
നൊമ്പരപ്പെടുത്തുന്ന ഒാര്‍മ
റഹ്മാന്‍
രാത്രി ഏറെ വൈകിയിരുന്നു. ഞാനും ഭാര്യ മെഹ്റുന്നിസയുമൊന്നിച്ച് ചെന്നൈയില്‍ നിന്ന് അല്‍പം അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. എത്രയും വേഗം വീട്ടിലെത്താനായി അതിവേഗത്തില്‍ വണ്ടി പായിക്കുകയായിരുന്നു ഞാന്‍. അവള്‍ മെല്ലെ ഉറക്കംതൂങ്ങി തുടങ്ങി.
ചെന്നൈ നഗരത്തില്‍ എത്തിയപ്പോഴാണ് പെട്ടെന്ന് ഒരു ആള്‍കൂട്ടം മുന്നില്‍ കണ്ടത്. ഞാന്‍ വണ്ടിയുടെ വേഗം കുറച്ചു. ഒരു അപകടം നടന്നിരിക്കുന്നുവെന്ന് ദൂരെ നിന്നേ മനസിലായി. പക്ഷേ, വാഹനങ്ങളൊന്നും നിര്‍ത്തിയിട്ടിട്ടില്ല.
അടുത്തെത്തിയപ്പോള്‍ ഞങ്ങള്‍ ഒരു നിമിഷം അങ്ങോട്ടു നോക്കി. നിലവിളിച്ചുകൊണ്ട് ഭാര്യ മുഖം തിരിച്ചു. തലയറ്റു കിടക്കുന്ന ഒരു ശവശരീരം. ഭയനാകരമായിരുന്നു ആ കാഴ്ച. തലയില്ലാതെ ഒരു മൃതദേഹം. തല മാറി ഒരിടത്ത്.
വീട്ടിലെത്തുന്നതു വരെയും ആ കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് മെഹ്റുവും ഞാനും മോചിതരായിരുന്നില്ല. പിന്നെ മെല്ലെ ആ കാഴ്ച മനസില്‍ നിന്നു മാഞ്ഞു. ഞങ്ങള്‍ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തന്നെ ഒരു പറ്റം ആളുകള്‍ വീട്ടിലെത്തി. എല്ലാം എന്റെ ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തകര്‍. പക്ഷേ, പതിവു സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നില്ല. അവരുടെ കണ്ണുകള്‍ ചുവന്നിരുന്നു.
''എന്തു പറ്റി ? എന്താ പ്രശ്നം?'' - പതിവു പോലെ എന്തെങ്കിലും പൊലീസ് കേസോ പണപ്പിരിവോ ഒക്കെയാകുമെന്നു കരുതി ഞാന്‍ ചോദിച്ചു.
അവര്‍ വിങ്ങിവിങ്ങി പറഞ്ഞു: ''സാര്‍, രാജപ്പന്‍...ഇന്നലെ രാത്രി...ഒരു അപകടത്തില്‍....മരിച്ചു..''
ഞാന്‍ ഞെട്ടിപ്പോയി. രാജപ്പന്‍ മരിച്ചോ? എപ്പോള്‍ ? എങ്ങനെ?
സംഭവം മുഴുവന്‍ കേട്ടപ്പോള്‍ എന്റെ തല കറങ്ങുന്നതു പോലെ തോന്നി. ദൈവമേ, ഞാനിന്നലെ കണ്ട ആ മൃതശരീരം രാജപ്പന്റേതായിരുന്നോ? കാറില്‍ നിന്നിറങ്ങി ഒന്നടുത്തു ചെന്ന് അന്വേഷിക്കാന്‍ എനിക്കു തോന്നിയില്ലല്ലോ?
എനിക്കു വേണ്ടി പോസ്റ്ററൊട്ടിക്കാന്‍ പോയി മടങ്ങുകയായിരുന്നു രാജപ്പന്‍ എന്നുകൂടി കേട്ടപ്പോള്‍ എനിക്കു വല്ലാതെയായി. കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. എനിക്കു വേണ്ടിയാണല്ലോ ആ പാവം..
എന്റെ ഫാന്‍സ് അസോസിയേഷന്റെ ചെന്നൈ ഘടകത്തിന്റെ ട്രഷററായിരുന്നു രാജപ്പന്‍. എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു നടന്ന ആത്മാര്‍ഥനായ മനുഷ്യന്‍.
ഫാന്‍സ് അസോസിയേഷനുകളോടുള്ള എന്റെ താത്പര്യം ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായത് ഈ സംഭവത്തോടെയായിരുന്നു. അന്നുമുതല്‍ നിര്‍ബന്ധപൂര്‍വം ഞാന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നുവയ്പ്പിച്ചു. മെല്ലെ മെല്ലെ അത് ഇല്ലാതായി.
തമിഴില്‍ പിന്നീടുള്ള എന്റെ വളര്‍ച്ചയില്‍ ഫാന്‍സ് അസോസിയേഷനുകളുടെ അഭാവം ചെറിയ തോതിലെങ്കിലും ബാധിച്ചുവെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. പക്ഷേ, മുദ്രാവാക്യം വിളിക്കുകയും തല്ലുകൂടുകയും കട്ടൌട്ടുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തുള്ള ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനത്തോട് എനിക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പിന്നീട് ഈ ആവശ്യത്തിനായി സമീപിച്ചവരെ ഒക്കെ ഞാന്‍ നിരുത്സാഹപ്പെടുത്തി അയച്ചു.
രജനീകാന്തിന്റെയും കമലാഹാസന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ പോലെ മറ്റുള്ളവരെ സഹായിച്ചും രക്തദാനം ചെയ്തും പാവപ്പെട്ടവര്‍ക്ക് വീടു പണിതു കൊടുത്തുമൊക്കെ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകളോട് എനിക്ക് വിയോജിപ്പില്ല. അവര്‍ നല്ലകാര്യങ്ങളാണ് ചെയ്യുന്നത്. തല്ലുകൂടാനോ ബഹളംകൂട്ടാനോ ഉള്ള സംഘടനകളല്ല അവരുടേത്.
അത്തരം ഫാന്‍സ് അസോസിയേഷനുകളെ ജനങ്ങളും സ്നേഹിക്കും. മറ്റുള്ളവയെ ജനങ്ങള്‍ ശല്യമായി കാണും. തീയറ്ററില്‍ സമാധാനമായിരുന്ന് സിനിമ കാണാനെത്തുന്നവര്‍ക്ക് ഈ മുദ്രാവാക്യം വിളിയും ബഹളംകൂട്ടലുമൊക്കെ എത്ര അസഹ്യമായിരിക്കും?
തമിഴ്നാട്ടിലെ പോലല്ലെ കേരളത്തിലെ അവസ്ഥ. ഇവിടെ എനിക്ക് അന്ന്, ഫാന്‍സ് അസോസിയേഷനുകളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഇവിടെ തിളങ്ങി നിന്ന സമയത്ത്, കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്കാരം രൂപപ്പെട്ടുവന്നിരുന്നില്ല.
ഞാന്‍ തമിഴില്‍ കൂടുതല്‍ അഭിനയിക്കുകയും മലയാള സിനിമകളില്‍ നിന്ന് അകന്നുപോവുകയും ചെയ്ത സമയത്താണ് മമ്മുക്കയ്ക്കും ലാലേട്ടനുമൊക്കെ ഫാന്‍സ് അസോസിയേഷനുകളാകുന്നത്. തമിഴ്നാട്ടിലെ പോലെയല്ല, കേരളത്തില്‍. ഇവിടെ പടം പൊട്ടുന്നതോ കുറച്ചുനാള്‍ വിട്ടുനില്‍ക്കുന്നതോ ഒന്നും സ്നേഹബന്ധത്തെ ഇല്ലാതാക്കുന്നില്ല.
ഇരുപതു വര്‍ഷം മുന്‍പ് എനിക്ക് കത്തയച്ചുകൊണ്ടിരുന്ന ആരാധകരില്‍ പലരും ഇപ്പോഴും എന്നെ ബന്ധപ്പെടാറുണ്ട്. അവരൊന്നും എന്നെ വിട്ടുപോയിട്ടില്ല. യുവതാരമായി വിലസിയ സമയത്ത് എനിക്ക് പ്രേമലേഖനങ്ങളെഴുതിയ പെണ്‍കുട്ടികളൊക്കെ ഇന്ന് വീട്ടമ്മമാരായി. തീയറ്ററുകളില്‍ എന്റെ നൃത്തത്തിനൊപ്പം ചുവടുവച്ച യുവസുഹൃത്തുക്കളൊക്കെ കുടുംബസ്ഥരായി. ജോലിത്തിരക്കുകളും ബിസിനസിന്റെ ഉത്തരവാദിത്തങ്ങളും കുടുംബജീവിതത്തിന്റെ ഭാരങ്ങളുമൊക്കെയായി മറ്റൊരു ലോകത്ത് കഴിയുകയാണവര്‍. പക്ഷേ, ഇപ്പോഴും ഇടയ്ക്കിടെ അവരുടെ കത്തുകളും മെയിലുകളുമൊക്കെ വരാറുണ്ട്.
എന്റെ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മലയാളത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്നുമൊക്കെ അവര്‍ എല്ലാ കത്തുകളിലും എഴുതും. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ എനിക്കു ശക്തിപകര്‍ന്നതു ഇവരുടെയൊക്കെ സ്നേഹമായിരുന്നു എന്ന് നിസ്സംശയം പറയാം.
ബ്ളാക്കിലും രാജമാണിക്യത്തിലും അഭിനയിച്ചുകൊണ്ട് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍ മലപ്പുറത്തു നിന്നും തൃശൂരും നിന്നുമൊക്കെ ചില യുവാക്കള്‍ എന്നെ വിളിച്ചു. എന്റെ പേരില്‍ അവര്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കിയെന്നു പറഞ്ഞു. മറ്റു ചില സ്ഥലത്തുനിന്നും കത്തുകള്‍ വന്നു. ആരെയും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. നിരുത്സാഹപ്പെടുത്തിയുമില്ല.
ബ്ളാക്കില്‍ അഭിനയിക്കാനെത്തിയ സമയത്ത് മലപ്പുറത്ത് ഒരു കോളജില്‍ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് എനിക്കൊരു സ്വീകരണവും തന്നു. ചെണ്ടമേളവും തോരണങ്ങളുമൊക്കെയായി. കേരളത്തിലെ യുവാക്കള്‍ ഏറെ മാറിയിരിക്കുന്നുവെന്ന് അന്ന് എനിക്കു തോന്നി. അവരുടെ സ്നേഹം കണ്ടപ്പോള്‍ എനിക്ക് അമ്പരപ്പ് തോന്നി.
നമ്മള്‍ പണം മുടക്കി ഫാന്‍സ് അസോസിയേഷനുകളെ മുന്നോട്ടു നടത്തേണ്ട അവസ്ഥ തമിഴ്നാട്ടിലേയുള്ളു. ഇവിടെയുള്ളത് സ്നേഹമാണ്. സ്നേഹം കൊടുത്താണ് നമ്മള്‍ അവരെ പിന്തുണയ്ക്കേണ്ടത്.
ആരാധകരുടെ സ്നേഹത്തിന്റെ തീവ്രത എത്ര വലുതാണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ പഴയൊരു ആരാധികയുണ്ട്. എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ആ പെണ്‍കുട്ടിയുടെ പേരാണ് എന്റെ മൂത്ത മകള്‍ക്കു ഞാനിട്ടത് - റുഷ്ദ.
(തുടരും)
തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ
റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com