ഇപ്പോള്‍ ഞാന്‍ ദുബായില്‍

റഹ്മാന്‍

ഹുമയൂണായി മേക്കപ്പിട്ട് ദുബായില്‍ ഇരിക്കുകയാണ് ഞാനിപ്പോള്‍. ഇവിടെ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മുസാഫിര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണ്. ബാലയും മംമ്തയുമൊക്കെ എനിക്കൊപ്പം ദുബായിലുണ്ട്. ഏറെ പ്രത്യേകതകളോടെയാണ് മുസാഫിര്‍ ഒരുങ്ങുന്നത്. പുതിയൊരു സിനിമാനുഭവം കാഴ്ചക്കാര്‍ക്കു പകര്‍ന്നുകൊടുക്കുക എന്നതാണ് ലക്ഷ്യം. ദുബായിയുടെ മുഴുവന്‍ സൌന്ദര്യവും ലഹരിയും ജനങ്ങളിലെത്തിക്കാനാണ് മുസാഫിറിന്റെ ടീം ലക്ഷ്യമിടുന്നത്.
ജോഷിയുടെ ദുബായ്, ലാല്‍ ജോസിന്റെ അറബിക്കഥ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ദുബായിലെത്തുന്ന ചിത്രം കൂടിയാണിത്. ആ ചിത്രങ്ങളിലൊന്നും കാണാത്ത ദുബായിയുടെ കാഴ്ചകള്‍ ഇതിലുണ്ട്. നൈറ്റ് ക്ളബും ബൈക്ക് റേസുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന ദുബായിയുടെ യുവത്വത്തിന്റെ കഥ കൂടിയാണിത്. സൈപ്രസ്, ലണ്ടന്‍ എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.
അടുത്തിടെ ഞാന്‍ അഭിനയിച്ച അജിത്ത് നായകനായ ബില്ല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂര്‍ണമായും മലേഷ്യയിലായിരുന്നു. ഒരു മാസത്തോളം അജിത്തും, നയന്‍താരയും പ്രഭുവും അടങ്ങുന്ന വന്‍താരനിര എനിക്കൊപ്പമുണ്ടായിരുന്നു. വിഷ്ണുവര്‍ധനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.
പുതിയ തലമുറയുടെ സിനിമ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സംവിധായകനാണ് വിഷ്ണുവര്‍ധനന്‍. ഷൂട്ടിംഗ് സമയത്ത് നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന പല സംഭവങ്ങളും ബില്ലയുമായി ബന്ധപ്പെട്ട് ഓര്‍മ്മയിലുണ്ട്. പക്ഷേ ആ അസ്വസ്ഥകളെല്ലാം വെറുതെയായിരുന്നുവെന്ന് സിനിമ കണ്ടപ്പോള്‍ ബോധ്യമായി. നല്ലയൊരു തിരക്കഥ കിട്ടിയാല്‍ അല്പമെങ്കിലും സിനിമ സെന്‍സുള്ള ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സംവിധായകരുടെ രീതികള്‍ കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകും. പക്ഷേ എങ്ങനെയാണ് സിനിമ പൂര്‍ണമായും ഒരു സംവിധായകന്റെയായി മാറുന്നത് എന്നു പ്രതിഭാശാലികളായ ചില സംവിധായകര്‍ നമ്മെ പഠിപ്പിക്കും. ഇത്തരത്തിലുള്ള പുതുതലമുറയിലെ സംവിധായകരില്‍ ഒരാളാണ് വിഷ്ണുവര്‍ധനന്‍.
ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് നിസാര കാര്യമല്ല. പക്ഷേ ഇത്രയും വര്‍ഷം പല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടം കണ്ടിട്ടില്ലാത്ത ചില രീതികള്‍ വിഷ്ണുവര്‍ധനന്റെ സെറ്റില്‍ കണ്ടു.
എണ്‍പതുകളില്‍ ദക്ഷിണേഷ്യന്‍ സിനിമകളായിരുന്നു ഹിന്ദി ചിത്രങ്ങളേക്കാള്‍ കലാപരമായും സാങ്കേതിക പരമായും മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് ഈ സ്ഥാനം ഹിന്ദി സിനിമകള്‍ക്ക് സ്വന്തമായി. ഹിന്ദി സിനിമകളിലെ ഓരോ താരങ്ങളുടെയും വേഷങ്ങള്‍ക്കും അവരുടെ മേക്കപ്പിനും വരെ ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇതിനു കാരണമായി പലരും പറയുന്നത് ചിത്രത്തിന്റെ ബജറ്റ് ആണ്. ബോളിവുഡില്‍ ചിലവഴിക്കുന്ന പണം മലയാളത്തില്‍ പറ്റില്ലല്ലോ. പക്ഷേ പണത്തില്‍ മാത്രമല്ല കാര്യം. ഉള്ള ബജറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. ചില സെറ്റുകളില്‍ മുഴുവന്‍ ആര്‍ഭാടമാണ്. ഫൈവ് സ്റാര്‍ ഹോട്ടലുകള്‍, വിഭവസമൃദ്ധമായ ഭക്ഷണം തുടങ്ങിയവയെല്ലാം കേമമായിരിക്കും. പക്ഷേ ടേക്കിംങ്ങ്സിന്റെ കാര്യത്തില്‍ ആ പണക്കൊഴുപ്പ് കാണില്ല.
ബില്ല ഒരു ബിഗ് ബജറ്റ് പടം തന്നെയായിരുന്നു. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനു ചെലവഴിക്കുന്ന തുകയുടെ എത്രയോ ഇരട്ടിയാണ് അതിന്റെ ബജറ്റ്. പക്ഷേ പണം ശരിയായ കാര്യത്തിന് ഉപയോഗിക്കുക എന്നതിന്റെ ഉദാഹരണം കൂടിയായിരുന്ന ആ ചിത്രം. ബില്ല പുറത്തിറങ്ങിയതിനു ശേഷം എനിക്കു വന്ന ഫോണ്‍കോളുകള്‍ക്കും, ഇ മെയിലുകള്‍ക്കും കണക്കില്ല. എന്റെ സിനിമയിലെ പ്രകടനത്തിനൊപ്പം എനിക്കു കിട്ടയ ഒരു പ്രശംസ എന്റെ കോസ്റ്യൂമിനായിരുന്നു. ഇത്രയും വര്‍ഷത്തിനിടക്ക് എന്റെ ചിത്രം കണ്ടിട്ട് എന്റെ ഡ്രസ് നന്നായി എന്നു പറഞ്ഞ് ഇത്രയധികം കോളുകള്‍ എനിക്ക് വന്നിട്ടില്ല. ഒരു പെര്‍ഫക്ഷന്‍ ഉണ്ടായിരുന്നു സിനിമയില്‍ ഞാനിട്ട കോട്ടിനും സ്യൂട്ടിനുമെല്ലാം. കഥയോടു ചേര്‍ന്നു നില്ക്കുന്ന വേഷമാവണം എന്ന കാര്യത്തില്‍ വിഷ്ണുവര്‍ധനന്‍ പ്രത്യേകം നിര്‍ബന്ധം വെച്ചതുകൊണ്ടാണ് അതു നന്നായത്.
കൃത്യമായ പ്ളാനിങ്, കൂട്ടായ ചര്‍ച്ച, വിട്ടുവീഴ്ചയില്ലാത്ത സമീപനം ഇതൊക്കെ വിഷ്ണു വര്‍ധനന്റെ പ്രത്യേകതയാണെന്ന് എനിക്കു തോന്നുന്നു. ഒരു ഷോട്ടിലെ ഡയലോഗ് പത്തു തവണയെങ്കിലും വിവിധ ആംഗിളുകളില്‍ വിഷ്ണു ഷൂട്ട് ചെയ്യും. ആദ്യ ദിവസങ്ങളില്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്നെയും പ്രഭുവിനെയും പോലെ വര്‍ഷങ്ങളായി സിനിമാരംഗത്തുള്ളവര്‍ക്ക് ഇത് എന്തിനാണെന്ന് എന്ന് അത്ഭുതം തോന്നി. ഒരു തവണ ഒകെയായി എടുത്തതല്ലേ. വീണ്ടും എടുക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു ഞങ്ങളുടെ ചിന്ത. പക്ഷേ ഏതാണ് എല്ലാ സീനുകളും ഇങ്ങനെ പല തവണ ഷൂട്ട് ചെയ്ത ശേഷമാണ് വിഷ്ണുവര്‍ധനന്‍ ബില്ല രൂപപ്പെടുത്തിയത്. ഒടുവില്‍ ചിത്രം കണ്ടപ്പോള്‍ ഓരോ ഷോട്ടുകളുടെയും അവതരണം എന്നെ അത്ഭുതപ്പെടുത്തി.
ഒരു സ്ഥലത്ത് ഷൂട്ടിംഗ് നടത്തണമെങ്കില്‍ തലേന്നു തന്നെ വിഷ്ണുവും സംഘവും അവിടെയെത്തും. ആ ടീമില്‍ കലാസംവിധായകനും, കാമറമാനും, അസോസിയേറ്റ് ഡയറക്ടര്‍മാരും, സ്റില്‍ ഫോട്ടോഗ്രാഫറും എല്ലാമുണ്ടാവും. ഓരോ ഷോട്ടും എങ്ങനെയായിരിക്കണമെന്നും അതിന്റെ ഫ്രെയിം എങ്ങനെയായിരിക്കണമെന്നും താരങ്ങള്‍ എന്തു നിറമുള്ള വേഷം ധരിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും കൂട്ടായി ചര്‍ച്ച ചെയ്താണ് അവര്‍ തീരുമാനിക്കുന്നത്.
നന്നായി ഹോംവര്‍ക്ക് നടക്കുമ്പോള്‍ സിനിമ കൂടുതല്‍ നന്നാവും. തമിഴ് സിനിമയിലെ പുതുനിര സംവിധായകര്‍ യുവത്വത്തിന്റെ പ്രതീകമാണ്. അവര്‍ സിനിമയെ പുതിയൊരു തലത്തിലേക്ക് മാറ്റിമറിക്കുന്നു.
അത്തരത്തിലുള്ള ഒരാളാണ് റാം എന്ന എന്റെ തമിഴ് ചിത്രത്തിന്റെ സംവിധാകനായ അമീര്‍. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ ഏറെ രാജ്യാന്തര അംഗീകാരം നേടിയെടുത്ത അമീറിലും ഈ അര്‍പ്പണബോധവും സാമര്‍ഥ്യവുമുണ്ട്. ഇതുവരെ ഒരു സിനിമാസെറ്റിലും കാണാത്ത കാഴ്ചകളായിരുന്നു അമീറിന്റെ സെറ്റിലും.
(തുടരും)

4 comments:

  1. ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് നിസാര കാര്യമല്ല. പക്ഷേ ഇത്രയും വര്‍ഷം പല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടം കണ്ടിട്ടില്ലാത്ത ചില രീതികള്‍ വിഷ്ണുവര്‍ധനന്റെ സെറ്റില്‍ കണ്ടു.

    ReplyDelete
  2. റഹ്മാനേ, ഫോണ്‍ നമ്പരു താ. ദുബൈ ഇല്‍ നല്ല ഏതേലും ഹോട്ടലില്‍ ഡിന്നറിനു പോവാം..

    ബ്ലോഗ് തുടങ്ങിയതില്‍ സന്തോഷം

    ReplyDelete
  3. നാട്ടുകാരാ സുഹൃത്തേ അഭിനന്ദനങ്ങള്‍, ആശംസകള്‍. രാഷ്‌ട്രദീപിക സിനിമയിലെ പംക്തി കാണാറുണ്ട്, വായിക്കാറുണ്ട്. ഭാവുകങ്ങള്‍.
    (ഈ ബ്ലോഗ് തയ്യാറാക്കുന്നവര്‍ ദയവായി റഹ്മാനെ ഈ കമന്റുകള്‍ അറിയിക്കുമെന്ന് ആശിക്കുന്നു.)

    ReplyDelete

Related Posts Plugin for WordPress, Blogger...