റഷീന്‍ എന്ന റഹ്മാന്‍


കളിയും ചിരിയും ഇത്തിരി കാര്യങ്ങളും - 1

റഹ്മാന്‍

ഇതൊരു ആത്മകഥയൊന്നുമല്ല. ആത്മകഥയെഴുതാനുള്ള അനുഭവസമ്പത്തും സമയവുംപ്രായവുമെത്തിയിട്ടില്ല. കളിയും ചിരിയും കുറുമ്പുമൊക്കെയായി കടന്നുപോയ വര്‍ഷങ്ങളില്‍ നിന്നു ചില രസമുള്ള അനുഭവങ്ങള്‍ മാത്രം ഒാര്‍ത്തെടുക്കാനുള്ള ഒരു ശ്രമം.
നിന്നു തിരിയാന്‍ സമയമില്ലാതെ സെറ്റുകളില്‍ നിന്നു സെറ്റുകളിലേക്ക് ഒാടിക്കൊണ്ടിരുന്ന കാലത്ത് സിനിമാവാരികകളിലെ ഗസിപ്പു കോളങ്ങളില്‍ എന്റെ കഥകളായിരുന്നു അധികവും. രോഹിണി, ശോഭന, സിത്താര അങ്ങനെ എന്റെ നായികമാരായിട്ടുള്ളവരെല്ലാം അത്തരം സാങ്കല്‍പിക പ്രണയ ഗോസിപ്പുകളില്‍ എനിക്കൊപ്പം വന്നുപോയി.
മലയാളത്തില്‍ നിന്നു മെല്ലെ അകന്നു തമിഴിലേക്കും തെലുങ്കിലേക്കും കടക്കേണ്ടിവന്നപ്പോള്‍ അവിടെയും അതു തന്നെയായിരുന്നു സ്ഥിതി. നിറയെ ഗോസിപ്പുകള്‍. എന്റെ പ്രണയകഥകള്‍ ഞാന്‍തന്നെ വായിച്ച് അറിയേണ്ട അവസ്ഥ. പലതും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. മറ്റുപലതും വായിച്ചു ചിരിച്ചു. ഇപ്പോള്‍ ഒാര്‍ക്കുമ്പോള്‍ വീണ്ടും ചിരി വരുന്നു.
വര്‍ഷങ്ങള്‍ എത്രവേഗമാണു കടന്നുപോയത്. കളിയും ചിരിയും കുറുമ്പുമൊക്കെയായി കടന്നുപോയ ഇരുപത്തിനാലു വര്‍ഷങ്ങള്‍. നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നല്ലാതെ ആ ചിത്രങ്ങളുടെ എല്ലാം പേരുകള്‍ ഒാര്‍ത്തെടുക്കാന്‍ പോലും എനിക്കു കഴിയുന്നില്ല. ഒന്നും ഞാന്‍ കുറിച്ചുവച്ചിട്ടുമില്ല.
എന്റെ അഭിനയജീവിതത്തിന്റെ പിന്നിലേക്ക് തിരഞ്ഞു നോക്കുമ്പോള്‍ എനിക്കു അഭിമാനം തോന്നുന്നു. ആദ്യചിത്രത്തിലെ അഭിനയത്തിനു തന്നെ സംസ്ഥാന അവാര്‍ഡ് കിട്ടിയതു ചെറിയ കാര്യമല്ലല്ലോ. പത്മരാജന്‍, ഭരതന്‍, കെ.എസ്. സേതുമാധവന്‍, കെ. ബാലചന്ദ്രര്‍ തുടങ്ങിയ മഹാസംവിധായകരുടെ കീഴില്‍ അഭിനയിച്ചതും ശിവാജി ഗണേശന്‍, പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനയപ്രതിഭകള്‍ എനിക്കൊപ്പം വേഷമിട്ടതും അഭിമാനിക്കാവുന്ന നേട്ടം തന്നെയല്ലേ? ആണെന്നാണ് എന്റെ വിശ്വാസം.
സിനിമയില്‍ ഇത്രയൊക്കെ എനിക്കു നേടാന്‍ കഴിഞ്ഞത് എങ്ങനെയാണെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചുനോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം അതിനു കാരണക്കാരനായി ഒരേയൊരു പേരാണ് മനസില്‍ ഒാടിയെത്തുന്നത്. പത്മരാജന്‍ എന്ന പപ്പേട്ടന്‍. ഒരിക്കലും മറക്കാനാവാത്ത എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍.
പപ്പേട്ടനെ പറ്റി ഒാര്‍ക്കുമ്പോള്‍ മനസ് ഇരുപത്തിനാലു വര്‍ഷം പിന്നിലേക്കു പോകുകയാണ്. ഊട്ടിയിലെ റെക്സ് സ്കൂളില്‍ അവസാന വര്‍ഷം വിദ്യാര്‍ഥിയായിരുന്ന റഷീന്‍ റഹ്മാന്‍ എന്ന ബാലനിലേക്ക്....
സ്കൂളിലെ എന്റെ അവസാന അധ്യയന ദിവസമായിരുന്നു അന്ന്. അവധിക്കാലം തുടങ്ങാന്‍ പോകുകയാണ്. കുറെ നാളുകള്‍ ഒന്നിച്ച് അടികൂടിയും കളിച്ചും ചിരിച്ചും കളിച്ചിരുന്ന ഒരുപറ്റം കൂട്ടുകാരോട് താത്കാലികമായെങ്കിലും വിട ചൊല്ലുന്ന ദിവസം. വീടുകളിലേക്കു പോകുന്നതിന്റെ ആഹ്ളാദം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, അതിനിടയിലും ഒരു നൊമ്പരം പോലെ യാത്ര പറയുന്നതിന്റെ വേദന.
ഒരു അവസാന സംഘംചേരലിനു ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. അടുത്ത കൂട്ടുകാരുമായി അന്നു വൈകിട്ട് ഞാന്‍ ഊട്ടി മുഴുവന്‍ കറങ്ങി. രാത്രി വൈകി ഒരു സിനിമ കൂടി കണ്ടാണ് ഞങ്ങള്‍ തിരിച്ചുമുറിയിലെത്തിയത്.
ഊട്ടിയിലെ സ്കൂളില്‍ ഫുട്ബോള്‍ ടീമിന്റെ നായകനായിരുന്നു ഞാന്‍. ദീര്‍ഘദൂര ഒാട്ടമല്‍സരങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നു. അറിയപ്പെടുന്ന ഒരു സ്പോര്‍ട്സ് താരമാകുന്നതായി ഞാന്‍ സങ്കല്‍പിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, ഒരു സിനിമാതാരമാകുന്നത് എന്റെ രാത്രി സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു; അന്ന് ആ ദിവസം വരെ.
പിറ്റേന്ന് പുലര്‍ച്ചെ ഞാന്‍ ഉറക്കമുണര്‍ന്നത് ഒരു സിനിമാസ്വപ്നവുമായായിരുന്നു. പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നാണല്ലോ. അന്ന് ഞാന്‍ കണ്ട സ്വപ്നം ഇതായിരുന്നു: ഒരു ഹോളിവുഡ് സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നു. ഒരു മദാമ്മ നടിയുമായി കൈയില്‍ ഒരു മെഷീന്‍ ഗണ്ണും പിടിച്ച് ഞാന്‍. എനിക്കു നിര്‍ദേശങ്ങള്‍ തരുന്ന സംവിധായകന്‍. തലേന്നു രാത്രി കണ്ട ഇംഗ്ലീഷ് സിനിമ മനസില്‍ കിടന്നതാവണം. അല്ലെങ്കില്‍ അങ്ങനെയാരു സ്വപ്നം കാണേണ്ട കാര്യമില്ല.
രാവിലെ തന്നെ കൂട്ടുകാരോടു ഞാന്‍ എന്റെ ഹോളിവുഡ് സിനിമാഅഭിനയം വിവരിച്ചു. പതിവു പോലെ അവര്‍ എന്നെ സംഘം ചേര്‍ന്നു ആക്രമിച്ചു. പൊട്ടിച്ചിരി, അട്ടഹാസം. വീട്ടിലേക്ക് പോകാന്‍ തിരക്കിട്ട് ഒരുങ്ങുകയായിരുന്നു എല്ലാവരും.
ഷേവ് ചെയ്യാന്‍ ക്രീം മുഖത്തു പുരട്ടി നില്‍ക്കുമ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പെരേര മുറിയിലേക്ക് വന്നു. റഷീന്‍, വേഗം താഴേക്കു വാ...ഒരാള്‍ നിന്നെ കാത്തുനില്‍ക്കുന്നു.
ഇളയപ്പയാണെന്നാണ് ഞാന്‍ കരുതിയത്. ഷേവ് ചെയ്തിട്ടു വരാമെന്നു പറഞ്ഞിട്ട് പെരേര സമ്മതിച്ചില്ല. ''ഇന്നലെ രാത്രിയും അവര്‍ നിന്നെ തേടിയെത്തിയിരുന്നു. മുഖം കഴുകി വേഗം വരിക.'' എന്റെ കൈയ്ക്കു പിടിച്ചു വലിച്ച് പെരേര താഴേക്കു കൊണ്ടുപോയി.
വിസിറ്റേഴ്സ് റൂമില്‍ പരിചയമില്ലാത്ത ചില മുഖങ്ങള്‍.
'കൂടെവിടെ'യുടെ നിര്‍മാതാക്കളിലൊരാളായ രാജന്‍ ജോസഫായിരുന്നു അതിലൊരാള്‍. ആ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ ക്ഷണവുമായാണ് അവര്‍ വന്നത്. എന്റെ ഷേവ് ചെയ്യാത്ത മുഖം കണ്ടപ്പോള്‍ അവര്‍ക്കിഷ്ടമായി. സംവിധായകന്‍ പത്മരാജനെ പോയി കാണാന്‍ പറഞ്ഞു.
എന്നെ ഒരു നടനാക്കിയ, എനിക്കു അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന എന്റെ ഗുരുനാഥനെ അങ്ങനെ ഞാന്‍ ആദ്യമായി കണ്ടു. പപ്പേട്ടന്‍ എന്ന പത്മരാജന്‍.
മഹാഭാരതത്തില്‍ ഏകലവ്യന്‍ എന്നൊരു കഥാപാത്രമില്ലേ? അതുപോലെയായിരുന്നു ഞാന്‍. എന്റെ ഗുരുക്കന്‍മാര്‍ പലരുണ്ട്. അവര്‍ക്കാര്‍ക്കും അവരുടെ ശിഷ്യനായിരുന്നു ഞാനെന്ന് അറിയില്ല. പക്ഷേ, പപ്പേട്ടന്‍ അങ്ങനെയല്ല. അദ്ദേഹം എല്ലാ അര്‍ഥത്തിലും എന്റെ ഗുരുനാഥനായിരുന്നു.
കൂടെവിടെ ഷൂട്ടിങ് അപ്പോഴേക്കും തുടങ്ങിയിരുന്നു. രവി പുത്തൂരാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറ്റൊരു പയ്യനായിരുന്നു. അയാളുടെ സ്കൂളിലെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്.
സെറ്റിലിരിക്കുന്ന പപ്പേട്ടന്റെ അടുത്തേക്ക് ഞാന്‍ ചെന്നു.
''ഞാന്‍ റഷീന്‍..''
പപ്പേട്ടന്‍ എന്നെ അടിമുടിയൊന്നു നോക്കി.

(തുടരും)

4 comments:

  1. പപ്പേട്ടനെ പറ്റി ഒാര്‍ക്കുമ്പോള്‍ മനസ് ഇരുപത്തിനാലു വര്‍ഷം പിന്നിലേക്കു പോകുകയാണ്. ഊട്ടിയിലെ റെക്സ് സ്കൂളില്‍ അവസാന വര്‍ഷം വിദ്യാര്‍ഥിയായിരുന്ന റഷീന്‍ റഹ്മാന്‍ എന്ന ബാലനിലേക്ക്....

    ReplyDelete
  2. റഹ്മാന്റെ അനുഭവക്കുറിപ്പുകള്‍ വായിക്കുക.

    ReplyDelete
  3. കൊള്ളാം. ബാക്കികൂടി എഴുതുക.
    -സുല്‍

    ReplyDelete
  4. റഹ്‌മാന്റെ എന്നത്തേയും ഒരു ഫാന്‍ ആണു ഞാന്‍. കൂടെവിടെ മുതലുള്ള എല്ലാ മിക്ക ചിത്രങ്ങളും കണ്ടും, റഹ്‌മാന്റെ ചിത്രങ്ങള്‍ മുറിയിലും ബുക്കിലും ഒട്ടിച്ചും, ഒരു മധുരക്കിനാവിന്റെ ലഹരിയില്‍ കഴിഞ്ഞ കാലം പെട്ടെന്നോര്‍ത്തുപോയി..ഒരിക്കല്‍പോലും കാണാനോ, അറിയാനോ കഴിയില്ലെന്നറിഞ്ഞിട്ടും, ഇന്നും അറിയാതെ ഞാന്‍ റഹ്‌മാനെ ആരാധിക്കുന്നു....

    ReplyDelete

Related Posts Plugin for WordPress, Blogger...