കളിയും അല്‍പം കാര്യവും - 2
റഹ്മാന്‍
പത്മരാജന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍...?
ഒട്ടുമിക്ക അഭിമുഖങ്ങളിലും ഇപ്പോള്‍ ഞാന്‍ നേരിടുന്ന ഒരു ചോദ്യമാണിത്. ഞാന്‍ തന്നെ പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യം.
ശരിയാണ്. പപ്പേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും എനിക്കു നല്ല അവസരങ്ങള്‍ തരുമായിരുന്നു. പക്ഷേ, എനിക്കു വേണ്ടി മാത്രം സിനിമയെടുക്കുന്ന ആളൊന്നുമല്ലല്ലോ അദ്ദേഹം. കഥാപാത്രത്തിനു യോജിക്കുന്ന താരങ്ങളെ മാത്രമാണ് അദ്ദേഹം വിളിച്ചിരുന്നത്. നടനല്ല, കഥാപാത്രമാണു വലുതെന്ന് വിശ്വസിച്ചിരുന്ന സംവിധായകനായിരുന്നു അദ്ദേഹം.
'കൂടെവിടെ'യില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുന്നതിനായി അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ചെന്നു നിന്നത് എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. സ്ക്രിപ്റ്റില്‍ വായിച്ചു സീന്‍ പ്ളാന്‍ ചെയ്യുകയോ മറ്റോ ആയിരുന്നു അദ്ദേഹം. എന്നെ സൂക്ഷിച്ചുനോക്കി. ''താടി വടിക്കരുത്.''- ഇത്രയും മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
രവി പുത്തൂരാന്‍ എന്ന കഥാപാത്രമാകാന്‍ മറ്റൊരു കുട്ടി എത്തിയിരുന്നു. ചില സീനുകള്‍ അയാളെ വച്ച് പപ്പേട്ടന്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നെ എന്തുകൊണ്ടോ അയാളെ മാറ്റി.
അങ്ങനെയാണ് ഞാന്‍ വീണ്ടും പപ്പേട്ടന്റെ മുന്നിലെത്തുന്നത്.
''നീ രവി പുത്തൂരാനാകുന്നു...എന്താ..?'' - പപ്പേട്ടന്‍ ചോദിച്ചു.
പപ്പേട്ടന്റെ മുന്‍ ചിത്രമായ 'ഒരിടത്തൊരു ഫയല്‍വാനില്‍' നായകനായത് റഷീദ് എന്നു പേരുള്ള ഒരു നടനായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, 'റഷീന്‍' എന്ന പേരു വേണ്ട എന്നു പപ്പേട്ടന്‍ പറഞ്ഞു.
''റഷീന്‍ റഹ്മാന്‍' എന്ന പേരില്‍ നിന്ന് റഷീന്‍ കളയാം. റഹ്മാന്‍ മതി.''- പപ്പേട്ടന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ റഹ്മാന്‍ മാത്രമായി.
മമ്മൂട്ടിയും സുഹാസിനിയും ഞാനും ഉള്‍പ്പെടുന്ന ഒരു സീനാണ് പപ്പേട്ടന്‍ ആദ്യമായി എടുത്തത്. മമ്മൂക്ക അന്ന് സിനിമയില്‍ അറിയപ്പെടുന്ന താരമായിക്കഴിഞ്ഞു. പക്ഷേ, മമ്മൂട്ടി എന്നൊരു നടനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. വല്ലപ്പോഴും ഇംഗീഷ് സിനിമകള്‍ കാണുന്നതല്ലാതെ അക്കാലത്ത് ഞാന്‍ മലയാള സിനിമകളൊന്നും കണ്ടിരുന്നില്ല. കാണാന്‍ അവസരമില്ലായിരുന്നു എന്നതാണ് ശരി. ഊട്ടിയിലെ തിയറ്ററുകളിലൊക്കെ തമിഴ് ചിത്രങ്ങള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.
പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് നേരെ സെറ്റിലേക്കു വരികയായിരുന്നു ഞാന്‍. സുഹാസിനി അഭിനയിക്കുന്ന കഥാപാത്രമായ ടീച്ചറുടെ വീട്ടില്‍ വച്ചു മമ്മൂട്ടിയോടു 'ഡോണ്ട് ടോക് നോണ്‍സെന്‍സ്' എന്നു പറഞ്ഞു ദേഷ്യപ്പെട്ട് പുറത്തേക്കിറങ്ങിപ്പോകുന്ന സീനായിരുന്നു ഞാന്‍ അഭിനയിക്കേണ്ടത്.
പപ്പേട്ടന്‍ എങ്ങനെ അഭിനയിക്കണമെന്നും എന്താണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വ്യക്തമായി അഭിനയിച്ചു കാണിച്ചു തന്നു. എനിക്ക് കാര്യമായ ടെന്‍ഷനൊന്നുമില്ലായിരുന്നു. പപ്പേട്ടന്‍ പറഞ്ഞുതന്നതു പോലെ തന്നെ ഞാന്‍ അഭിനയിച്ചു. ടേക്ക് ഒകെയായി. അതോടെ എനിക്കു പൂര്‍ണ ധൈര്യമായി.
മകനോടുള്ള വാത്സല്യമായിരുന്നു പപ്പേട്ടന് എന്നോട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ പോലും എന്നെ അടുത്തുവിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകള്‍ പറഞ്ഞു മനസിലാക്കി തരും. അഭിനയത്തിന്റെ സൂഷ്മമായ തലങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ടേക്ക് ഒാക്കെയായില്ലെങ്കില്‍ വീണ്ടും പറഞ്ഞുതരും. അദ്ദേഹത്തിന് ആവശ്യമുള്ളതു കിട്ടുന്നതു വരെ അതു തുടരും. അതെല്ലാം അതേപടി നമ്മില്‍ നിന്നു പുറത്തെടുപ്പിക്കും.
സെറ്റില്‍ ശബ്ദമുയര്‍ത്തി ദേഷ്യപ്പെടുകയൊന്നുമില്ല. പക്ഷേ, ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്റെ മുഖം കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാവും. എനിക്ക് ഒരിക്കലും അങ്ങനെയൊരു മുഖം അദ്ദേഹത്തില്‍ നിന്നു കാണേണ്ടിവന്നിട്ടില്ല. അത് എന്നോടുള്ള പ്രത്യേക വാത്സല്യം കൊണ്ടുതന്നെയാണെന്ന് എനിക്കു തോന്നുന്നു.
കൂടെവിടെയ്ക്കു ശേഷം 'അരപ്പട്ട കെട്ടിയ ഗ്രമം' എടുത്തപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ, എന്തുകൊണ്ടോ അവസാനം ആ വേഷം ചെയ്തത് അശോകനായിരുന്നു. കഥാപാത്രത്തിനു കുറച്ചുകൂടി യോജിക്കുക അശോകനാണെന്ന് അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവും.
പപ്പേട്ടന്റെ കൂടെ മൂന്നു ചിത്രങ്ങളില്‍ കൂടി ഞാന്‍ അഭിനയിച്ചു. ആദ്യമായി എനിക്കൊരൂ പൂര്‍ണ നായകവേഷം തന്നതും പപ്പേട്ടനായിരുന്നു. 'പറന്ന് പറന്ന് പറന്ന്' ആയിരുന്നു ആ ചിത്രം. ഐ. വി. ശശിയുടെ 'കാണാമറയത്തി'ലേക്ക് എന്നെ വിളിച്ചതും പപ്പേട്ടന്‍ പറഞ്ഞിട്ടായിരുന്നു. അദ്ദേഹമായിരുന്നല്ലോ അതിന്റെ തിരക്കഥ. 'കരിയിലക്കാറ്റു പോലെ'യാണ് പിന്നെ ഞാന്‍ ചെയ്ത പത്മരാജന്‍ സിനിമ. മമ്മൂക്കയും ലാലേട്ടനും ആ ചിത്രത്തിലുണ്ടായിരുന്നെങ്കിലും എനിക്കു മികച്ച വേഷമായിരുന്നു.
പപ്പേട്ടന്‍ മരിക്കുമ്പോള്‍ മദ്രാസില്‍ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ഒരു നിമിഷം ഞാന്‍ തരിച്ചുനിന്നു പോയി. എന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എന്തെഴുതണമെന്ന് എനിക്കറിയില്ല. പപ്പേട്ടനെ കണ്ടിട്ടു തന്നെ നാളുകളായി. ഫോണ്‍ വിളിയോ മറ്റു ബന്ധങ്ങളോ ഒന്നുമില്ല. പക്ഷേ, എന്നിട്ടും ഏറ്റവും അടുത്ത ഒരാള്‍ മരിച്ചുപോകുമ്പോള്‍ തോന്നുന്ന പോലെ ഒരു അനാഥത്വം എനിക്ക് അനുഭവപ്പെട്ടു.
മമ്മൂട്ടിയും സൈനുദ്ദീനും അന്ന് മദ്രാസിലുണ്ടായിരുന്നു. പപ്പേട്ടനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് വരുമ്പോള്‍ അവരും ട്രെയിനിലുണ്ടായിരുന്നു.
ട്രെയിനിലിരിക്കുമ്പോള്‍ പപ്പേട്ടനെ അവസാനമായി കണ്ട ദൃശ്യങ്ങള്‍ മനസില്‍ മായാതെ നിന്നു. മൂന്നാംപക്കത്തിന്റെ സെറ്റില്‍ വച്ചായിരുന്നു അവസാന കാഴ്ച. ആ ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. നായകന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്.
പപ്പേട്ടന്‍ എന്നോടു പറഞ്ഞു: ''നിന്റെ വേഷം ചെറുതാണെന്ന് ഒാര്‍ത്ത് വിഷമിക്കണ്ട. ഇനിയും അവസരങ്ങളില്ലേ. ശരിയാക്കാം.''
ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എത്ര ചെറിയ കഥാപാത്രമാണെങ്കിലും പപ്പേട്ടന്‍ പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കും. അത് അദ്ദേഹത്തിനുമറിയാം.
പക്ഷേ, എനിക്കു തന്നെ വാക്ക് പാലിക്കാന്‍ നില്‍ക്കാതെ, രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി എനിക്കു തരാതെ, അദ്ദേഹം പോയി. ഗന്ധര്‍വലോകത്തേക്ക്...
(തുടരും.)
കടപ്പാട്- രാഷ്റ്റ്രദീപിക സിനിമ. തയാറാക്കിയത് - എ.എസ്. ദിനേഷ്
''റഷീന്‍ റഹ്മാന്‍' എന്ന പേരില്‍ നിന്ന് റഷീന്‍ കളയാം. റഹ്മാന്‍ മതി.''- പപ്പേട്ടന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ റഹ്മാന്‍ മാത്രമായി.
ReplyDeleteനടന്‍ റഹ്മാന്റെ അനുഭവക്കുറിപ്പുകള്‍- 2
"മമ്മൂട്ടിയും സുഹാസിനിയും ഞാനും ഉള്‍പ്പെടുന്ന ഒരു സീനാണ് പപ്പേട്ടന്‍ ആദ്യമായി എടുത്തത്. മമ്മൂക്ക അന്ന് സിനിമയില്‍ അറിയപ്പെടുന്ന താരമായിക്കഴിഞ്ഞു. പക്ഷേ, മമ്മൂട്ടി എന്നൊരു നടനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു."
ReplyDeleteകൊള്ളാം റഹ്മാന്‍...കൊള്ളാം
Nice blog, especially refreshing to see content that appeals to the Malayalam audience. I would like to introduce you to a quick and easy method of typing Malayalam on the Web.
ReplyDeleteYou can try it live on our website, in Malayalam!
http://www.lipikaar.com
Download Lipikaar FREE for using it with your Blog.
No learning required. Start typing complicated words a just a few seconds.
> No keyboard stickers, no pop-up windows.
> No clumsy key strokes, no struggling with English spellings.
Supports 14 other languages!