മോഹന്‍ലാലിനെ കുറിച്ച് റഹ്മാന്‍ എഴുതുന്നു
ലാലേട്ടനും ഞാനും
റഹ്മാന്‍
മോഹന്‍ലാലിനെ 'ലാലേട്ടന്‍' എന്നാണു ഞാന്‍ വിളിക്കുന്നതെങ്കിലും ഒരു മുതിര്‍ന്ന ഏട്ടന്റെ സ്ഥാനത്തല്ല അദ്ദേഹത്തെ കാണുന്നത്. എന്തു രഹസ്യവും പറയാവുന്ന ഒരു അടുത്ത സുഹൃത്ത്. അതാണ് ലാല്‍ എനിക്ക്.
സത്യന്‍ അന്തിക്കാടിന്റെ കളിയില്‍ അല്‍പം കാര്യത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ രണ്ടാം വര്‍ഷമാണ്. ലാല്‍ അഞ്ചാം വര്‍ഷവും. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്നെ ഉപദേശിക്കാനോ അഭിനയപാഠങ്ങള്‍ പറഞ്ഞുതരാനോ ഒന്നും ലാല്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയൊന്നും ലാലില്‍ നിന്നു ഞാനും പ്രതീക്ഷിച്ചിരുന്നില്ല. ലാലും അന്ന് നല്ല വേഷങ്ങള്‍ ചെയ്തു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.
ആദ്യകാലത്ത് അധികവും വില്ലന്‍ സ്വഭാവമുള്ള വേഷങ്ങളിലാണല്ലോ ലാല്‍ അഭിനയിച്ചിരുന്നത്. നായകവേഷങ്ങള്‍ ചെയ്തു തുടങ്ങി ജനഹൃദയങ്ങളില്‍ നിന്ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ ഇമേജ് മാറ്റിയെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് സത്യേട്ടന്റെ ചിത്രത്തിലൂടെ ഞങ്ങള്‍ ഒന്നിക്കുന്നത്. ആ ചിത്രത്തില്‍ ലാലിന്റെ അനുജന്റെ വേഷമായിരുന്നു എനിക്ക്. പിന്നീടങ്ങോട്ട് എത്രയെത്ര സിനിമയില്‍ ലാല്‍ എന്റെ ജ്യേഷ്ഠനായി അഭിനയിച്ചു !
ശശികുമാര്‍ സംവിധാനം ചെയ്ത 'ഇവിടെ തുടങ്ങുന്നു', ഐവി ശശിയുടെ 'അടിയൊഴുക്കുകള്‍', ഉയരങ്ങളില്‍, കെ.എസ്. സേതുമാധവന്‍ സാറിന്റെ 'അറിയാത്ത വീഥികള്‍', സത്യന്‍ അന്തിക്കാടിന്റെ 'അടുത്തടുത്ത്' തുടങ്ങിയ ചിത്രങ്ങളിലും ഞാനും ലാലും ആ വര്‍ഷം തന്നെ ഒന്നിച്ച് അഭിനയിച്ചു. പിന്നീടുള്ള രണ്ടുവര്‍ഷവും ചുരുങ്ങിയത് അഞ്ചു ചിത്രങ്ങളെങ്കിലും ഞങ്ങള്‍ ചെയ്തു.
ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഒരു മല്‍സരം ഉണ്ടായിരുന്നില്ല. എനിക്ക് അന്ന് മലയാള സിനിമയില്‍ വേറൊരു ഇമേജാണ്. കൌമാരക്കാരനായ കോളജ് കാമുകന്റെ വേഷമായിരുന്നു അധികവും. ലാല്‍ അന്നും വ്യത്യസ്തതയുള്ള മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തു. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമായിരുന്നു എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ 'ഉയരങ്ങളില്‍' എന്ന ചിത്രത്തില്‍ ലാലിന്. ആരും ചെയ്യാന്‍ മടിക്കുന്ന വേഷം. പക്ഷേ, എത്ര മ
നോഹരമായി ലാല്‍ ആ വേഷം ഗംഭീരമാക്കി. ഇന്ന് അത്തരമൊരു വേഷം ചെയ്യാന്‍ ലാലിനു സാധിക്കുമോ? നടനെന്ന നിലയില്‍ ലാല്‍ ചിലപ്പോള്‍ അത്തരമൊരു വേഷം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ, സൂപ്പര്‍താരം എന്ന ഇമേജ് അദ്ദേഹത്തെ പിടിച്ചുവലിക്കും. 'ഉയരങ്ങളില്‍' അഭിനയിക്കുമ്പോഴുള്ളതിനെക്കാള്‍ എത്രയോ ഉയരങ്ങളിലാണ് ലാലിന്റെ താരമൂല്യം ഇന്ന്.
കളിയില്‍ അല്‍പം കാര്യം മുതല്‍ റോക്ക് എന്‍ റോള്‍ വരെ ഏതാണ്ട് ഇരുപതോളം ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രങ്ങള്‍ കഴിയുമ്പോഴും ഞങ്ങളുടെ സൌഹൃദം കൂടിക്കൂടി വന്നു. പക്ഷേ, ഒരിക്കലും സിനിമാക്കാര്‍ക്കിടയില്‍ പതിവുള്ള കോക്കസുകളില്‍ ഞാന്‍ ചെന്നുപ്പെട്ടിട്ടില്ല. ലാലില്‍ നിന്ന് എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചുള്ളതല്ല എന്റെ സൌഹൃദം. അതുകൊണ്ടു തന്നെ ലാലിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി കൂട്ടുകൂടാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ ആവശ്യവുമെനിക്കില്ല. സിനിമാസെറ്റില്‍ പരദൂഷണം പറച്ചിലാണ് പലരുടെയും പ്രധാന പണി. അപ്പോള്‍ സ്ഥലത്തില്ലാത്ത ആരെയെങ്കിലും കുറിച്ചാവും സംഭാഷണം. സൌഹൃദത്തിനു വേണ്ടി ആരെയെങ്കിലും പുകഴ്ത്തി സംസാരിക്കാനോ മറ്റുള്ളവരെ കുറിച്ചു പരദൂഷണം പറയാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.
എന്നെപ്പറ്റി ലാലിന് നന്നായി അറിയാം. അദ്ദേഹത്തെ എനിക്കും അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നീട് തമിഴിലൊക്കെ പോയതോടെ എനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കുറെ വര്‍ഷങ്ങളോളം സാധിക്കാതെ വന്നു. പക്ഷേ, ഞങ്ങളുടെ സൌഹൃദത്തിന് ഈ ഇടവേള ഒരു അകല്‍ച്ചയും ഉണ്ടാക്കിയില്ല.
രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിനൊപ്പം \'മഹാസമുദ്രം\' എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ ഞാന്‍ കണക്കുകൂട്ടി നോക്കി. എത്ര വര്‍ഷത്തിനു ശേഷമാണ് ലാലിനൊപ്പം അഭിനയിക്കുന്നതെന്ന്. ഏതാണ്ട് ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഞങ്ങളൊന്നിച്ച് ഒരു ചിത്രം. 1986ല്‍ അഞ്ചോ ആറോ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ശേഷം പിന്നെ 2006 ല്‍ ! ഇത്രയും വര്‍ഷത്തെ ഇടവേള പക്ഷേ, ഞങ്ങളുടെ സൌഹൃദത്തില്‍ ഒരു വ്യത്യാസവും വരുത്തിയിരുന്നില്ല. 86 ലെ മോഹന്‍ലാലല്ല ഇന്നത്തെ മോഹന്‍ലാല്‍. നടനെന്ന നിലയിലും താരമെന്ന നിലയിലും അദ്ദേഹം എത്ര മുന്നോട്ടു പോയി. പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ആ പഴയ സ്നേഹവും സൌഹൃദവുമൊക്കെ അതേ തിളക്കത്തോടെ അദ്ദേഹം സൂക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം രഞ്ജിത്തിന്റെ റോക്ക് എന്‍ റോള്‍ എന്ന ചിത്രത്തിലും ഞങ്ങളൊന്നിച്ചു. സത്യം പറഞ്ഞാല്‍, അടുത്ത കാലത്ത് ഇത്രയും എന്‍ജോയി ചെയ്ത് അഭിനയിച്ച സിനിമ വേറെയില്ല. മോഹന്‍ലാലും മുകേഷും സിദ്ദിഖും ലാലുമൊക്കെ ചേര്‍ന്ന് ശരിക്കും ഒരു ആഘോഷമായിരുന്നു ആ ചിത്രത്തിന്റെ സെറ്റില്‍. പഴയകഥകള്‍ പറഞ്ഞും തമാശകള്‍ പങ്കുവച്ചും ആസ്വദിച്ചഭിനയിച്ച ചിത്രം. 'വളയൊന്നിതാ കളഞ്ഞുകിട്ടി..കുളക്കടവില്‍ കിടന്നു കിട്ടി...' എന്ന പാട്ടിന്റെ ചിത്രീകരണം സിനിമയില്‍ കാണുന്നതു പോലെ തന്നെ സൌഹൃദത്തിന്റെ ഒരു കൂട്ടായ്മ തന്നെയായിരുന്നു.
രാത്രി വൈകിയുള്ള ഷൂട്ടിങ് പലപ്പോഴും നിരുത്സാഹപ്പെടുത്തുകയാണു എന്റെ പതിവ്. കാരണം അത്രയധികം നമ്മള്‍ മടുത്തുകഴിഞ്ഞിരിക്കും. പക്ഷേ, റോക്ക് എന്‍ റോളില്‍ ഷൂട്ടിങ് പുലര്‍ച്ചെ രണ്ടു മണി വരെയൊക്കെ നീണ്ടിട്ടും ഒട്ടും മടുപ്പു തോന്നിയില്ല. എന്തു വേണമെങ്കിലും പരസ്പരം പറയാവുന്ന അടുപ്പമുള്ളവരായിരുന്നു എല്ലാവരും. അതിന്റേതായ ഒരു രസം ലൊക്കേഷനിലുണ്ടായിരുന്നു. ശരിക്കും ആ സിനിമയിലെ കഥാപാത്രങ്ങളുടെ അതേ സൌഹൃദം.
ലാലിന്റെ കുടുംബവുമായും എനിക്ക് അടുപ്പമുണ്ട്. എന്റെ ഭാര്യ മെഹ്റുന്നിസയും ലാലിന്റെ ഭാര്യ സുചിത്രയും സുഹൃത്തുക്കളാണ്. അവരൊന്നിച്ച് ഇടയ്ക്ക് ഷോപ്പിങ്ങിനൊക്കെ പോകാറുമുണ്ട്.
എന്തു രഹസ്യവും തുറന്നുപറയാവുന്ന അടുപ്പം ലാലുമായി എനിക്കുണ്ട്. അദ്ദേഹവും അങ്ങനെ തന്നെയാണ് എന്നെയും കാണുന്നത്. സെറ്റില്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതു കണ്ടിട്ടു പലരുമെന്നോട് ചോദിച്ചിട്ടുണ്ട്. ''എന്താണ് റഹ്്മാന്‍, ലാലേട്ടനുമായി ഇത്ര രഹസ്യം?''
സെറ്റില്‍ വിശ്രമവേളകളിലെ ഞങ്ങളുടെ സംസാരം മിക്കപ്പോഴും രഹസ്യസ്വഭാവത്തോടെയായിരിക്കും. മുഖത്തോടു മുഖം നോക്കി ഇരുന്നുള്ള സംഭാഷണമല്ല ഞങ്ങളുടേത്. എന്റെ ചെവിയില്‍ രഹസ്യം പറയുന്നതു പോലെയാവും ലാലേട്ടന്‍ സംസാരിക്കുക. എന്റെ മറുപടി ഞാന്‍ അദ്ദേഹത്തിന്റെ കാതിലും പറയും. ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും. മറ്റുള്ളളവര്‍ക്കൊന്നും മനസിലാവില്ല ഞങ്ങളുടെ സംസാരം. മോഹന്‍ലാലും റഹ്മാനുമായി ഇത്ര രഹസ്യമെന്താണ് എന്നാവും കാണുന്നവര്‍ക്ക് തോന്നുക. ഇപ്പോ ഇതു വായിക്കുന്ന നിങ്ങള്‍ക്കും തോന്നുന്നുണ്ടാവും എന്താണ് ഞങ്ങള്‍ തമ്മില്‍ പറയുന്ന രഹസ്യങ്ങളെന്ന്...
രഹസ്യമല്ലേ...അതു പരസ്യമായി പറയാനാവില്ലല്ലോ.
(തുടരും)
തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ
റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com
റുഷ്ദയും റഷീനും
റഹ്മാന്‍
എന്റെ മൂത്ത മകളുടെ പേരാണ് റുഷ്ദ. രണ്ടാമത്തവള്‍ അലീഷ. ദുബായില്‍ മുസാഫിറിന്റെ ഷൂട്ടിങ് തിരക്കുകളിലായതിനാല്‍ റുഷ്ദയെയും അലീഷയെയും കണ്ടിട്ട് നാളുകളായി. പക്ഷേ, എല്ലാ ദിവസവും റുഷ്ദയോടും അലീഷയോടും ഫോണില്‍ സംസാരിക്കും. ആ ദിവസം അവള്‍ ചെയ്ത സകല കാര്യങ്ങളും ഒന്നിനു പിറകെ ഒന്നായി റുഷ്ദ എന്നെ ഫോണിലൂടെ പറഞ്ഞു കേള്‍പ്പിക്കും. അലീഷ വഴക്കുണ്ടാക്കിയത്, കുറുമ്പു കാട്ടിയത്, മമ്മിയോടു പിണങ്ങിയത്...അങ്ങനെയെല്ലാം. പിന്നെ, സ്കൂളിലെ വിശേഷങ്ങള്‍, പഠനകാര്യങ്ങള്‍, കൂട്ടുകാരുടെ കഥകള്‍ അങ്ങനെ അവള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടാവും.
റുഷ്ദ എന്ന പേര് എന്റെ മകള്‍ക്കിടാന്‍ ഒരു കാരണമുണ്ട്. എന്റെ ഒരു ആരാധികയുടെ പേരായിരുന്നു അത്. എന്നെ ജീവനു തുല്യം സ്നേഹിച്ച ശ്രീലങ്കക്കാരി റുഷ്ദ. വിവാഹിതയായി ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ ജീവിക്കുകയാണ് റുഷ്ദയിപ്പോള്‍. അവരുടെ മകന്റെ പേര് എന്തെന്ന് അറിയുമോ?
റഷീന്‍.
എന്റെ യഥാര്‍ഥ പേര്.
'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പപ്പേട്ടന്‍ എന്നെ റഹ്മാനെന്നു വിളിക്കും മുന്‍പു ഞാന്‍ റഷീന്‍ റഹ്മാന്‍ ആയിരുന്നുവല്ലോ. ഞാന്‍ എന്റെ മകള്‍ക്ക് റുഷ്ദയെന്ന എന്റെ ആരാധികയുടെ പേരിട്ടപ്പോള്‍ റുഷ്ദ, അവളുടെ മകന് എന്റെ പേരിട്ടു. ഒരു ആരാധികയുടെ പേര് മകള്‍ക്കിടാന്‍ എന്താണു കാര്യം എന്നു ചിന്തിക്കുന്നുണ്ടാവും നിങ്ങള്‍.
പറയാം, റുഷ്ദയുടെ കഥ.
ശ്രീലങ്കക്കാരിയായിരുന്നു റുഷ്ദ. കൊളംബോയില്‍ താമസം. അച്ഛന്‍, അമ്മ, പിന്നെ വേറെ മൂന്നു സഹോദരിമാരും. ശ്രീലങ്കയില്‍ തമിഴ് ചിത്രങ്ങള്‍ വളരെ പോപ്പുലറാണ്. റുഷ്ദ ഒട്ടുമിക്ക തമിഴ് ചിത്രങ്ങളും കാണുമായിരുന്നു. തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ആരാധികയായി അവള്‍. എന്റെ എല്ലാ ചിത്രങ്ങളും പല തവണ കാണും. ആഴ്ചയില്‍ രണ്ടു കത്തെങ്കിലും ചുരുങ്ങിയത് അയയ്ക്കും. പക്ഷേ, നിര്‍ഭാ•്യമെന്നു പറയട്ടെ. അന്ന് ഒരിക്കല്‍ പോലും റുഷ്ദയുടെ കത്തുകള്‍ ഞാന്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നില്ല.
അന്നൊക്കെ ഒരു ദിവസം തന്നെ നിരവധി കത്തുകള്‍ വരും. കത്തുകളില്‍ ഏറിയ പങ്കും പെണ്‍കുട്ടികളുടേതാവും. ഈ കത്തുകളൊക്കെ പൊട്ടിച്ചു നോക്കാനോ എല്ലാ വായിച്ചു മറുപടി അയയ്ക്കാനോ എനിക്കു സാധിച്ചിരുന്നില്ല. ആ സമയത്ത്, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ എനിക്കു സമയമില്ലായിരുന്നു. ഒന്നിനു പിറകെ ഒന്നായി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കത്തുകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയാല്‍ പോലും മുഴുവനും വായിച്ചുതീര്‍ക്കാനാവില്ല. അങ്ങനെയാവും റുഷ്ദയുടെ കത്തുകളും ഞാന്‍ കാണാതെ പോയത്. മെഹ്റുന്നിസയുമായുള്ള എന്റെ വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തിനൊപ്പം ഇത്തരം കാര്യങ്ങള്‍ക്കും ഒരു ക്രമവും ചിട്ടയുമൊക്കെ വന്നു. പക്ഷേ, അപ്പോഴും റുഷ്ദയുടെ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഞാന്‍ ശ്രീലങ്കയില്‍ ചെന്നു. കൊളംബോയിലെ താജ് ഹോട്ടലിലായിരുന്നു എന്റെ താമസം.
ഷൂട്ടിങ് തുടങ്ങി, മൂന്നാം ദിവസം രാവിലെ എനിക്കൊരു ഫോണ്‍ കോള്‍. ഞാനെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ഒരു പെണ്‍ശബ്ദം. 'ഈസ് ഇറ്റ് റഹ്മാന്‍?' എന്നു ചോദിച്ചപ്പോള്‍ അതേയെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ഫോണ്‍ കട്ടായി. റുഷ്ദയായിരുന്നു അത്. എന്നോട് സംസാരിച്ചുതുടങ്ങാനുള്ള മടി മാത്രമായിരുന്നു അത്. പിറ്റേന്നു മുതല്‍ അവള്‍ വിളിച്ചു സംസാരിച്ചു തുടങ്ങി. എന്റെ സിനിമകളെപ്പറ്റി എനിക്കറിയാവുന്നതില്‍ കൂടുതല്‍ അവള്‍ക്കറിയാമായിരുന്നു. ഞാനഭിനയിച്ച മലയാള ചിത്രങ്ങളുടെ പേരുകള്‍ പോലും ആ ശ്രീലങ്കക്കാരി പെണ്‍കുട്ടി പറയുന്നതു കേട്ടപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി.
റുഷ്ദ എന്നെ നേരിട്ടു കാണാന്‍ അനുവാദം ചോദിച്ചു. ഞാന്‍ വന്നു കണ്ടോളാന്‍ പറഞ്ഞു. അന്നു തന്നെ അവള്‍ വന്നു. ഒപ്പം അവളുടെ അച്ഛനും അമ്മയും സഹോദരിമാരും. ഞാന്‍ എല്ലാവരെയും പരിചയപ്പെട്ടു. റുഷ്ദയുടെ അച്ഛന്‍ ഒരു വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹമാണ് റുഷ്ദയ്ക്ക് എന്നോടുള്ള ആരാധനയുടെ കഥ എന്നോടു പറഞ്ഞത്.
കുറച്ചുദിവസങ്ങള്‍ക്കു ശേഷം അവരുടെ ക്ഷണം സ്വീകരിച്ച് റുഷ്ദയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഈ ആരാധനയുടെ ആഴം എനിക്കു ബോധ്യപ്പെട്ടു. റുഷ്ദയുടെ സഹോദരിമാര്‍ എന്നെ അവളുടെ മുറി കൊണ്ടു കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ചുവരില്‍ മുഴുവന്‍ എന്റെ ചിത്രങ്ങള്‍. ചെറുതും വലുതുമായ ചിത്രങ്ങളുടെയൊക്കെ ഒരു വലിയ കൊളാഷ്. മേശപ്പുറത്തും കട്ടിലിലും വരെ ഞാന്‍ !
ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി. അഭിമാനവും ചമ്മലും കൂടിച്ചേര്‍ന്ന പോലെ. അവളുടെ വീട്ടുകാര്‍ എനിക്കു രാജകീയ സ്വീകരണമായിരുന്നു നല്‍കിയത്. പക്ഷേ, റുഷ്ദ മാത്രം അസ്വസ്ഥയായിരുന്നുവെന്ന് എനിക്കു തോന്നി. ഫോണില്‍ സംസാരിച്ചപ്പോഴും ആദ്യതവണ എന്നെ വന്നു കണ്ടപ്പോഴുമുള്ള സന്തോഷം മുഖത്തില്ല. അമ്മയുടെ പിന്നില്‍ മറഞ്ഞുനിന്ന്, വിഷാദം കലര്‍ന്ന കണ്ണുകളോട് അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു.
കുറെ സമയം അവരോടൊത്തു ചെലവിട്ട ശേഷം ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ റുഷ്ദയുടെ അച്ഛന്‍ എന്റെ അടുത്തു വന്നു. എന്നെ മാറ്റിനിര്‍ത്തി സ്വകാര്യമായി പറഞ്ഞു: ''എനിക്കു നാലു പെണ്‍മക്കളാണ്. അവരുടെയെല്ലാം ഭാവി എന്റെ ചുമരിലാണ്. റുഷ്ദയെ ഒന്നു ഉപദേശിക്കണം. വിവാഹാലോചനകളെല്ലാം അവള്‍ വേണ്ടെന്നു വയ്പ്പിക്കുകയാണ്. റഹ്മാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കും.''
ഞാന്‍ ധര്‍മസങ്കടത്തിലായി. തെറ്റു ചെയ്ത കുറ്റവാളിയെ പോലെ ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു. ഞാന്‍ കാരണമാണോ റുഷ്ദ വിവാഹമൊന്നും കഴിക്കാത്തത്? എങ്കില്‍ പിന്നെ പ്രശ്നത്തിന് ഒരു പരിഹാരം കാണാതെ പോകുന്നതെങ്ങനെ?
ഞാന്‍ റുഷ്ദയോടെ സംസാരിച്ചു. കാര്യങ്ങളെല്ലാം അവളെ പറഞ്ഞു മനസിലാക്കി. സിനിമയും ജീവിതവും തമ്മില്‍ എത്ര വലിയ അകലമുണ്ടെന്ന് ബോധ്യപ്പെടുത്തി. റുഷ്ദ എല്ലാം അനുസരണയുള്ള സ്കൂള്‍ കുട്ടിയെ പോലെ കേട്ടിരുന്നു.
എന്റെ വാക്കുകള്‍ റുഷ്ദയെ സ്വാധീനിച്ചുവെന്നു എനിക്കു പിന്നീട് ബോധ്യമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ അവള്‍ വിവാഹിതയായി. വിവാഹത്തിന് ഞാനും മെഹ്റുന്നീസയും ചേര്‍ന്നാണ് പോയത്. അന്നും ഞങ്ങള്‍ റുഷ്ദയുടെ വീട്ടില്‍ പോയി. അവളുടെ ബെഡ്റൂമില്‍ അപ്പോഴും എന്റെ ചിത്രങ്ങളുണ്ടായിരുന്നു.
അവളുടെ വുഡ്ബിയോട് എന്റെ കാര്യം പറഞ്ഞുവെന്നും ചിത്രങ്ങള്‍ നീക്കേണ്ടതില്ലെന്ന് അയാള്‍ പറഞ്ഞുവെന്നും സന്തോഷത്തോടെ റുഷ്ദ എന്നോടു പറഞ്ഞു.
ഞാന്‍ നേരത്തെ പറഞ്ഞതു പോലെ റുഷ്ദ ഇപ്പോള്‍ ഷാര്‍ജയിലാണ്. അവരുടെ ഷാര്‍ജയിലെ വീട്ടിലും ഞാന്‍ പോയിട്ടുണ്ട്. റുഷ്ദയുടെ മകനെയും എടുത്തു കൊണ്ട് ഞാന്‍ നില്‍ക്കുന്ന ചിത്രം അവരുടെ വീടിന്റെ സ്വീകരണമുറിയിലുണ്ട്.
വെറുമൊരു ആരാധിക എന്നു മാത്രം പറയാമോ റുഷ്ദയെ. അറിയില്ല. ഒരു സിനിമാതാരത്തോടുള്ള അഭിനിവേശത്തില്‍ അപ്പുറമായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു ആരാധിക. അതുകൊണ്ടാണ് എന്റെ മകള്‍ക്കു ഞാന്‍ അവളുടെ പേരിട്ടത്.
(തുടരും)
തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ
റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com
Subscribe to:
Posts (Atom)