രോഹിണിയും ഞാനും - റഹ്മാന്‍ എഴുതുന്നു

എന്റെ ഭാഗ്യ ജോഡി

റഹ്മാന്‍

'കൂടെവിടെ'യില്‍ നിന്ന് 'ഈറന്‍ സന്ധ്യ'യിലെത്തുമ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ചിത്രങ്ങളില്‍ ഞാനഭിനയിച്ചു കഴിഞ്ഞിരുന്നു. 83 ഒക്ടോബറിലാണ് 'കൂടെവിടെ' പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം എനിക്കു നിന്നു തിരിയാന്‍ സമയമില്ലായിരുന്നുവെന്നതാണ് സത്യം. ഒന്നിനു പിറകെ ഒന്നായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഞാന്‍ പാഞ്ഞുകൊണ്ടിരുന്നു. ആ സമയത്ത് ഏതൊക്കെ ചിത്രങ്ങളിലാണ് അഭിനയിച്ചതെന്ന് ഒാര്‍ത്തെടുക്കാന്‍ പോലും പാടാണ്.
എനിക്കൊപ്പം അക്കാലത്ത് അഭിനയിച്ച നായികമാരെല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ശോഭനയുമായുള്ള സൌഹൃദത്തെ കുറിച്ച് ഞാനെഴുതിയല്ലോ. കാണാമറയത്തിന്റെ സെറ്റില്‍ നിന്നാണ് ഞാന്‍ ശശികുമാറിന്റെ 'ഇവിടെ തുടങ്ങുന്നു'വിന്റെ സെറ്റിലേക്ക് പോകുന്നത്. അവിടെ വച്ച് എനിക്ക് ഒരു പുതിയ കൂട്ടുകാരിയെ കൂടി കിട്ടി: രോഹിണി. എന്റെ ഭാഗ്യനായികയായി മാറുകയും പിന്നീട് എനിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത രോഹിണിയുടെയും ആദ്യ സിനിമകളിലൊന്നായിരുന്നു ഇത്.
ഊട്ടിയായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷന്‍. നാലു ദിവസം വൈകിയാണ് ഞാന്‍ ലൊക്കേഷനിലെത്തിയത്. അതുവരെയും എന്നെ കാത്തിരിക്കുകയായിരുന്നു സെറ്റ് മുഴുവന്‍.ഒരു പ്രധാന വേഷത്തില്‍ ലാലേട്ടനും ഈ സിനിമയിലുണ്ടായിരുന്നു. പക്ഷേ, ഞാനും രോഹിണിയുമായുള്ള പ്രണയസീനുകളായിരുന്നു ഊട്ടിയിലെടുത്തത്.
വിവാഹത്തിനു ശേഷം മധുവിധു പോകുന്ന ഞങ്ങളുടെ കഥാപാത്രങ്ങളുടെ ആദ്യരാത്രിയാണ് അന്ന് ചിത്രീകരിച്ചത്. ചുംബനം അടക്കമുള്ള ബെഡ്റൂം സീന്‍ അഭിനയിക്കുമ്പോള്‍ ആദ്യമൊക്കെ ഒരു ചമ്മല്‍ തോന്നി. ഒരു നടിയെ കെട്ടിപ്പിടിച്ച് അഭിനയിക്കേണ്ട സീനുകളൊന്നും അതുവരെ ചെയ്ത സിനിമകളില്‍ ഇല്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍, അഭിനയമാണെങ്കിലും, ഞാന്‍ ആദ്യമായി ചുംബിക്കുകയും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയും ചെയ്ത നടി കൂടിയാണ് രോഹിണി. സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. നല്ലൊരു സൌഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. വിശ്രമവേളകളില്‍ ഞങ്ങളൊന്നിച്ചിരുന്ന് സംസാരിച്ചു, തമാശകള്‍ പറഞ്ഞു.
ഇന്നത്തെപ്പോലെയല്ലല്ലോ, ഒരു യുവാവും യുവതിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് അന്നൊക്കെ കാഴ്ചക്കാര്‍ക്ക് അദ്ഭുതമുള്ള കാര്യമായിരുന്നു. സിനിമാക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ, ഊട്ടിയിലൊക്കെ പഠിച്ച എനിക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഞങ്ങളുടെ സൌഹൃദം അങ്ങനെ വളരെ വേഗം ഗോസിപ്പ് കോളങ്ങിലെത്തി. കഥകള്‍ പിറന്നു വീണുകൊണ്ടേയിരുന്നു. എന്നെപ്പറ്റി മറ്റേതു നടിയെക്കാളും കൂടുതല്‍ ഗോസിപ്പുകള്‍ വന്നിട്ടുള്ളത് രോഹിണിയുമായി ബന്ധപ്പെടുത്തിയായിരുന്നു. ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നു വരെ വാര്‍ത്ത വന്നു. മനസില്‍ പോലും ചിന്തിച്ചു കൂട്ടിയിട്ടാല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടു.
ആദ്യം ഇത്തരം വാര്‍ത്തകള്‍ കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും പേടിയുമൊക്കെ തോന്നി. വീട്ടുകാരൊക്കെ ഇതു വായിക്കില്ലേ, അവരൊക്കെ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. പക്ഷേ, കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്കു വിടാന്‍ ഞാന്‍ പഠിച്ചു. രോഹിണിയും ഗോസിപ്പുകളെ തമാശയായേ എടുത്തുള്ളു. ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഇത്തരം കഥകള്‍ പറഞ്ഞു ചിരിക്കുമായിരുന്നു.
അന്നത്തെ നായികമാരില്‍ ഏറ്റവും സമര്‍ത്ഥയും കഴിവുള്ളവളുമായിരുന്നു രോഹിണി എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ നന്നാകുന്നതിനു വേണ്ടി എത്ര കഠിനമായി അദ്ധ്വാനിക്കാനും രോഹിണിക്കു മടിയുണ്ടായിരുന്നില്ല. പരസ്പരം മനസിലാക്കി അഭിനയിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. തമാശസീനുകളിലൊക്കെ സ്ക്രിപ്റ്റിലില്ലാത്തത് എന്തെങ്കിലും കൈയില്‍ നിന്നിട്ട് അഭിനയിച്ചാല്‍ അതു മനസിലാക്കാന്‍ രോഹിണിക്കു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഈ മനപ്പൊരുത്തം പല സിനിമകളിലും ഗുണം ചെയ്തു. റഹ്മാന്‍-രോഹിണി എന്നത് ഒരു ഭാഗ്യജോഡിയായി മാറി.
പപ്പേട്ടനൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമായ 'പറന്ന് പറന്ന് പറന്ന്', കെ.എസ്. സേതുമാധവന്‍ സാറിന്റെ 'അറിയാത്ത വീഥികള്‍', പി.ജി. വിശ്വംഭരന്റെ 'ഈ തണലില്‍ ഇത്തിരി നേരം', 'ഇവിടെ ഈ തീരത്ത്', ജോഷിയുടെ 'കഥ ഇതുവരെ', സത്യന്‍ അന്തിക്കാടിന്റെ 'ഗായത്രീ ദേവി എന്റെ അമ്മ', ജേസിയുടെ 'ഒരിക്കല്‍ ഒരിടത്ത്', ഐ.വി. ശശിയുടെ 'കൂടണയും കാറ്റ്' തുടങ്ങി കുറെയേറെ ചിത്രങ്ങളില്‍ ഞാനും രോഹിണിയും ഒന്നിച്ചഭിനയിച്ചു. ഏതാണ്ട് എല്ലാ ചിത്രങ്ങളിലും എന്റെ കാമുകിയുടെ വേഷമായിരുന്നു രോഹിണിക്ക്.
തമിഴില്‍ തിരക്കായതോടെ ഞങ്ങളുടെ സൌഹൃദത്തിന് വലിയൊരു ഇടവേള വന്നു. സിനിമയിലെ സൌഹൃദങ്ങളങ്ങനെയാണ്. ഒന്നിച്ച് അഭിനയിക്കുകയോ പരസ്പരം കാണുകയോ ചെയ്യാതെ വരുമ്പോള്‍ സൌഹൃദങ്ങള്‍ മെല്ലെ ഇല്ലാതാകും.
സൌഹൃദങ്ങളെ നിലനിര്‍ത്തുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള പങ്ക് എത്ര വലുതാണെന്ന് ഞാനിപ്പോള്‍ ചിന്തിക്കാറുണ്ട്. മൊബൈല്‍ സൌകര്യങ്ങളില്ലാതിരുന്ന അക്കാലത്തെ എന്റെ
എത്രയെത്ര സൌഹൃദങ്ങളാണ് പരസ്പരം കാണാതെയും സംസാരിക്കാതെയും കൊഴിഞ്ഞുപോയത്.
ഏതാണ്ട് 20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ രോഹിണിയുമായി വീണ്ടും ഒന്നിച്ചഭിനയിച്ചത്. രഞ്ജിത്തിന്റെ 'റോക്ക് എന്‍ റോള്‍' എന്ന ചിത്രത്തില്‍ രോഹിണിയുമുണ്ടായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ടെലിവിഷന്‍ ചാനലിന്റെ ഒാണപരിപാടിക്കു വേണ്ടിയും ഞങ്ങളൊത്തു ചേര്‍ന്നു. ഞാനും എന്റെ കുടുംബവും രോഹിണിയും ചേര്‍ന്നുള്ള സംഭാഷണമായിരുന്നു ആ പ്രോഗ്രാം.
വഴിപിരിഞ്ഞുപോയ ഒരു ഉറ്റ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോഴുള്ള സന്തോഷമായിരുന്നു എനിക്ക്.

(തുടരും)

3 comments:

  1. അഭിനയമാണെങ്കിലും, ഞാന്‍ ആദ്യമായി ചുംബിക്കുകയും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയും ചെയ്ത നടി കൂടിയാണ് രോഹിണി. സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. നല്ലൊരു സൌഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. വിശ്രമവേളകളില്‍ ഞങ്ങളൊന്നിച്ചിരുന്ന് സംസാരിച്ചു, തമാശകള്‍ പറഞ്ഞു.

    ReplyDelete
  2. ente eshta tharamanu ennum Rahuman..enthoo vallatheuro aakashnathayanu...best of luck..eppol UAE undallo.....

    ReplyDelete
  3. എന്റെ കൌമാര സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയത് നിങ്ങളുടെ പ്രണയ കൂട്ടുകെട്ടായിരുന്നു.മലയാളത്തിലേക്കുള്ള തിരിച്ചു വരവില്‍ സന്തോഷിക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...