വിവാഹത്തെക്കുറിച്ച് റഹ്മാന്‍


എന്റെ ജീവിതനായിക

റഹ്മാന്‍

മദിരാശി നഗരത്തില്‍ വച്ച് ഞാന്‍ അവിചാരിതമായി കണ്ടുമുട്ടിയ സുന്ദരിയുടെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്ത് ഈസാ എന്നെ അറിയിച്ചു. പേര് മെഹ്റുന്നിസ. തമിഴ്നാട്ടിലെ പ്രശസ്തമായ ഹാജി മൂസ ടെക്സ്റ്റൈല്‍സിന്റെ ഉടമകളായ കുടുംബം. പിതാവിന്റെ പേര് അബ്ദുള്‍ സത്താര്‍. രണ്ടാമത്തെ മകള്‍.

ഞാന്‍ എന്റെ ഉമ്മയോടു വിവരം പറഞ്ഞു. എനിക്കുവേണ്ടി പെണ്ണ് അന്വേഷിച്ച് നടന്ന ഉമ്മയ്ക്കും സന്തോഷമായി. 'പോയി കാണ്. എന്നിട്ട് തീരുമാനിക്കാം' - ഉമ്മ പറഞ്ഞു. സുഹൃത്ത് ഈസായുടെ ഉമ്മ അപ്പോഴേക്കും അവരുടെ വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞിരുന്നു.

ഞാനന്ന് തമിഴില്‍ തിരക്കുള്ള താരമാണ്. പുതു പുതു അര്‍ഥങ്ങള്‍, പുരിയാതെ പുതിര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്ന സമയം. തിരക്കിനിടയില്‍ സമയം കണ്ടെത്തി സുഹൃത്തിനൊപ്പം ഞാന്‍ അവരുടെ വീട്ടിലെത്തി.

മദിരാശി നഗരത്തില്‍ വച്ച് ഞാന്‍ കണ്ടുമുട്ടിയ, പര്‍ദയണിഞ്ഞ ആ മൂന്നു സുന്ദരികളും അവിടെയുണ്ടായിരുന്നു. മൂത്തവള്‍ സൈറ (സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ഭാര്യ) മെഹ്റുനിസ, സൈദ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍.

തമിഴ് മുസ്ലിമുകളാണ് അവര്‍ എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, എന്റെ പ്രതീക്ഷ തെറ്റി. അവര്‍ കച്ച് ഭാഷ സംസാരിക്കുന്നവരായിരുന്നു. ഉത്തരേന്ത്യക്കാര്‍. എന്റെ സിനിമകളൊക്കെ കണ്ടിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ഒന്നോ രണ്ടോ സിനിമ കണ്ട കാര്യം മെഹ്റു പറഞ്ഞു.
മെഹ്റുന്നിസയ്ക്ക് അന്ന് 18 വയസാണ് പ്രായം. പ്ളസ് ടു പഠനം കഴിഞ്ഞ് സ്റ്റിച്ചിങ് ക്ളാസിലോ മറ്റോ പോകുകയായിരുന്നു അവളന്ന്.

മൂത്ത ചേച്ചി നില്‍ക്കുമ്പോള്‍ ഇളയവളുടെ വിവാഹം എങ്ങനെ നടത്തുമെന്നത് അവരെ അലട്ടിയിരുന്നു. എനിക്കും ഒരു പ്രയാസം തോന്നി. കാത്തിരിക്കാന്‍ ഞാന്‍ തയാറുമായിരുന്നു. അവളുടെ ഉപ്പ അന്ന് വിദേശത്തായിയിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിച്ചു. വിവാഹത്തിന് അങ്ങനെ പച്ചക്കൊടിയായി.

മെഹ്റുവിന്റെ ഉപ്പ വിദേശത്തേക്കു മടങ്ങും മുന്‍പ് നിക്കാഹ് നടത്തണം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മാര്‍ച്ച് 28 ന് എന്‍ഗെജ്മെന്റ്. ഏപ്രില്‍ രണ്ടിന് കല്യാണം. ആരെയും വിളിക്കാനുള്ള സമയമില്ല. ഞങ്ങളുടെ രണ്ട് വീട്ടുകാരും പിന്നെ, സുഹൃത്ത് ഈസായുടെ വീട്ടുകാരും മാത്രം നിക്കാഹില്‍ പങ്കെടുത്തു. ആരുമറിയാതെ ഒരു രഹസ്യ വിവാഹം. സിനിമയിലെ അടുത്ത സുഹൃത്തുക്കളോ പത്രക്കാരോ പോലുമറിഞ്ഞില്ല.

എല്ലാവരെയും അറിയിച്ച് വിവാഹം നടത്തണം. അതിനുള്ള തീയതി കുറിക്കപ്പെട്ടു. സെപ്റ്റംബര്‍ 12. മാധ്യമങ്ങളില്‍ വാര്‍ത്തയായി. 'റഹ്മാന്‍ വിവാഹിതനാകുന്നു.' അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരുന്നു എന്നതാണ് രസകരം.

നാലാളെ അറിയിച്ചു കൊണ്ട് നടത്തിയ സെപ്റ്റംബര്‍ 12 ന് നടത്തിയ 'വിവാഹ'ത്തിന്റെ സമയത്തും ഈ ആശയക്കുഴപ്പമുണ്ടായിരുന്നു. തമിഴ് മാധ്യമങ്ങള്‍ എന്നെ ബന്ധപ്പെട്ടു. അവര്‍ക്ക് റിസപ്ഷന്റെ ചിത്രങ്ങള്‍ മാത്രം പോരാ. നിക്കാഹിന്റെയും പടങ്ങള്‍ വേണം.

'അയ്യോ, നിക്കാഹ് ഇന്നല്െ രാവിലെ നടത്തിപ്പോയല്ലോ' എന്നു പറഞ്ഞ് ഒഴിഞ്ഞു.

റിസപ്ഷന്റെ അന്ന് രാവിലെയാവും നിക്കാഹ് എന്നാണ് പലരും കരുതിയിരുന്നത്. നിക്കാഹില്‍ കൂടി പങ്കെടുക്കാനായി പല സുഹൃത്തുക്കളും ബന്ധുക്കളും തലേന്നു തന്നെയെത്തി. അവരോട് പറഞ്ഞു: 'നിക്കാഹ് ഇന്നലെ രാവിലെയങ്ങ് നടത്തി. നാളെ റിസപ്ഷന്‍ മാത്രമേയുള്ളു.'

12ന് എത്തിയവരോട് 11നായിരുന്നു നിക്കാഹ് എന്നും 11 എത്തിയവരോട് 10നായിരുന്നു നിക്കാഹെന്നും പറഞ്ഞു. കൃത്യം ഒരു മാസം മുന്‍പ് നിക്കാഹ് കഴിഞ്ഞ കാര്യം അവരോടു പറയാന്‍ പറ്റില്ലല്ലോ.

വിവാഹത്തിന് തമിഴ്, തെലുങ്ക്, മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വന്നു. ആര്‍ഭാടമായി തന്നെ ചടങ്ങുകള്‍ നടന്നു. സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ഉമ്മയും സഹോദരിയും റിസപ്ഷനു വന്നിരുന്നു. അവിടെ വച്ചാണ് അവര്‍ മെഹ്റുന്നിസയുടെ മൂത്ത ചേച്ചി സൈറയെ കാണുന്നത്. എ.ആറിനു വേണ്ടി സൈറയെ ആലോചിച്ചു തുടങ്ങുന്നത് അന്നാണ്.

മെഹ്റുവിന്റെയും സൈറയുടെയും വീടിനോടു തൊട്ടുചേര്‍ന്ന് ഒരു ദര്‍ഗയുണ്ട്. എ.ആര്‍. റഹ്മാന്‍ അവിടെ സ്ഥിരമായി പ്രാര്‍ഥിക്കാനെത്തുമായിരുന്നു. എ.ആര്‍. വലിയ ഭക്തനാണ് പ്രാര്‍ഥനയ്ക്കു വേണ്ടി എപ്പോഴും സമയം മാറ്റിവയ്ക്കുന്ന ആള്‍. ഒരിക്കല്‍ ഈ ദര്‍ഗയിലെത്തിയപ്പോള്‍ എ.ആര്‍. റഹ്മാന്‍ സൈറയെ കണ്ടു.

വൈകാതെ, എ.ആറിന്റെ വീട്ടുകാരുടെ വിവാഹാഭ്യര്‍ഥന എത്തി. എന്റെ വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞിരുന്നു അപ്പോള്‍. ഏതോ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാനന്ന് ശ്രീലങ്കയിലായിരുന്നു. ഞാന്‍ കൂടി ചെന്നിട്ട് തീരുമാനിക്കാമെന്നാണ് സൈറയുടെ ഉപ്പ പറഞ്ഞത്. എന്നെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. 'തീരുമാനിക്കാനൊന്നുമില്ല. നല്ല ആലോചനയാണ്. ഞാന്‍ വരാന്‍ കാത്തിരിക്കേണ്ട. വിവാഹം ഉറപ്പിച്ചോളൂ' - ഞാന്‍ പറഞ്ഞു.

എ.ആര്‍. റഹ്മാന്‍ അപ്പോഴേക്കും ഇന്ത്യന്‍ മുഴുവന്‍ അറിയപ്പെടുന്ന സംഗീതസംവിധായകനായി മാറിക്കഴിഞ്ഞിരുന്നു. റോജയും ജെന്റില്‍മാനും അടക്കം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇന്ത്യ മുഴുവന്‍ ഏറ്റുപാടുന്ന സമയം. ഞാന്‍ തിരിച്ചെത്തിയതോടെ വിവാഹം ഒൌദ്യോഗികമായി നിശ്ചയിക്കപ്പെട്ടു. അങ്ങനെ ചേച്ചിക്കും അനുജത്തിക്കും ഒരോ 'റഹ്മാന്‍'മാരെ കിട്ടി.

മൂന്നാമത്തെവള്‍ സൈദക്ക് വിവാഹം ആലോചിച്ച സമയത്ത് ഞങ്ങള്‍ മറ്റൊരു റഹ്മാനെ കിട്ടുമോ എന്നു വെറുതെ തിരഞ്ഞു. അങ്ങനെയെങ്കില്‍ ആ കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരോ റഹ്മാനെ കിട്ടുമായിരുന്നു. പക്ഷേ, റഹ്മാന്‍ എന്ന പേരുള്ളവരുടെ ആലോചനകളൊന്നും ഒത്തുവന്നില്ല. കണ്ണൂര്‍ക്കാരന്‍ സുഹൈല്‍ എന്ന ദുബായ് ബിസിനസുകാരനാണ് ഒടുവില്‍ സൈദയെ നിക്കാഹ് ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം.

എ.ആര്‍. റഹ്മാന്‍ വിവാഹം ചെയ്തതു മൂത്ത പെണ്ണിനെയാണെങ്കിലും ആദ്യം വിവാഹം ചെയ്തതു കൊണ്ട് കുടുംബത്തിലെ മൂത്ത മരുമകന്റെ സ്ഥാനം എനിക്കാണ് ഇപ്പോഴും. മെഹ്റുന്നിസയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ എ.ആര്‍. റഹ്മാന് എന്റെ ജ്യേഷ്ഠന്റെ സ്ഥാനമാണ് വരേണ്ടത്. പക്ഷേ, പ്രായം കൊണ്ടും വിവാഹത്തിലെ മൂപ്പുകൊണ്ടും ഞാനാണ് എ.ആറിന്റെ ജ്യേഷ്ഠന്‍. ഞങ്ങള്‍ തമ്മിലുള്ള ബന്ധവും ഏതാണ്ട് അങ്ങനെ തന്നെയാണ്.

(തുടരും)
കടപ്പാട് - രാഷ്ട്രദിപിക സിനിമ. തയാറാക്കിയത് - എ.എസ്. ദിനേശ്

5 comments:

 1. എ.ആര്‍. റഹ്മാന്‍ വിവാഹം ചെയ്തതു മൂത്ത പെണ്ണിനെയാണെങ്കിലും ആദ്യം വിവാഹം ചെയ്തതു കൊണ്ട് കുടുംബത്തിലെ മൂത്ത മരുമകന്റെ സ്ഥാനം എനിക്കാണ് ഇപ്പോഴും. മെഹ്റുന്നിസയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ എ.ആര്‍. റഹ്മാന് എന്റെ ജ്യേഷ്ഠന്റെ സ്ഥാനമാണ് വരേണ്ടത്. പക്ഷേ, പ്രായം കൊണ്ടും വിവാഹത്തിലെ മൂപ്പുകൊണ്ടും ഞാനാണ് എ.ആറിന്റെ ജ്യേഷ്ഠന്‍. ഞങ്ങള്‍ തമ്മിലുള്ള ബന്ധവും ഏതാണ്ട് അങ്ങനെ തന്നെയാണ്.

  ReplyDelete
 2. you gave the courtesy to Deepika,, OK.now... its better...

  ReplyDelete
 3. ഒരു ചെറിയ ആശയക്കുഴപ്പം...

  ഏപ്രില്‍ 2ന് കല്യാണം കഴിഞ്ഞെന്നെഴുതിയിട്ടുണ്ട്. പക്ഷെ പിന്നീട് സെപ്റ്റംബറില്‍ റിസെപ്ഷന്‍ നടത്തിയ കാര്യം എഴുതിയ സ്ഥലത്ത് ഒരു മാസം മുമ്പുതന്നെ നിക്കാഹ് നടന്നു കഴിഞ്ഞതായി വിവരിക്കുന്നുണ്ട്. എഴുതിയപ്പോള്‍ വന്ന പിശകാണെന്ന് ധരിച്ചോട്ടെ..
  നന്മകള്‍ നേരുന്നു

  ReplyDelete
 4. august ennu thiruthi vayikkuka.

  ReplyDelete
 5. ആഗസ്റ്റ് എന്നു തിരുത്തിവായിച്ചാലും പൊരുത്തക്കേടുണ്ടല്ലൊ റഹമാനേ... ക്യോകി..മാര്‍ച്ച് 28 ന് എന്‍ഗെജ്മെന്റ്. ഏപ്രില്‍ രണ്ടിന് കല്യാണം. ആരെയും വിളിക്കാനുള്ള സമയമില്ല..അതുകൊണ്ട് ആരെയും വിളിച്ചില്ലെന്ന് പറയുന്നു. നിക്കാഹ് ആഗസ്റ്റിലാണെങ്കില്‍ തീര്‍ച്ചയായും എന്‍‌ഗേജ്മെന്റ് കഴിഞ്ഞിട്ട് ധാരാളം സമയം..! എന്റെ റഹ്മാനെ ഇത് സിനിമയല്ലല്ലൊ..

  ReplyDelete

Related Posts Plugin for WordPress, Blogger...