ബാന്‍ഡേജ് അഴിച്ചു മാറ്റി ഞാന്‍ ടേക്കിന് തയാറെടുത്തു. മരത്തില്‍ തൂങ്ങിക്കിടക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ മാറിപ്പോയി. വലത്തെ കൈയില്‍ തൂങ്ങേണ്ടതിനു പകരം വേദനയുണ്ടെന്നു ഞാന്‍ നേരത്തെ എല്ലാവരോടും പറഞ്ഞ ഇടത്തെ കൈയിലാണ് ഞാന്‍ തൂങ്ങിയത്.
പ്രഭു ഉടനെ വിളിച്ചു ചോദിച്ചു: റഷീന്‍, ഏതു കയ്യാണ് ഉളുക്കിയത്?
മറുപടി പറയാനാവാതെ ഞാന്‍ കുഴഞ്ഞു. ഏത് കൈയിലായിരുന്നു ബാന്‍ഡേജ് ചുറ്റിയിരുന്നതെന്നു ഞാന്‍ തന്നെ മറന്നു പോയി. എല്ലാവര്‍ക്കും കാര്യം മനസിലായി. പ്രഭു ഉറക്കെ ചിരിച്ചു. സെറ്റ് മുഴുവന്‍ കൂടെ ചിരിച്ചു.
ഇങ്ങനെ നിരവധി കഥകളുണ്ട് പ്രഭുവിനെക്കുറിച്ച് എനിക്കു പറയാന്‍. സിനിമയില്‍ എനിക്കുള്ള അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം അടുത്തയിടെ ‘ബില്ല എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. അതിന്റെ സെറ്റില്‍ വച്ച് പഴങ്കഥകള്‍ പറഞ്ഞു ഞങ്ങള്‍ ഏറെ ചിരിച്ചു.
ചെന്നൈയില്‍ കുതിരസവാരിക്കായി ഞങ്ങള്‍ ഇടയ്ക്കിടെ ഒന്നിച്ചുപോകാറുണ്ട്. എന്നെ നിര്‍ബന്ധിച്ചു ഹോഴ്സ് റൈഡിങ് ക്ളബില്‍ ചേര്‍ത്തതും അദ്ദേഹമാണ്. ചിലപ്പോള്‍ അദ്ദേഹം എന്നെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിക്കും. അതിഥികളെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ ശിവാജി സാറിനെപ്പോലെ തന്നെയാണ് പ്രഭവും. നല്ല ഭക്ഷണം വിളമ്പി, അതിഥികള്‍ അതു വയറുനിറച്ചു കഴിക്കുന്നതു കാണുമ്പോഴാണ് അദ്ദേഹത്തിന്റെ വയറു നിറയുക.
പ്രഭുവിന്റെ കോള്‍ മൊബൈലില്‍ തെളിയുമ്പോഴെ എനിക്കറിയാം. അദ്ദേഹം എന്തിനാണു വിളിക്കുന്നത്. ‘ഫോണെടുത്താലുടന്‍ മറ്റൊന്നും ചോദിക്കാതെ അദ്ദേഹം പറയും: ''‘’റഷീന്‍, ഒന്നാന്തരം ബിരിയാണി തയാറാക്കിയിട്ടുണ്ട്. കുടുംബത്തെയുംകൂട്ടി വേഗം എത്തണം.''
എന്തെങ്കിലും കാര്യത്താല്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് പോകാന്‍ പറ്റിയില്ലെങ്കില്‍ അദ്ദേഹം അതു പാഴ്സലായി കൊടുത്തയയ്ക്കും. എന്നെ എന്റെ യഥാര്‍ഥ പേരായ റഷീന്‍ എന്നു വിളിക്കുന്ന ചുരുക്കം സിനിമാക്കാരില്‍ ഒരാളാണു പ്രഭു.
പ്രഭു കഴിഞ്ഞാല്‍ പിന്നെ എന്നെ അതിശയിപ്പിച്ച സൌഹൃദം എന്നോടു കാണിച്ചത് സാക്ഷാല്‍ സത്യരാജാണ്. അക്കാലത്ത് കമലും രജനിയും കഴിഞ്ഞാല്‍ പിന്നെ സത്യരാജും പ്രഭുവും വിജയകാന്തുമായിരുന്നു തമിഴ് സിനിമയുടെ എല്ലാമെല്ലാം. ഇവര്‍ മൂന്നു പേര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
സത്യരാജിനൊപ്പം ഞാനഭിനയിച്ചത് പി.വാസു സംവിധാനം ചെയ്ത 'ഉടന്‍പിറപ്പ്' എന്ന ചിത്രത്തിലായിരുന്നു. ഒന്നിച്ചുപിറന്നില്ലെങ്കിലും കൂടപ്പിറപ്പുകളെപ്പോലൈ ആത്മാര്‍ഥമായി പരസ്പരം സ്നേഹിക്കുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയായിരുന്നു അത്. രണ്ടു സ്നേഹിതന്‍മാരില്‍ മൂത്തയാളായി സത്യരാജും ഇളയവനായി ഞാനും അഭിനയിച്ചു. സുകന്യയും കസ്തൂരിയുമായിരുന്നു ഞങ്ങളുടെ നായികമാര്‍.
അന്ന് സത്യരാജ് തമിഴിലെ സൂപ്പര്‍താരമാണ്. കുറെയധികം ഹിറ്റുകളുമായി തമിഴില്‍ എന്റെ സ്ഥാനം ഞാനും ഉറപ്പിച്ചിരുന്നു. സത്യരാജും റഹ്മാനും ഒന്നിക്കുന്നു എന്ന മട്ടില്‍ സിനിമാവാര്‍ത്തകളില്‍ ഈ ചിത്രത്തിനു വലിയ പ്രാധാന്യവും ലഭിച്ചു.
സംവിധായകനായ പി. വാസു ഈ ചിത്രത്തിന്റെ കഥ പറയാനായി എത്തിയ സന്ദര്‍ഭം ഞാനിപ്പോഴും ഒാര്‍ക്കുന്നുണ്ട്. സാധാരണ ഇരട്ടനായകവേഷങ്ങളാണെങ്കില്‍ നിര്‍മാതാക്കളോ സംവിധായകരോ കഥ പറയാനെത്തുമ്പോള്‍ നമ്മളുടെ കഥാപാത്രത്തെ കൂടുതല്‍ മികച്ചതായി അവതരിപ്പിക്കുന്ന പതിവുണ്ട്. മറ്റെ നായകനെക്കാള്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതു നമ്മുടെ വേഷമായിരിക്കുമെന്ന മട്ടിലായിരിക്കും കഥയുടെ അവതരണം. പക്ഷേ, ഞാനും സത്യരാജും ഒപ്പമിരുന്നാണു ഉടന്‍പിറപ്പിന്റെ കഥ പി.വാസുവില്‍ നിന്നു കേട്ടത്. അതുകൊണ്ടു തന്നെ, ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണെന്നു കഥ കേട്ടപ്പോള്‍ത്തന്നെ മനസിലായി.
ഡബിള്‍ ഹീറോ ഉള്ള നിരവധി ചിത്രങ്ങളില്‍ ഞാനഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും അത്തരം നിരവധി വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഞാനഭിനയിച്ച എബ്രാഹം ആന്‍ഡ് ലിങ്കന്‍, നന്മ, തുടങ്ങിയ ചിത്രങ്ങളില്‍ കലാഭവന്‍ മണിയായിരുന്നു എനിക്കൊപ്പം. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള പ്രധാന തലവേദന ഷൂട്ടിങ് സമയത്തുള്ള ആശയക്കുഴപ്പമാണ്. നമ്മുടെ വേഷത്തിനു പ്രാധാന്യം കുറഞ്ഞുപോകുമോ എന്ന ടെന്‍ഷന്‍ രണ്ടുപേര്‍ക്കുമുണ്ടാവും. പക്ഷേ, ഈയൊരു ടെന്‍ഷന്‍ ഇല്ലാതെ ഞാനഭിനയിച്ച ചിത്രമായിരുന്നു ‘ഉടന്‍പിറപ്പ്.
എന്നെക്കാള്‍ എന്റെ വേഷത്തെ കുറിച്ച് ടെന്‍ഷന്‍ സത്യരാജിനായിരുന്നു. ഒരു സീനില്‍ പോലും എനിക്കു പ്രാധാന്യം കുറയെരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു ദിവസം, സത്യരാജിനെ കാണാന്‍ ഒരുപറ്റം ആളുകള്‍ ഉടന്‍പിറപ്പിന്റെ സെറ്റില്‍ എത്തി. ഉടന്‍പിറപ്പിന്റെ നിര്‍മാതാവും സത്യാരാജ് തന്നെയായിരുന്നു.
ദൂരെ മാറി ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എത്തിയ ആളുകള്‍ സത്യരാജിനെയും സംവിധായകന്‍ പി. വാസുവിനെയും എന്തൊക്കെയോ കാണിക്കുന്നതു ഞാന്‍ ദൂരെ നിന്നു കണ്ടു.
ഒരു ബഹളം കേട്ടാണ് പിന്നെ ഞാന്‍ അങ്ങോട്ടു നോക്കിയത്. ആകെ ക്ഷുഭിതനായി സത്യരാജ്. തന്റെ കയ്യിലിരുന്ന കടലാസുകള്‍ അദ്ദേഹം ദേഷ്യപ്പെട്ടു വലിച്ചെറിഞ്ഞു. പി. വാസുവും അസ്വസ്ഥനായി എന്തൊക്കെയോ വന്ന ആളുകളോട് സംസാരിച്ചു.
പിന്നീടാണ് ഞാന്‍ കാര്യമറിഞ്ഞത്. സിനിമയുടെ ഡിസൈന്‍ ചെയ്ത പരസ്യങ്ങളുമായി എത്തിയവരോടായിരുന്നു സത്യരാജ് ക്ഷുഭിതനായി സംസാരിച്ചത്. കാര്യമെന്തെന്നോ, അവര്‍ ഡിസൈന്‍ ചെയ്ത പരസ്യത്തില്‍ സത്യരാജിനായിരുന്നു പ്രാധാന്യം. എനിക്കു ഒരു സഹനടന്റെ പ്രാധാന്യമേ ഉണ്ടായിരുന്നുള്ളു. നിര്‍മാതാവ് സത്യരാജ് തന്നെയായതു കൊണ്ട് അവര്‍ അദ്ദേഹത്തിനു പ്രാധാന്യം നല്‍കിയായിരുന്നു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
ഇങ്ങനെ മറ്റാരു ചെയ്യും? ഉടന്‍പിറപ്പിന്റെ പോസ്റ്ററുകളിലും സകലവിധ പരസ്യങ്ങളിലും സത്യരാജിനൊപ്പം അതേ പ്രാധാന്യം എനിക്കു നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സ്വന്തമായി കാശിറക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ പോലും തന്നെ ബൂസ്റ്റ് ചെയ്യാനല്ല അദ്ദേഹം ശ്രമിച്ചത്.
സത്യരാജിന്റെ മനസിന്റെ നന്മ ഇതൊക്കെയായിരുന്നു. ഉടന്‍പിറപ്പ് വന്‍ വിജയം നേടി. പിന്നീട് ഒരു ചിത്രങ്ങളില്‍ പോലും ഒന്നിച്ച് അഭിനയിക്കുന്ന സാഹചര്യം പിന്നീട് ഞങ്ങള്‍ക്കുണ്ടായില്ല. പക്ഷേ, ഇന്നും എന്റെ മനസില്‍ ആ വലിയ മനുഷ്യന്റെ സ്നേഹവും ആത്മാര്‍ഥതയും നിറഞ്ഞുനില്‍ക്കുന്നു.
ഒന്നിച്ചുപിറന്നില്ലെങ്കിലും സഹോദരങ്ങളെപ്പോലെ ജീവിച്ച ഉടന്‍പിറപ്പിലെ കഥാപാത്രങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളുടെ സൌഹൃദവും സ്നേഹവും ഇപ്പോഴും.
(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

3 comments:

  1. ടന്‍പിറപ്പിന്റെ പോസ്റ്ററുകളിലും സകലവിധ പരസ്യങ്ങളിലും സത്യരാജിനൊപ്പം അതേ പ്രാധാന്യം എനിക്കു നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സ്വന്തമായി കാശിറക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ പോലും തന്നെ ബൂസ്റ്റ് ചെയ്യാനല്ല അദ്ദേഹം ശ്രമിച്ചത്.
    സത്യരാജിന്റെ മനസിന്റെ നന്മ ഇതൊക്കെയായിരുന്നു.

    ReplyDelete
  2. റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

    ReplyDelete

Related Posts Plugin for WordPress, Blogger...