ബ്ളോഗുകളും ഒാര്‍കുട്ടും: റഹ്മാന്‍ എഴുതുന്നു


ഈ സ്നേഹം എന്റെ ശക്തി

റഹ്മാന്‍

ഒാര്‍കുട്.കോം എന്ന സൌഹൃദക്കൂട്ടില്‍ ഞാന്‍ കഴിഞ്ഞ ദിവസം കയറി; കുറെ നാളുകള്‍ക്കു ശേഷം.
കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് നെറ്റ് നോക്കുന്ന ശീലമൊന്നു എനിക്കും പണ്ടേയില്ല. വരുന്ന ഇ-മെലുകള്‍ കൃത്യമായി നോക്കി അവയ്ക്കു മറുപടി അയയ്ക്കുമെന്നു മാത്രം. സുഹൃത്തുക്കളുടെയും ആരാധകരുടെയും മെയിലുകള്‍ ദിവസവും ഉണ്ടാവും. അവയൊക്കെ തന്നെ വായിച്ചുനോക്കാന്‍ സമയം കിട്ടില്ല.
ഷൂട്ടിങ്ങുകളുടെ തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ പിടികൂടും. കുറെദിവസം കൂടിയാവും അവര്‍ക്ക് അവരുടെ ഡാഡയെ കിട്ടുന്നത്. അങ്ങനെ അവര്‍ക്കൊപ്പമാകും കൂടുതല്‍ സമയവും. പുറത്തു പോകാന്‍ കുറെ സ്ഥലങ്ങള്‍ അവര്‍ കണ്ടുവച്ചിട്ടുണ്ടാവും. ഞാന്‍ ചെന്നിട്ട് വാങ്ങിക്കൊടുക്കാന്‍ കുറെ സാധനങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. അതൊക്കെ എന്നില്‍ നിന്നു കിട്ടിയിട്ടേ അവരടങ്ങു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി എപ്പോഴും ഞാന്‍ സമയം മാറ്റിവയ്ക്കാറുണ്ട്. അവരുടെ ചെറിയ ആവശ്യങ്ങള്‍ പോലും സാധിച്ചുകൊടുക്കാന്‍ ശ്രമിക്കും. എന്തൊക്കെയായാലും അവര്‍ക്കു വേണ്ടിയല്ലേ, നമ്മള്‍ അദ്ധ്വാനിക്കുന്നത്.
പക്ഷേ, കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് വച്ച് ഒാര്‍ക്കുട്ടില്‍ കയറിപ്പോള്‍ ഇന്റര്‍നെറ്റിലെ ഈ കൂട്ട് എന്നെ അദ്ഭുതപ്പെടുത്തി. എന്റെ പേരില്‍ ആരാധകര്‍ ഉണ്ടാക്കിയിരിക്കുന്ന നിരവധി കമ്യൂണിറ്റികള്‍ അതില്‍ കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.
രാഷ്ട്രദീപിക സിനിമയില്‍ ഞാനെഴുതുന്ന ഈ കോളത്തെക്കുറിച്ചു വരെ അതിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കണ്ടപ്പോള്‍, ഇപ്പോഴും എന്നെ സ്നേഹിക്കുന്ന നിരവധി പേര്‍ ഉണ്ടല്ലോ എന്നതില്‍ എനിക്കു അഭിമാനം തോന്നി.
ഒാര്‍ക്കുട്ട് ശരിക്കും പുതിയ തലമുറയുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ചിന്തികളുമൊക്കെ വഹിക്കുന്ന ഒന്നാന്തരം ഒരു കൂട്ടാണ്. എന്തൊക്കെ കാര്യങ്ങളെ കുറിച്ചാണ് അവര്‍ പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്. സിനിമയുടെ കമ്യൂണിറ്റികള്‍ ഞാനെടുത്തു നോക്കി. ഒരോ പുതിയ ചിത്രത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നു. സിനിമ ഇറങ്ങും മുന്‍പും ശേഷവും ഒന്നാന്തരം റിവ്യൂകള്‍ അവര്‍ എഴുതുന്നു.
സിനിമാ നിരൂപണങ്ങള്‍ പലതും എന്തെങ്കിലും താത്പര്യങ്ങളുടെ പുറത്ത് എഴുതുന്നതാവും. പക്ഷേ, ഒാര്‍ക്കുട്ടില്‍ അങ്ങനെയല്ലാത്ത നിരവധി റിവ്യൂകള്‍ ഞാന്‍ വായിച്ചു. സത്യസന്ധമായ അഭിപ്രായങ്ങളാണത്.
എന്റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്ന കുറെ ബ്ളോഗുകളുടെ ലിങ്കും ഒാര്‍കുട്ടില്‍ നിന്ന് കിട്ടി. എന്റെ സിനിമാവിശേഷങ്ങളും ചിത്രങ്ങളുമൊക്കെ തന്നെയാണ് മിക്കതിലുമുള്ളത്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ബ്ളോഗുകളും ഒാര്‍കുട്ടുമൊക്കെയാണ് ഫാന്‍സ് അസോസിയേഷനുകള്‍. തോരണമൊട്ടിച്ചും ബാനര്‍ കെട്ടിയുമുള്ള ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ചെയ്യാനാവുന്നതിലും വലിയ കാര്യങ്ങളാണ് ഈ ബ്ളോഗുകളും ഒാര്‍ക്കുട്ടുമൊക്കെ വഴി പുതിയ തലമുറ ചെയ്യുന്നത്.
http://rahmanthestar.blogspot.com/ എന്ന ബ്ളോഗു അത്തരത്തിലൊന്നാണ്. എനിക്കറിയാവുന്ന ചിലര്‍ തന്നെയാണിതിന്റെ പിന്നില്‍. ഇടയ്ക്കൊക്കെ ഞാനത് എടുത്തു നോക്കാറുണ്ട്. എന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഇത്തരം നിരവധി ആരാധകരും സുഹൃത്തുക്കളും എനിക്കുണ്ട് എന്നതാണ് എനിക്ക് അഭിനയിക്കാന്‍ പ്രേരണ നല്‍കുന്നത്.
സിനിമയില്‍ അന്നും ഇന്നും ഞാന്‍ വേഷങ്ങള്‍ ചോദിച്ച് ആരുടെയും പിന്നാലെ പോയിട്ടില്ല. ആദ്യകാലത്ത്, അതിന്റെ ആവശ്യമേയില്ലായിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. തിരക്ക് ഒഴിഞ്ഞിട്ട് ഒന്നിനും സമയമില്ലാത്ത അവസ്ഥയായിരുന്നു അന്ന്. തമിഴിലും തെലുങ്കിലും കൂടി പോയതോടെ തിരക്ക് കൂടിക്കൂടി വന്നു. വേഷം ചോദിച്ച് പോകേണ്ട അവസ്ഥ അന്നില്ലായിരുന്നു.
വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍ മുതല്‍ തിരക്കുകള്‍ക്ക് അല്‍പൊരു ഇടവേള ഞാന്‍ തന്നെ നല്‍കിത്തുടങ്ങി. കുറച്ചു സമയം വീട്ടുകാര്‍ക്കു കൂടി മാറ്റിവയ്ക്കണമല്ലോ.
ബ്ളാക്കിലൂടെ ഞാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനു മുന്‍പുള്ള ഒരു വര്‍ഷത്തോളം ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങളിലേ ഞാന്‍ അഭിനയിച്ചിരുന്നുള്ളു. വേഷങ്ങള്‍ തേടിവന്നില്ല എന്നതാണു സത്യം. സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍, എനിക്ക് വിഷമമൊന്നും തോന്നിയില്ല. അത്രയും സമയം കൂടി വീട്ടുകാര്‍ക്ക് കൊടുക്കാമല്ലോ എന്നേ ചിന്തിച്ചുള്ളു.
എന്റെ സുഹൃത്തുക്കള്‍ പലരും എന്നെ വിളിച്ച് വഴക്കു പറയുമായിരുന്നു. എന്താണ് ആരെയും വിളിക്കാത്തത്, റോള്‍ ചോദിച്ചു വിളിക്കുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നൊക്കെ.
ആരും എന്നെ മനഃപ്പൂര്‍വം ഒഴിവാക്കിയതൊന്നുമായിരുന്നില്ല എന്നെനിക്കറിയാമായിരുന്നു. ഞാന്‍ തമിഴിലും തെലുങ്കിലുമൊക്കെയായി പോയപ്പോള്‍ എന്നപ്പറ്റി ഒാര്‍ത്തില്ല എന്നു മാത്രം. ഞാന്‍ അഭിനയിക്കേണ്ട വേഷങ്ങള്‍ എനിക്കു തന്നെ കിട്ടും. മറ്റാര്‍ക്കെങ്കിലും മാറ്റിവച്ചിരിക്കുന്ന വേഷങ്ങള്‍ പിടിച്ചുവാങ്ങേണ്ട കാര്യമില്ലല്ലോ. ഇപ്പോള്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയപ്പോള്‍ അത് എനിക്ക് പൂര്‍ണമായി ബോധ്യമായി.
ഒരു സിനിമ കഴിഞ്ഞ് അടുത്തത് എന്നതാണ് ഇപ്പോള്‍ ഞാനെടുത്തിരിക്കുന്ന തീരുമാനം. ഒരേ സമയം മൂന്നും നാലും സിനിമകള്‍ ചെയ്യുന്ന പഴയ രീതി ഇനി പറ്റില്ല. അത്തരം രീതികളും മലയാള സിനിമയില്‍ നിന്നു മാറി. ഒരു സിനിമയിലും കോണ്‍സന്‍ട്രേഷന്‍ കൊടുക്കാന്‍ അപ്പോള്‍ പറ്റില്ല. എല്ലാം കൂടി ചെയ്തു കുളമാക്കുന്നതിലും നല്ലത് ഏതെങ്കിലുമൊന്ന് വൃത്തിയായി ചെയ്യുന്നതല്ലേ?

(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

2 comments:

  1. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ബ്ളോഗുകളും ഒാര്‍കുട്ടുമൊക്കെയാണ് ഫാന്‍സ് അസോസിയേഷനുകള്‍. തോരണമൊട്ടിച്ചും ബാനര്‍ കെട്ടിയുമുള്ള ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ചെയ്യാനാവുന്നതിലും വലിയ കാര്യങ്ങളാണ് ഈ ബ്ളോഗുകളും ഒാര്‍ക്കുട്ടുമൊക്കെ വഴി പുതിയ തലമുറ ചെയ്യുന്നത്.

    ReplyDelete

Related Posts Plugin for WordPress, Blogger...